ന്യൂദല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസമ്പത്തിന്റെ കാര്യത്തില്‍ വിശ്വാസങ്ങളെ മാനിച്ചു കൊണ്ടു മാത്രമായിരിക്കും തീരുമാനമെടുക്കുക എന്ന് സുപ്രീംകോടതി. ധനശേഖരം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അപ്രായോഗികമായ അന്ധവിശ്വാസങ്ങളെ പ്രോല്‍സാഹിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അന്ധവിശ്വാസങ്ങളും സുരക്ഷയും ഒന്നിച്ചു പോകില്ല. ക്ഷേത്ര സുരക്ഷയ്ക്കായി വിട്ടുവീഴ്ച ചെയ്യാന്‍ എല്ലാവരും തയാറാകണം. സമവായത്തിലെത്തിയേ മതിയാകൂവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നു കോടതി വ്യക്തമാക്കി. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ സമ്പത്തിന്റെ കണക്കെടുപ്പു സംബന്ധിച്ചു വിദഗ്ധ സമിതി നല്കിയ ഇടക്കാല റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിധി പ്രഖ്യാപിക്കുന്നതു ബുധനാഴ്ചത്തേക്കു മാറ്റി.
ബി നിലവറ തുറക്കാതെ എങ്ങനെ ആവശ്യമായ സംരക്ഷണം നല്കാന് കഴിയുമെന്നു കോടതി രാജകുടുംബത്തോടു ചോദിച്ചു. അത്യാര്‍ത്തിക്കാര്‍ക്കു വിശ്വാസമുണ്ടാകില്ല. അതുകൊണ്ടു തന്നെ സ്വത്തുക്കള്‍ക്കു വല്ലതും സംഭവിച്ചാല്‍ രാജകുടുംബം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നും കോടതി ചോദിച്ചു.ജസ്റ്റിസ്മാരായ ആര്. വി. രവീന്ദ്രന്, എ. കെ. പട്നായിക് എന്നിവരാണു കേസ് പരിഗണിക്കുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ തീരുമാനിക്കാന്‍ ബി നിലവറ തുറക്കുക, സംരക്ഷണത്തിനു സിആര്‍പിഎഫിനെ നിയോഗിക്കുക, പരിശോധനകള്‍ക്കും മൂല്യനിര്‍ണയത്തിനും വിവിധ ഏജന്‍സികളുടെ സഹായം തേടുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ദേശീയ മ്യൂസിയം ഡയറക്ടര്‍ സി. വി. ആനന്ദബോസിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്.
ക്ഷേത്രസുരക്ഷയ്ക്കായി പൊലീസ് തയാറാക്കിയ പഞ്ചതല പദ്ധതി കേരള സര്‍ക്കാര്‍ കോടതിക്കുസമര്പ്പിച്ചിരുന്നു. ഈ പദ്ധതി രണ്ടുമാസത്തിനുള്ളില്‍ പൂര്‍ണമായി നിലവില്‍വരും.സുരക്ഷാ ഉപകരണങ്ങള്‍ക്കു മാത്രം അഞ്ചുകോടി രൂപയാണ് ചെലവു കണക്കാക്കുന്നത്. ക്ഷേത്രസുരക്ഷയ്ക്ക് അന്താരാഷ്ട്രനിലവാരമുള്ള സുരക്ഷ സംസ്ഥാനസര്‍ക്കാര്‍ തന്നെ ഏര്‍പ്പെടുത്താമെന്നാണ് സംസ്ഥാനപോലീസ് അറിയിച്ചിരിക്കുന്നത്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത് സംരക്ഷിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ദേശീയ മ്യൂസിയം അന്താരാഷ്ട്രശില്‍പശാല നടത്തി. വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ അമൂല്യ നിധിശേഖരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ക്രിയാത്മക മാര്‍ഗങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ രൂപമാക്കാനാണ് ശില്പശാലയില് ഉയര്‍ന്നുവന്ന തീരുമാനം. പത്മനാഭസ്വാമിക്ഷേത്ര സമ്പത്ത് സംരക്ഷണം വര്‍ഷങ്ങള്‍ നീളുന്ന പരിപാടിയായി കൊണ്ടുനടക്കാനാണ് ദേശീയ മ്യൂസിയത്തിന്റെയും ഇതുമായി ബന്ധപ്പെട്ടവരുടെയും നീക്കമെന്ന് വ്യക്തമാക്കുന്നതായിരുന്നു ശില്പശാല.
ഓക്സിജന്‍ ഒഴിവാക്കിയുള്ള വാക്വം സംവിധാനം, ഹീലിയം, ആര്‍ഗണ്‍ പോലുള്ള വാതകങ്ങള്‍ ഉപയോഗിച്ചുള്ള സംവിധാനം എന്നിവയില്‍ നിധിശേഖരം സൂക്ഷിക്കുന്നതാണ് ഉത്തമമെന്നു ശില്പശാലയില് നിര്‍ദേശമുയര്‍ന്നു. നിര്‍ദേശങ്ങള്‍ പരിശോധിച്ച് ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഒരു വര്‍ഷത്തിനുള്ളില്‍ തയാറാക്കും.ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി സംരക്ഷണത്തിനായി സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ കമ്മിറ്റിക്കു റിപ്പോര്‍ട്ട് കൈമാറും. നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റിയൂട്ട് വൈസ് ചാന്‍സലര്‍ സി.വി. ആനന്ദബോസിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ ഭാവി നടപടികളില്‍ ശില്പശാലയിലെ നിര്‍ദേശങ്ങള്‍ നിര്‍ണായകമാകും.വാക്വം സംവിധാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫലപ്രദമല്ലെന്ന വാദമുണ്ട്. എന്നാല്‍ ഹീലിയം, ആര്‍ഗണ്‍ വാതകസുരക്ഷാ വലയം ഒരുക്കുന്നതിനു പണച്ചെലവേറെയാണെന്ന ആക്ഷേപവുമുണ്ട്.
ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഫലപ്രദമായ സുരക്ഷാമാര്ഗമാകും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലുള്‍പ്പെടെ സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: