ന്യൂദല്‍ഹി: വോട്ടിന് നോട്ട് കേസില്‍ അറസ്റ്റിലായ സമാജ്വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ അമര്‍സിംഗ് രഹസ്യങ്ങളുടെ കെട്ടഴിച്ചാല് പല ഉന്നതരും കുടുങ്ങുമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്ത എംപിയും ചലച്ചിത്രതാരവുമായ ജയപ്രദ മുന്നറിയിപ്പ് നല്കി. ന്യൂദല്‍ഹിയിലെ തീഷസാരി കോടതി സിംഗിന് അഞ്ചുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് ജയപ്രദ ഇക്കാര്യം വെളിപ്പെടുത്തിയത്.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന അമര്‍സിംഗ് അനുയായികളോട് ശാന്തരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കഠിന പരീക്ഷണങ്ങള്‍ക്കിടയിലും അദ്ദേഹം രഹസ്യങ്ങള്‍ വിട്ടു പറയാന്‍ തയ്യാറായിട്ടില്ലെന്നും അവര്‍ അറിയിച്ചു. അമര്‍സിംഗിന്റെ മോശം ആരോഗ്യസ്ഥിതിയെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും നിരന്തരം അവഗണിക്കുകയാണെന്നും ഇക്കാര്യത്തില്‍ തനിക്ക് അമര്‍ഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യസ്ഥിതി ഭേദമായാല്‍ അദ്ദേഹം പല ഞെട്ടിപ്പിക്കുന്ന വിവരങ്ങളും പുറത്തുവിടും, പല മാന്യന്മാരുടെയും മുഖംമൂടികള്‍ അപ്പോള്‍ അഴിഞ്ഞുവീഴുകയും ചെയ്യും, താക്കീതിന്റെ സ്വരത്തിലാണ് ജയപ്രദ മാധ്യമങ്ങളോട് സംസാരിച്ചത്. അമര്‍സിംഗ് സഹായിച്ചിട്ടുള്ള സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പലരും അദ്ദേഹത്തിന് കഷ്ടകാലം വന്നപ്പോള്‍ സമര്‍ത്ഥമായി ഒഴിഞ്ഞുമാറിയെന്നും അവര്‍ കുറ്റപ്പെടുത്തി.
2008 ലെ വോട്ടിന് നോട്ട് കേസില്‍ അറസ്റ്റിലായ സിംഗിന് ആരോഗ്യപരമായ കാരണങ്ങളാലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അദ്ദേഹം ദല്‍ഹി വിട്ടുപോകരുതെന്നും രണ്ട് ലക്ഷം രൂപ വ്യക്തിഗത ബോണ്ട് കെട്ടിവെക്കണമെന്നും ആവശ്യപ്പെട്ട കോടതി പാസ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധ ചികിത്സക്കായി സിംഗപ്പൂര്‍ക്ക് പോകണമെന്നുള്ള സിംഗിന്റെ വാദം കോടതി അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: