ന്യൂദല്‍ഹി: സുരക്ഷ സംവിധാനത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും പാടില്ലെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് നിര്‍ദ്ദേശിച്ചു. കഴിഞ്ഞദിവസമുണ്ടായ ദില്ലി സ്ഫോടനം ഓര്‍മ്മിപ്പിക്കുന്നത് ഇതാണെന്നും പ്രധനമന്ത്രി പറഞ്ഞു.
ജമ്മുകാശ്മീര്‍ മേഖലയില്‍ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം നിര്‍ബാധം തുടരുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ദല്‍ഹിയില്‍ ഡി.ജി.പിമാരുടെ സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പാകിസ്ഥാനില്‍ നിന്നുള്ള ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തക്കംപാര്‍ത്തിരിക്കുകയാണ്. അതിനാല്‍ സുരക്ഷാ സൈനികര്‍ നിതാന്ത ജാഗ്രത പാലിക്കണം. രാജ്യത്തെ സുരക്ഷ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും അടുത്തിടെ മുംബൈയിലും ദല്‍ഹിയിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ സുരക്ഷയുടെ കാര്യത്തില്‍ ഒരു പഴുതു പോലും ഉണ്ടാവാന്‍ പാടില്ലെന്ന സന്ദേശമാണ് നല്‍കുന്നത്.
ഭീകരത ഇന്ത്യയുടെ സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായും മന്മോഹന് സിംഗ് പറഞ്ഞു. ഭീകരത പോലെ തന്നെ ഇടതുതീവ്രവാദവും ആഭ്യന്തര സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്. വളരുന്ന ഇടതുതീവ്രവാദം കാരണം സാധാരണക്കാര്‍ക്കും പോലീസുകാര്‍ക്കും ജീവന് നഷ്ടപ്പെട്ട കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോലീസ് സംവിധാനങ്ങള്‍ ന്യുനപക്ഷങ്ങള്ക്കെതിരാണെന്ന തോന്നല്‍ ഇല്ലാതാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ താഴെ തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കു കഴിയണം. ജനകീയ സമരങ്ങള്‍ നേരിടുമ്പോള്‍ പോലീസ് സംയമനം പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: