കൊച്ചി: ജില്ലയില്‍ പടര്‍ന്ന് പിടിക്കുന്ന പകര്‍ച്ച വ്യാധി തടയുക എന്ന ലക്ഷ്യത്തോടെ 20ന് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ക്ലോറിനേഷന് ഡേ ആചരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും പ്രാദേശിക ഹെല്‍ത്ത് സെന്ററുകളിലും ക്ലോറിന്‍ പൗഡര്‍ ലഭ്യമാക്കും. പകര്‍ച്ച വ്യാധിയുമായി പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.
പകര്‍ച്ച വ്യാധി തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഹോട്ടലുകളും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. അതിനായി ജില്ലാ റൂറല്‍ ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കും. പരിശോധനാ ഫലം അതത് പഞ്ചായത്ത് പ്രസിഡന്റുമാരെ അറിയിച്ച് ലൈസന്‍സില്ലാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി 700-ലേറെ ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയതായി റൂറല്‍ ഹെല്‍ത്ത് ഓഫീസര്‍ പി.കെ.ശ്രീനിവാസ് പറഞ്ഞു. 375 ഹോട്ടലുകള്‍ക്ക് നോട്ടീസ് കൊടുത്തു.
ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അതത് പഞ്ചായത്തുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് പ്രസിഡന്റ് പറഞ്ഞു. സ്കൂള്‍ പരിസരങ്ങളിലുള്ള സിപ്പ് അപ്പ് കൂടുകളുടെ വില്പന നിരോധിക്കും. ആവശ്യ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് ലഭ്യമാക്കും. പൊതു മലമൂത്രവിസര്‍ജ്ജന കേന്ദ്രങ്ങള്‍ അടിയന്തരമായി വൃത്തിയാക്കാനും തൂരുമാനിച്ചു. കള്ള് ഷാപ്പുകളില്‍ വിതരണം ചെയ്യുന്ന കള്ളിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കും. പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തു തല ജാഗ്രതാ സമിതികളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. ജില്ലയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ അധിക സേവനം ആവശ്യപ്പെടാന്‍ ഡി.എം.ഒയെ യോഗം ചുമതലപ്പെടുത്തി.
ജില്ലയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അനവധി സോഡ ഫാക്ടറിള്‍ കത്ത്യിട്ടുണ്ട്. അവ അടച്ചു പൂട്ടാനുള്ള നിര്‍ദ്ദശവും ഉടന്‍ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന മേഖലകളില്‍ മലമൂത്ര വിസര്‍ജ്ജന സൗകര്യത്തിന്റെ അപര്യാപ്തതകള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കും. ജില്ലയില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രചരണ ബാനറുകളും നോട്ടീസുകളും വിതരണം ചെയ്യും. ജില്ലാ സാനിറ്റേഷന്‍ കമ്മിറ്റികള്‍ മുഖേന വിവിധ പദ്ധതികള്‍ നടപ്പാക്കും. രോഗങ്ങള്‍ ഇതുവരെ രേഖപ്പെടുത്താത്ത പഞ്ചായത്തുകളില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ്, ഡി.എം.ഒ ആര് സുധാകരന്, അഡി: ഡി.എം.ഒ ഹസീന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ.സാജിതാ സിദ്ധീഖ്, വത്സ കൊച്ചുകുഞ്ഞ്, കെ.കെ.സോമന്, എന്‍.ആര്.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.വി.ബീന മറ്റു പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് മേദാവികള്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ കലാം ആസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: