പാലക്കാട്: പറമ്പിക്കുളത്തേയ്ക്കുള്ള യാത്രാമധ്യേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തമിഴ്നാട്ടില്‍ വച്ച് കരിങ്കൊടി കാട്ടാന്‍ ശ്രമം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാനുള്ള കേരളത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണിത്.
ഇന്നുരാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. മുഖ്യമന്ത്രി വരുന്നതും കാത്ത് കരിങ്കൊടികളുമായി തമിഴ്നാട്ടിലെ മീനാക്ഷിപുരത്തിനടുത്തുള്ള വളന്തൈമരത്ത് കാത്തുനിന്ന പെരിയാര്‍ ദ്രാവിഡകഴകം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. തൊട്ടു പിന്നാലെ ഉമ്മന്‍ചാണ്ടി അതുവഴി കടന്നുപോകുകയും ചെയ്തു.
മുപ്പതോളം പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ എത്തിയത്. ഉമ്മന്‍ചാണ്ടിക്കെതിരെ മുദ്രാവാക്യം വിളിച്ച് കരിങ്കൊടിയുമായി പെരിയാര്‍ ദ്രാവിഡകഴകം പ്രവര്‍ത്തകര്‍ രാവിലെ തന്നെ അവിടെ കേന്ദ്രീകരിച്ചിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുകയായിരുന്നു. പറമ്പികുളം പോലീസ് സ്റ്റേഷന് ഉദ്ഘാടനത്തിന് പോവുകയായിരുന്നു മുഖ്യമന്ത്രി. മീനാക്ഷിപുരം വഴി വേണം ഇവിടെ എത്താന്‍.
പൊള്ളാച്ചി പോലീസ് സൂപ്രണ്ട്, പാലക്കാട് പോലീസ് സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: