കൊച്ചി: സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍ പള്ളിയിലെ ആരാധനയുമായി ബന്ധപ്പെട്ട് യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ സാധ്യത. തര്‍ക്കം പരിഹരിക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച അഭിഭാഷക സമിതിയും പരാജയപ്പെട്ടതോടെ തര്‍ക്കം സംബന്ധിച്ച പരിഹാരം അകലെയായതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിന് കാരണമാകുന്നത്. ബാവമാരുടെ ഒരാഴ്ചയായി തുടരുന്ന ഉപവാസം വിശ്വാസികള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. കോടതിവിധി നടപ്പാക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കാതോലിക്കേറ്റ് സെന്ററിലും പള്ളിയില്‍ ആരാധനാസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യം ഉന്നയിച്ച് യാക്കോബായസഭ പരമാധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പള്ളി ചാപ്പലിലുമാണ് ഉപവാസമനുഷ്ഠിക്കുന്നത്.
ഇതിനിടെ പ്രശ്നപരിഹാരത്തിന് മധ്യസ്ഥരാകാന്‍ മുസ്ലീംലീഗ് നേതാവ് പാണക്കാട് ഹൈദരലി തങ്ങളും മാര്‍ത്തോമാ സഭയുടെ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഉപവാസം അനുഷ്ഠിക്കുന്ന ബാവമാരുടെ ആരോഗ്യനില വഷളായതായി ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ബാവമാര്‍ നിരസിച്ചു. തര്‍ക്കം പരിഹരിക്കുന്നതില്‍ ജില്ലാ ഭരണകൂടവും കോടതി നിയോഗിച്ച അഭിഭാഷക സമിതിയും മറ്റ് മധ്യസ്ഥരും പരാജയപ്പെട്ട സ്ഥിതിക്ക് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകാനാണ് സാധ്യത. സഭാതര്‍ക്കം സംസ്ഥാനത്തെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഇരുകൂട്ടരും ശ്രമം തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഇരുസഭകളുടെ കീഴിലുള്ള പള്ളികളില്‍ ഇന്ന് പ്രതിഷേധ പരിപാടികള്‍ നടക്കും. കോലഞ്ചേരിയില്‍ ഇരുകൂട്ടരും സംഘട്ടനത്തിലേക്ക് നീങ്ങിയേക്കുമെന്ന സൂചനയെത്തുടര്‍ന്ന് പോലീസ് സംവിധാനം ശക്തമാക്കിയിട്ടുണ്ട്.
പതിറ്റാണ്ടുകളായി തുടരുന്ന സഭാതര്‍ക്കം പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെയോ മധ്യസ്ഥരുടെയോഇടപെടല് കൊണ്ട് അവസാനിപ്പിക്കാന്‍ ഇരുവിഭാഗവും തയ്യാറാകില്ല. രാഷ്ട്രീയ ഇടപെടലാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വളരെ കരുതലോടെയാണ് ഈ വിഷയം കൈകാര്യംചെയ്യുന്നത്. ഇരുസഭകളിലുംപെട്ട പ്രമുഖരാണ് സര്‍ക്കാരിനെ നയിക്കുന്നത്. അതുകൊണ്ടുതന്നെ സഭാതര്‍ക്കത്തില്‍ നേരിട്ട് ഇടപെടാതെ കോടതിയില്‍ പ്രശ്നം പരിഹരിക്കട്ടേ എന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഒരേ വിശ്വാസത്തില്‍ ഉള്‍പ്പെട്ടവര്‍ പള്ളിയുടെയും സഭയുടെയും പേരില്‍ കലഹിക്കുന്നതില്‍ ഇരുവിഭാഗങ്ങളിലെയും വിശ്വാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.
ഇതിനിടെ ആരാധന സംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച അഭിഭാഷകസമിതി മധ്യസ്ഥശ്രമം പരാജയപ്പെട്ടതായി ഹൈക്കോടതിക്ക് ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതേസമയംനിലവിലുള്ള സ്ഥിതി തുടരണമെന്ന് ഇരുകൂട്ടരെയും അറിയിച്ചതായി സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കെ.എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: