ന്യൂദല്‍ഹി: പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് വീണ്ടും ഉയര്‍ത്തി. കാല് ശതമാനം വീതമാണ് വര്‍ധന.
റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പുതിയ മധ്യപാദ പണ-വായ്പാ നയമനുസരിച്ച് റിപ്പോ നിരക്ക് 8.25 ശതമാനവും റിവേഴ്സ് റിപ്പോ 7.25 ശതമാനവുമായി. 2010 മാര്‍ച്ചിനുശേഷം ഇത് 12-ാം തവണയാണ് റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് കൂട്ടുന്നത്. ഇതോടെ വരും ദിനങ്ങളില്‍ വിവിധ ബാങ്കുവായ്പകളുടെ പലിശനിരക്ക് കൂടും. 2008 നവംബറിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ റിപ്പോ നിരക്ക്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലാണ് റിവേഴ്സ് റിപ്പോ. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് നല്കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്. കരുതല്‍ പണ അനുപാതവും (സിആര്‍ആര്‍) ബാങ്ക് നിരക്കും ആറ് ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്.
റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയതോടെ ജനങ്ങളുടെ വായ്പാഭാരം കൂടും. ഭവന, വാഹന വായ്പകള്‍, വ്യക്തിഗത വായ്പ തുടങ്ങി എല്ലാ വായ്പകളുടെലും പലിശ നിരക്കുകള്‍ ബാങ്കുകള്‍ ഉടന്‍ കൂട്ടും. പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താനാണ് വായ്പാനിരക്ക് ഇടക്കിടെ കൂട്ടുന്നതെന്ന് റിസര്‍വ് ബാങ്ക് അവകാശപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ 9.2 ശതമാനമായിരുന്ന നാണയപ്പെരുപ്പ നിരക്ക് കഴിഞ്ഞ മാസം 9.8 ശതമാനത്തിലെത്തി. ആഗോള സാമ്പത്തിക നില അപകടകരമായ സ്ഥിതിയിലാണെന്ന് ഗവര്‍ണര്‍ ഡി. സുബ്ബറാവു പുറത്തിറക്കിയ വായ്പാനയത്തില്‍ പറയുന്നു. ആഗോള ആവശ്യം കുറയുന്ന സാഹചര്യത്തില്‍ കയറ്റുമതിയിലെ വളര്‍ച്ച നിലനിര്‍ത്താന്‍ കഴിയില്ലെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: