കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മഴ മാറിയതിനാല്‍ രണ്ടുദിവസത്തിനകം കുഴിയടക്കല്‍ ആരംഭിക്കാനാകുമെന്നും നവംബര്‍ 30നകം ഇതു പൂര്‍ത്തിയാക്കുമെന്നു മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയുള്പ്പടെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പൊതുമരാമത്ത് വകുപ്പിലെ ഉന്നതഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡുകളുടെ കാര്യമായ അറ്റകുറ്റപ്പണികള്‍ 2012 ജനുവരി 31 നകം തീര്‍ക്കണമെന്ന് തീരുമാനിച്ചതായും ഇതിനായി ഒരു മാര്‍ഗരേഖ ഇന്നലെ ചേര്‍ന്ന യോഗം അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. ഇത് എല്ലാ പിഡബ്യുഡി എന്‍ജിനീയര്‍മാര്‍ക്കും സര്‍ക്കുലറായി അയച്ചു കൊടുക്കും. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സംസ്ഥാന ബജറ്റില്‍ അനുവദിച്ചിട്ടുള്ള 470 കോടിരൂപ മതിയാകാതെ വന്ന സാഹചര്യത്തില്‍ 314 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 8570 കിലോമീറ്റര്‍ റോഡുകള്‍ തൃതലപഞ്ചായത്തുകളില്‍ നിന്ന് ഏറ്റെടുത്ത് അറ്റകുറ്റപ്പണി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അഞ്ചു കോര്‍പറേഷനുകളിലെ പ്രധാന റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് നേരിട്ട് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് 157 കോടി രൂപ മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്.തിരുവനന്തപുരം 42.48 കോടി, കൊല്ലം 9.44 കോടി, കൊച്ചി 31.54 കോടി,തൃശൂര്‍ 35.01 കോടി, കോഴിക്കോട് 40.00 കോടി എന്നിങ്ങനെയാണ് കോര്‍പറേഷനുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ദേശീയ പാതകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 20 കോടി രൂപ അധികമായും അനുവദിച്ചിട്ടുണ്ട്.ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി രണ്ടു ഘട്ടമായാണ് നടത്തുകയെന്നും അറ്റകുറ്റപ്പണികള്‍ക്കു മാത്രമായി 63.6 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മണ്ഡലകാലത്തിനു മുമ്പായി പണികള്‍ തീര്‍ക്കും. വലിയ അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള റോഡുകള്‍ക്കായി 58.29 കോടി രൂപ വേറെ അനുവദിച്ചിട്ടുണ്ട്. കരാറെടുത്തവര്‍ അഞ്ചു വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ കൂടി ചെയ്യണമെന്ന വ്യവസ്ഥ ഇതിന് നടപ്പാക്കും. ശബരിമല സീസണ് കഴിഞ്ഞാലുടനെ ഈ പണികള്‍ ആരംഭിക്കും. ശബരിമലയില്‍ മൂന്നു റോഡുകളും ഒരു പാലവും ഏറ്റെടുത്ത് പണി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ദേശീയപാത 47 ലെ തിരുവനന്തപുരം ബൈപാസ് ദേശീയപാത 17 ലെ കോഴിക്കോട് ബൈപാസ്, എന്നിവ നാലുവരിയായി ബിഒടി അടിസ്ഥാനത്തില്‍ പണി തീര്‍ക്കും.പണികള്‍ അടിയന്തിരമായി തീര്‍ക്കേണ്ടതിന് മന്ത്രി മുതല്‍ താഴെതട്ടുവരെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് സെക്ഷന്‍ തലത്തില്‍ ദിവസേന റോഡുകളുടെ പരിശോധന നടത്തും. എസ്റ്റിമേറ്റുകള്‍ തയ്യാറാക്കിയിട്ടില്ലാത്തവ മൂന്നുദിവസത്തിനുള്ളില്‍ തയ്യാറാക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: