അഹമ്മദാബാദ്: സമാധാനത്തിനും സമുദായ സൗഹാര്‍ദ്ദത്തിനുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ മൂന്നു ദിവസത്തെ ഉപവാസത്തിന് തുടക്കമായി. താന്‍ നടത്തുന്ന സദ്ഭാവനാ ഉപവാസ സമരത്തിന്റെ വിജയം രാജ്യത്തെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുമെന്ന് നരേന്ദ്ര മോഡി പറഞ്ഞു.
ഗുജറാത്ത് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ഉപവാസത്തില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുക്താര്‍ അബാസ് നഖ്വി, ഷാനവാസ് ഹുസൈന്, സ്മൃതി ഇറാനി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേംകുമാര്‍ ദുമൈ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
താന്‍ നടത്തുന്ന സമരം ഏതെങ്കിലും പ്രത്യേക വ്യക്തിക്കെതിരായല്ലെന്നും സമരപ്പന്തലില്‍ അനുയായികളെ അഭിവാദ്യം ചെയ്യവെ മോഡി പറഞ്ഞു. വികസനമാണ് നമ്മുടെ ലക്ഷ്യം. സമാധാനത്തിലൂടെയും, ഐക്യത്തിലൂടെയും, സാഹോദര്യത്തിലൂടെയും വികസനം സാദ്ധ്യമാക്കുന്നത് എങ്ങനെയെന്ന് ലോകത്തിന് കാണിച്ചു കൊടുക്കണം. അതിനായി ഈ സമരത്തിന്റെ ഓരോതരി ആവേശവും ഒട്ടും ചോരാതെ നമ്മുടെ ഗ്രാമങ്ങളില്‍ എത്തിക്കണം.
കഴിഞ്ഞ 10 വര്‍ഷമായി ഗുജറാത്തിലെ ജനങ്ങള്‍ അധിക്ഷേപം കേള്‍ക്കുന്നു. ജനങ്ങള്‍ക്ക് വേദനിക്കാതിരുന്നതിനായി ആ ആക്രമണങ്ങളെയും, അധിക്ഷേപങ്ങളെയും താന്‍ നേരിട്ടുവെന്നും മോഡി പറഞ്ഞു. മാനുഷിക മൂല്യങ്ങളില്‍ നിന്ന് ഗുജറാത്ത് ഇനി ഒരിക്കലും താഴേക്ക് പോകില്ലെന്ന ഉറപ്പുവരുത്തേണ്ടത് മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ ബാദ്ധ്യതയാണെന്നും മോഡി പറഞ്ഞു. സാമുദായിക സൗഹാര്‍ദ്ദത്തിന് ഗുജറാത്ത് രാജ്യത്തിനാകെ മാതൃകയാണ്.
ഇന്ത്യന്‍ ഭരണഘടനയാണ് പ്രധാനമെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തെ ഓരോരുത്തരുടെയും ദു:ഖവും തന്റെ ദു:ഖമാണെന്നും നീതി നടപ്പാക്കുക എന്നത് സംസ്ഥാനത്തിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. മതഭ്രാന്തും ജാതീയതയും ഒരാള്‍ക്കും ഗുണം ചെയ്യില്ലെന്ന് വ്യക്തമാക്കിയ മോഡി കഴിഞ്ഞ പത്തുവര്‍ഷമായി തന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരോടുള്ള നന്ദിയും മോഡി അറിയിച്ചു.
ലോകത്ത് ആരോടും പകയോ വിദ്വേഷമോ തോന്നാതിരിക്കുന്നതിന് ദൈവം ശക്തി നല്കട്ടെയെന്ന് പറഞ്ഞാണ് മോഡി പ്രസംഗം അവസാനിപ്പിച്ചത്. മോഡിയ്ക്കെതിരെ ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ സിംഗ് വഗേലയും അര്ജുന് മൊധ്വാഡിയയും സബര്‍മതി ആശ്രമത്തിന്റെ തൊട്ടുമുന്നിലുള്ള നടപ്പാതയില്‍ ഉപവാസം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: