ന്യൂദല്‍ഹി: ഗ്യാസ് സിലിണ്ടറുകളുടെ സബ്സിഡി വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാന്‍ ഇന്ന് ചേരാനിരുന്ന കേന്ദ്ര മന്ത്രിസഭയുടെ ഉന്നതാധികാര സമിതി യോഗം റദ്ദാക്കി. പെട്രോള്‍ വില വര്‍ദ്ധനയില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ഗ്യാസിന് സബ്സിഡി വെട്ടിച്ചുരുക്കുന്നത് സര്‍ക്കാരിനെ പ്രതിപക്ഷം പ്രതിക്കൂട്ടിലാക്കുമെന്ന് കണ്ടാണ് യോഗം റദ്ദാക്കിയത്.
സബ്സിഡി ചുരുക്കുന്നതിനെതിരെ സഖ്യകക്ഷികളായ ഡിഎംകെയും തൃണമൂല്‍കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. യോഗത്തില്‍ പങ്കെടുക്കില്ലെന്നും ഇവര്‍ അറിയിച്ചിരുന്നു. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയിലാണു യോഗം ചേരാനിരുന്നത്. പുതുക്കിയ തീയതി തീരുമാനിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഘടകകക്ഷികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കും.
സബ്സിഡി ബി.പി.എല്ലുകാര്‍ക്കു മാത്രമായി ചുരുക്കാനാണ് സര്‍ക്കാരിന്റെ നീക്കം. അല്ലാത്തവര്‍ക്ക് സബ്സിഡിയോടെ നല്കുന്ന സിലിണ്ടറുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്താനും കൂടുതല്‍ സിലിണ്ടര്‍ ആവശ്യമുള്ളവര്‍ ഉയര്‍ന്ന നിരക്കു നല്‍കാനുമാണ് ശുപാര്‍ശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: