ന്യൂദല്‍ഹി: ശ്രീപദ്മനാഭസ്വമി ക്ഷേത്രത്തിലെ മൂല്യനിര്‍ണയ പരിശോധനയില്‍ ക്ഷേത്ര വിശ്വാസവുമായി ബന്ധപ്പെട്ടു മാത്രമേ അന്തിമ തീരുമാനമുണ്ടാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മതിയായ സുരക്ഷയില്ലാതെ ബി നിലവറ തുറക്കരുതെന്നും കോടതി വ്യക്തമാക്കി.
അന്ധിവിശ്വാസവും സുരക്ഷയും ഒന്നിച്ച് പോകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സ്വത്തിന്റെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും വ്യക്തമാക്കി. ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കുന്നതിനെതിരെ ദേവപ്രശ്നത്തിലെ കണ്ടെത്തലുകള്‍ രാജകുടുംബം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അപ്രായോഗികമായ അന്ധവിശ്വാസങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി എല്ലാവരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. കള്ളന്മാര്ക്കും അത്യാഗ്രഹികള്‍ക്കും വിശ്വാസം പ്രശ്നമല്ല. ക്ഷേത്ര സുരക്ഷ വര്‍ധിപ്പിക്കാതെ ഇതിലെ സ്വത്തുക്കള്‍ സംരക്ഷിക്കാനാകില്ല. ഇതിനു നിലവറ തുറന്നു പരിശോധന നടത്തണം.
ബി നിലവറ തുറക്കാതെ എങ്ങനെ സുരക്ഷ ഏര്‍പ്പെടുത്താനാകുമെന്ന് ചോദിച്ച കോടതി മതിയായ സുരക്ഷയില്ലാതെ വന്നാലുണ്ടാകുന്ന അനന്തരഫലങ്ങള്‍ക്ക് രാജകുടുംബം ഉത്തരവാദിത്വമേല്ക്കുമോയെന്നും ചോദിച്ചു.
ക്ഷേത്ര സുരക്ഷയ്ക്ക് എത്ര തുക വേണമെങ്കിലും നല്കാന് തയാറാണെന്നു സര്‍ക്കാര്‍ അറിയിച്ചു. അതിന്റെ ഒരു വിഹിതം ക്ഷേത്രം വഹിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇതു ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയ ക്ഷേത്ര അധികൃതര്‍ ക്ഷേത്രത്തിന് അതിനുള്ള സാമ്പത്തിക വരുമാനം ഇല്ലെന്നും അറിയിച്ചു. വിഗദ്ദ്ധ സമിതിയുടെ റിപ്പോര്ട്ടിന്മേല് ബുധനാഴ്ച അന്തിമ വിധി പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: