തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനക്കെതിരേ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. തിരുവനന്തപുരം ജി.പി ഓഫിസ് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഓഫിസിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
തിരുവനന്തപുരം ജനറല്‍ പോസ്റ്റ് ഓഫിസ്, നിയമസഭ മന്ദിരം എന്നിവിടങ്ങളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജി.പി.ഒയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശുകയും, ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിനിക്കിരയാക്കി.
പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ജി.പി.ഒയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് ബാരിക്കേഡ് തകര്‍ത്ത് അകത്തു കടന്ന പ്രവര്‍ത്തകര്‍ ഓഫീസിലെ ജനല്‍ച്ചില്ലുകള്‍ തല്ലിതകര്‍ത്തു. തുടര്‍ന്നാണ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശിയതും, ജലപീരങ്കി പ്രയോഗിച്ചതും. ലാത്തിച്ചാര്ജജില് പത്തോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ റോഡ് ഉപരോധിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളും സമരത്തിന് പിന്തുണയുമായി എത്തിയതോടെ വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായി. ഇതിനിടെ കോളേജില്‍ നിന്ന് പോലീസിന് നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് കോളേജിനുള്ളില്‍ കയറി ഗ്രനേഡ് പ്രയോഗിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തിവീശുകയും ചെയ്തു.
കാസര്‍ഗോഡ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: