ന്യൂദല്‍ഹി: വോട്ടിന് നോട്ട് കേസില്‍ റിമാന്‍ഡിലായ രാജ്യസഭാംഗവും സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നതു 15 ലേക്കു മാറ്റി. തീസ് ഹസാരി കോടതി സ്പെഷ്യല്‍ ജഡ്ജി സംഗീത ധിന്‍ഗ്ര സേഗാള്‍ ആണ് അപേക്ഷ പരിഗണിച്ചത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമര്‍സിങ്ങിന്റെ ആരോഗ്യനില സംബന്ധിച്ചു 14നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് അമര്‍ സിങ്ങിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന കൃറ്റെയ്നിന്റെ അളവ് ശരീരത്തില്‍ കൂടിയതിനെ തുടര്‍ന്നായിരുന്നു അമര്‍സിങ്ങിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
അമര്‍സിങ്ങിന്റെ രക്തത്തില്‍ ക്രിയാറ്റിന്‍ അളവു കൂടുതലാണെന്നു വൈദ്യപരിശോധനയില്‍ കണ്ടെത്തി. തിഹാര്‍ ജയില്‍ അധികൃതരും അമര്‍സിങ്ങിന്റെ ആരോഗ്യപ്രശ്നത്തെക്കുറിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അമര്‍സിങ്ങിന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും രാവിലെ വീട്ടില്‍ നിന്നും കൊണ്ടു വന്ന ആഹാരമാണ് കഴിച്ചതെന്നും രക്തപരിശോധനയും ശ്വാസകോശ എക്സ്റേയുമുള്പ്പെടെയുള്ള ചില ടെസ്റ്റുകള്‍ ഇനിയും നടത്താനുണ്ടെന്നും രാവിലെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാല്‍ തന്നെ നെഫ്രോളജി വിഭാഗത്തിന്റെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ദല്‍ഹി പോലീസിന്റെ കുറ്റപത്രത്തെ തുടര്‍ന്നു കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അമര്‍സിങ്ങിനെ റിമാന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: