ന്യൂദല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേന വേണ്ടെന്ന് കേരളം. സുരക്ഷയ്ക്ക് കേരളാ പോലീസ് തന്നെ മതിയെന്നും കേന്ദ്ര സേനയുടെ ആവശ്യം ഇപ്പോഴില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ സഹായധനം നല്‍കാമെന്നും കേരളം സത്യവാങ്മൂലത്തില്‍ അറിയിച്ചു. അഞ്ചു തലത്തിലുള്ള സുരക്ഷയാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നും, ഉടന്‍ തന്നെ സുരക്ഷാപദ്ധതി നടപ്പാക്കുമെന്നും സത്യവാങ്ങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ക്ഷേത്രത്തിന്റെ സുരക്ഷ സംബന്ധിച്ച കേസ് കോടതി നാളെ പരിഗണിക്കാനിരിക്കെയാണു സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. അമൂല്യ സ്വത്ത്ശേഖരം കണ്ടെത്തിയ സാഹചര്യത്തില്‍ സുരക്ഷ സി.ഐ.എസ്.എഫിനെ ഏല്പിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി നിര്‍ദ്ദേശിച്ചിരുന്നു.
മൂല്യനിര്‍ണയ സമിതിക്ക് എല്ലാവിധ സാമ്പത്തിക സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. ഇത് എത്രയാണെന്ന് സുപ്രീംകോടതിക്ക് തീരുമാനിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം ബി നിലവറ തുറക്കുന്നതിനോട് സര്‍ക്കാരും എതിര്‍പ്പ് പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: