മരട്: മരട് നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള ചേരിപ്പോര് മൂര്‍ഛിക്കുന്നു. 33 അംഗ മുനിസിപ്പല്‍ കൗണ്‍സിലില്‍ 20 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉള്ളത്. ഇവര്‍ രണ്ടുവിഭാഗങ്ങളായി തിരിഞ്ഞാണ് ഇപ്പോള്‍ പോര് മുറുകിയിരിക്കുന്നത്. ചേരിതിരിവിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നഗരസഭയിലെ ഏറ്റവും മുതിര്‍ന്ന കൗണ്‍സിലറായ ടി.പി.ആന്റണി മാസ്റ്ററെ മറ്റൊരുകോണ്‍ഗ്രസ് കൗണ്‍സിലര്‍ കൈയ്യേറ്റം ചെയ്തു എന്ന ആരോപണത്തില്‍ വരെ എത്തിനില്‍ക്കുകയാണ് മരടിലെ സംഭവങ്ങള്‍.
13 അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് മരട് നഗരസഭയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി ഭരണം നടത്തിവരുന്നത്. എന്നാല്‍ ഭരണപക്ഷമായ കോണ്‍ഗ്രസിലെ ചില കൗണ്‍സിലര്‍മാര്‍ ഭരണത്തില്‍ പൂര്‍ണമായും സഹകരിക്കാതെ രാഷ്ട്രീയ പരമായ കാരണങ്ങളില്‍ മറ്റൊരു ചേരിയായി അകന്നുനില്‍ക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ ടി.പി.ആന്റണി മാസ്റ്ററും, കെപിസിസി അംഗകൂടിയായ കെ.ബി.മുഹമ്മദ് കുട്ടിയും ഈ വിഭാഗത്തിലെ പ്രമുഖരാണ്. നഗരസഭാതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഒരു ഘട്ടത്തില്‍ മുനിസിപ്പല്‍ ചെയര്മാന് വരെയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ആളാണ് കെ.ബി.മുഹമ്മദ് കുട്ടി. ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷനും കൂടിയാണ് മുഹമ്മദ് കുട്ടി.
നഗരസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ ഔദ്യോഗിക വിഭാഗത്തിന് മേല്‍ക്കൈയുള്ള മരടില്‍ ചെയര്മാന് സ്ഥാനത്തേക്ക് മുന്‍ പഞ്ചായത്ത് പ്രതിപക്ഷനേതാവുകൂടിയായ അഡ്വ.ടി.കെ.ദേവരാജന്റെ പേര് ഉയര്‍ന്നുവരികയായിരുന്നു. ഈ തീരുമാനം അംഗീകരിച്ച് ദേവരാജന്‍ അദ്ധ്യക്ഷസ്ഥാനത്തെത്തിയതോടെയാണ് ആദ്യം ചെറിയ തോതില്‍ തുടങ്ങിയ ചേരിതിരിവ് ഒടുവില്‍ മുതിര്‍ന്ന നേതാവിനെ കൈയ്യേറ്റം ചെയ്തതെന്ന ആരോപണത്തിലും, പരസ്യമായി പോസ്റ്റര്‍ പതിക്കുന്നതിലും വരെ ഇപ്പോള്‍ കാര്യങ്ങള്‍ കൊണ്ടുചെന്നത്തിച്ചിരിക്കുന്നത്.
പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ച കൗണ്‍സിലര്‍ വിജയകുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നും, നഗരസഭാ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും രാജിവെക്കാന്‍ തന്നെ അനുവദിക്കണമെന്നും കോണ്‍ഗ്രസ് മരട് മണ്ഡലം പ്രസിഡന്റ് ആന്റണി ആശാന് പറമ്പിലിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന കൗണ്‍സിലര്‍ ടി.പി.ആന്റണി മാസ്റ്റര്‍ പറഞ്ഞു.
സിപിഎമ്മില്‍ നിന്നും സിപിഐ വഴി കോണ്‍ഗ്രസ്സില്‍ എത്തിയ വിജയകുമാര്‍ ഏറ്റവും പ്രായം ചെന്ന കൗണ്‍സിലറെ പരസ്യമായി കൈയ്യേറ്റം ചെയ്തതില്‍ 25-ാം ഡിവിഷനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: