കണ്ണൂര്‍: പാനൂരില്‍ ബോംബ് പൊട്ടിയുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കുപറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പെരിങ്ങത്തൂര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ അജ്നാന്‍, സിനാന് എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. മദ്രസയില്‍ നിന്നും മടങ്ങുകയായിരുന്നു ഇവര്‍.
വൈദ്യര്‍പീടികയില്‍ ശനിയാഴ്ച കാലത്ത് തിരുവാള്‍ ദാരുല്‍ ഹുദാ മദ്രസയ്ക്ക് സമീപമായിരുന്നു സ്ഫോടനം. കാലത്ത് എട്ട് മണിക്ക് മദ്രസയിലേയ്ക്ക് പോകുമ്പോള്‍ ഓട്ടോറിക്ഷയില്‍ വന്നവരാണ് ബോംബെറിഞ്ഞതെന്ന് പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. വഴിയരികില്‍ കിടന്ന ബോംബില്‍ അബദ്ധത്തില്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് സ്ഫോടനമുണ്ടായതെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്.
പരിക്കേറ്റ വിദാര്‍ഥികളെ പാനൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി ഇന്ന് പാനൂര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സ്ഫോടനം. ഇന്നലെ രാത്രി ഒമ്പത് മണിയോടെ എസ്.ഡി.പി. ഐ പ്രവര്ത്തകന് എലാങ്കോട്ടെ തയ്യുള്ളതില്‍ സമീറിന്റെ വീടിനു നേരെയും ബോംബേറുണ്ടായിരുന്നു. ഇതിനിടെ മൊകേരി മുത്താറിപ്പീടികയില്‍ സ്ഥാപിച്ച മുഖമന്ത്രിയുടെ സ്വാഗത കമാനം പുലര്‍ച്ചെയോടെ അജ്ഞാത സംഘം തീവച്ച് നശിപ്പിച്ചു.
സംഭവസ്ഥലത്ത് ഡിവൈ. എസ്.പി എ.പി. ഷൗക്കത്തലി, സി. ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: