Categories: India

ആര്‍ക്കോണം ട്രെയിന്‍ ദുരന്തത്തിന്‌ കാരണം ലോക്കോ പെയിലറ്റിന്റെ മൊബെയില്‍ സംഭാഷണം

Published by

ചെന്നൈ: മൊബെയിലില്‍ സംസാരിച്ചുകൊണ്ട്‌ അശ്രദ്ധമായി ട്രെയിനോടിച്ച ലോക്കോ പെയിലറ്റിന്റെ നടപടിയാണ്‌ ആര്‍ക്കോണം ട്രെയിനകപടത്തിന്‌ വഴിവെച്ചതെന്ന്‌ റിപ്പോര്‍ട്ട്‌. ട്രെയിന്‍ അപകടം നടക്കുന്നതിന്‌ നിമിഷങ്ങള്‍ക്ക്‌ മുന്‍പുവരെ ലോക്കോ പെയിലറ്റ്‌ എച്ച്‌. രാജ്കുമാര്‍ മൊബെയില്‍ സംഭാഷണം നടത്തിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. അമിതവേഗതയും ലോക്കോ പെയിലറ്റിന്റെ അശ്രദ്ധയുമാണ്‌ അപകടത്തിന്‌ വഴിവെച്ചതെന്ന്‌ സൂചനകള്‍ നിലനില്‍ക്കവേയാണ്‌ ഇതുസംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്‌.

മൊബെയില്‍ സംഭാഷണത്തില്‍ വ്യാപൃതനായിരുന്നതിനാല്‍ രാജ്കുമാര്‍ സിഗ്നല്‍ ചുവപ്പായത്‌ ശ്രദ്ധിച്ചില്ലായിരിക്കാം. ഇതാവാം അപകടത്തിന്‌ കാരണമായതെന്നും മുതിര്‍ന്ന ന്യൂറോളജിസ്റ്റ്‌ ഡോ. ദൈവിഗന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചുള്ള ലോക്കോ പെയിലറ്റിന്റെ മൊഴി പരിശോധിച്ചതിനുശേഷമേ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകൂവെന്ന്‌ റെയില്‍വേ പോലീസ്‌ ഡെപ്യൂട്ടി സൂപ്രണ്ട്‌ പി. പൊന്നരശന്‍ അറിയിച്ചു. ലോക്കോ പെയിലറ്റുകള്‍ക്ക്‌ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്‌ നിയന്ത്രണങ്ങളുണ്ടെന്നും രാജ്കുമാര്‍ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടികളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലോക്കോ പെയിലറ്റ്‌ അപകടത്തിന്‌ തൊട്ടുമുന്‍പ്‌ മൊബെയില്‍ ഉപയോഗിച്ചെന്ന റിപ്പോര്‍ട്ട്‌ സ്ഥിരീകരിക്കാന്‍ റെയില്‍വേ പോലീസ്‌ ഇന്‍സ്പെക്ടര്‍ ജനറല്‍ സുനില്‍കുമാര്‍ വിസമ്മതിച്ചു.

എന്നാല്‍ മൊബെയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ അശ്രദ്ധമായി വാഹനമോടിക്കുന്നത്‌ അപകടത്തെ ക്ഷണിച്ചുവരുത്തുമെന്ന്‌ വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നു. മൊബെയില്‍ ഫോണില്‍ സംസാരിച്ച്‌ വാഹനമോടിക്കുന്നത്‌ മസ്തിഷ്കത്തെ ആലസ്യത്തിലാഴ്‌ത്തുമെന്ന്‌ ഡോ. ദൈവിഗന്‍ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച ചെന്നൈക്ക്‌ സമീപം ആര്‍ക്കോണത്ത്‌ നടന്ന ട്രെയിനപകടത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു. സബര്‍ബന്‍ ഇലക്ട്രിക്‌ ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനിലിടിച്ചാണ്‌ ദുരന്തമുണ്ടായത്‌. അപകടത്തില്‍ പരിക്കേറ്റ എഴുപതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by