കൊച്ചി: കോലഞ്ചേരി പള്ളിയുടെ ഭരണതര്ക്ക സംബന്ധിച്ച് യാക്കോബായ -ഓര്‍ത്തഡോക്സ് സഭാവിഭാഗങ്ങള്‍ ബാവാമാരുടെ നേതൃത്വത്തില്‍ തെരുവില്‍ ഏറ്റുമുട്ടുന്നത് കേരളത്തിലെ ക്രൈസ്തവര്‍ക്ക് മാത്രമല്ല മുഴുവന്‍ ജനങ്ങള്‍ക്കും അപമാനകരമാണെന്നും ഈ പരിഹാസ്യനാടകത്തിന് ഉടനെ വിരാമമിടണമെന്നും കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. അദ്ധ്യാത്മികമാ ധാര്‍മികമോ ആയ യാതൊരു വിഷയങ്ങളും ഈ തര്‍ക്കത്തില്‍ ഉത്ഭവിച്ചിട്ടില്ല. സ്വത്തും അധികാരവും മാത്രമാണ് തര്‍ക്കവിഷയം. ക്രിസ്തുവിനെ ആരാധിക്കുകയും അദ്ദേഹത്തിന്റെ പഠനങ്ങളെ പിന്തുടരുകയും ചെയ്യുന്ന ഇരുവിഭാഗങ്ങള്‍ക്കും ഓരേ പള്ളിയില്‍ തങ്ങളുടെ ആദ്ധ്യാത്മികകര്മങ്ങള് അനുഷ്ഠിക്കാന്‍ കഴിയേണ്ടതാണ്. അതിനുള്ള സന്മനോഭാവവും വിട്ടുവീഴ്ചാമനസ്ഥിതിയും പ്രകടിപ്പിക്കാനുള്ള പക്വത ഇരുവിഭാഗവും കാണിക്കേണ്ടതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പൊതുവേദികളില്‍ മതസൗഹാര്‍ദ്ദത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്ന സഭാമേലദ്ധ്യക്ഷന്മാര്‍ക്ക് സഭകള്‍ക്കുള്ളിലും സഭകള്‍ തമ്മിലും സൗഹാര്‍ദ്ദവും സമവായവും സൃഷ്ടിക്കാന്‍ കഴിയുന്നില്ലെന്നുള്ളത് ഖേദകരമാണ്. മുസ്ലീങ്ങളുടെ ആദ്ധ്യാത്മികനേതാവായ പാണക്കാട് ഹൈദരലി ശിഹ്ബ്തങ്ങള് മദ്ധ്യസ്ഥതക്ക് മുന്നിട്ടിറങ്ങിയിട്ടുപോലും സ്ഥാനത്തും അസ്ഥാനത്തും, വേണ്ടതിനും വേണ്ടാത്തതിനും ഇടയലേഖനങ്ങളുമായി ചാടിപ്പുറപ്പെടുന്ന ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര് പോരടിക്കുന്ന സഭാവിഭാഗങ്ങള്‍ തമ്മില്‍ ധാരണയിലെത്തിക്കാനുള്ള അനുരഞ്ജനശ്രമങ്ങളുമായി മുന്നോട്ടുവരാത്തത് അത്ഭുതകരമായിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ വാണിജ്യതാല്പര്യങ്ങള് സംരക്ഷിക്കാന്‍ രൂപീകൃതമായിരിക്കുന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് ഈ തര്‍ക്കം പരിഹരിക്കാനുള്ള മധ്യസ്ഥശ്രമത്തില്‍ തങ്ങളുടേതായ യാതൊരു പങ്കും വഹിക്കുവാനില്ലേ എന്നു ചോദിക്കേണ്ടിയിരിക്കുന്നു.
സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ബാവാമാര്‍ ഇനിയെങ്കിലും വിട്ടുവീഴ്ചാമനോഭാവത്തോടെ അനുരഞ്ജനത്തിന്റെ പാതയിലേക്കുവന്ന് ഈ തെരുവുനാടകം അവസാനിപ്പിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ലാലന് തരകന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് ജോസഫ് വെളിവില്‍, ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശ്ശേരി, മുന്‍ ജനറല്‍ സെക്രട്ടറി ഫെലിക്സ് ജെ.പുല്ലൂടന്‍, വൈസ്പ്രസിഡന്റുമാരായ ആന്റോ കോക്കാട്ട്, അഡ്വ.വര്‍ഗീസ് പറമ്പില്‍, മാത്യു തകടിയേല്‍, ജോര്‍ജ് ജോസഫ്, സെക്രട്ടറിമാരായ വി.കെ.ജോയ്, റെന്‍സന്‍ മാര്‍ക്കോസ്, ജോഷി ആന്റണി, ട്രഷറര്‍ ജോര്‍ജ് മൂലേച്ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: