ന്യൂദല്‍ഹി: അഴിമതിവിരുദ്ധ നീക്കങ്ങളുമായിസഹകരിക്കുമെന്നും ജന്‍ലോക്പാല്‍ ബില്ലിന് പിന്തുണ പ്രഖ്യാപിക്കുമെന്നും കരുതിയിരുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് തങ്ങളെ നിരാശപ്പെടുത്തുന്നതായി അണ്ണാ ഹസാരെ ടീമിന് അനുഭവപ്പെട്ടുവെന്ന് കിരണ്‍ ബേദി പ്രസ്താവിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവിന് തങ്ങളില്‍ വിശ്വാസമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന് സംഘടിപ്പിച്ച ഒരു ചര്‍ച്ചയിലാണ് അവര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാഹുലിന്റെ നിസ്സഹകരണം സിവില്‍ സൊസൈറ്റി അംഗങ്ങളെ അത്ഭുതപ്പെടുത്തിയതായും അവര്‍ അറിയിച്ചു.
ഹസാരെയുടെ നിരാഹാര സമരത്തെ വിമര്‍ശിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഒരു ശക്തമായ ലോക്പാല്‍ ബില്‍ മാത്രമല്ല അതിനെ തെരഞ്ഞെടുപ്പ് കമ്മീഷന് സമാനമായ ഒരു ഭരണഘടനാ സ്ഥാപനമാക്കുകയാണ് ആവശ്യമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പാര്‍ലമെന്റില്‍ നീതിന്യായ വകുപ്പിന്റെ പ്രവര്‍ത്തനത്തിനായി ഒരു ജുഡീഷ്യല്‍ ബില്‍ കൊണ്ടുവരുമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ നീതിന്യായ വകുപ്പിനെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം അണ്ണാ ഹസാരെ ടീം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ ഇക്കാര്യം ആവശ്യപ്പെടുകയാണെന്ന് കിരണ്‍ബേദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: