തിരുവനന്തപുരം: പാമോയില്‍ കേസില്‍ വിജിലന്‍സ് ജഡ്ജിക്കെതിരെ കത്തയച്ച ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ നിലപാടിനോട് തനിക്ക് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ജോര്‍ജിന്റെ കത്തെഴുത്ത് വിവാദത്തില്‍ മുന്‍ നിലപാട് തന്നെയാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ അറിവോടെയല്ല പി.സി ജോര്‍ജ് കത്തയച്ചത്. മാധ്യമങ്ങളിലൂടെയാണ് ഈ വിവരം അറിഞ്ഞത്. അതിനാല്‍ ഇതിന് മറുപടി പറയേണ്ട കാര്യവുമില്ല. പി.സി.ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കണമോയെന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് താനല്ലെന്നും മന്ത്രിസഭായോഗ തിരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ജോര്‍ജ് ഇരട്ടപദവിയുടെ ആനുകൂല്യം വാങ്ങിയെന്ന ആരോപണം സംബന്ധിച്ച് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ചീഫ് വിപ്പിന് ക്യാബിനറ്റ് റാങ്കാണ് ഉള്ളത്. കേരള നിയമസഭ നിയമം മൂലം പാസാക്കിയിട്ടുള്ള കാര്യമാണിത്. പ്രതിപക്ഷ നേതാവിനും ഇത് ബാധകമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പാമോയില്‍ കേസില്‍ തനിക്കെതിരെ അന്വേഷണം നടത്താനുള്ള വിധിയില്‍ അപ്പീല്‍ പോകില്ലെന്ന് ആദ്യമേ തന്നെ വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി പ്രസിഡന്റും ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞിട്ടുണ്ട്. സ്വയം അന്വേഷണം നേരിടേണ്ടി വന്നാല്‍ പോലും ആ അന്വേഷണത്തെ പൊതുപ്രവര്‍ത്തകര്‍ എതിര്‍ക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ജോര്‍ജിനോട് യോജിപ്പില്ലെന്ന് പറഞ്ഞാല്‍ ജോര്‍ജ്ജിനെ ഒറ്റപ്പെടുത്തുകയാണോ എന്ന ചോദ്യം ഉയരുമെന്നതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: