ന്യൂദല്‍ഹി: ഗുല്‍ബെര്‍ഗ സൊസൈറ്റി കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഡി.കെ. ജയിനിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഗോധ്ര കൂട്ടക്കൊലക്കുശേഷമുണ്ടായ ഗുജറാത്തിലെ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തോട് അഹമ്മദാബാദിലെ വിചാരണക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മൂന്നംഗ ബെഞ്ച് നിര്‍ദ്ദേശിച്ചു. കലാപക്കേസുകളുടെ മേല്‍നോട്ടം ഇനിമുതല്‍ സുപ്രീംകോടതിക്ക് ഉണ്ടായിരിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഗുല്‍ബെര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജഫ്രിയുടെ ഭാര്യ സക്കിയ ജഫ്രിയാണ് നരേന്ദ്രമോഡിക്കെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമല്ലെന്നും കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യം തള്ളിയാണ് ജസ്റ്റിസുമാരായ ഡി.കെ. ജയിന്, പി. സദാശിവം, അഫ്താബ് ആലം എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്.
സുപ്രീംകോടതി ഉത്തരവ് നിരാശാജനകമാണെന്ന് സക്കിയ ജഫ്രി പ്രതികരിച്ചു. ഈ ആവശ്യമുന്നയിച്ച് ജഫ്രി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും 2007 നവംബറില്‍ അവരുടെ ഹര്‍ജി തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. നരേന്ദ്രമോഡിക്ക് പുറമെ ഗുജറാത്തിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഹര്‍ജിയില്‍ ആക്ഷേപമുണ്ടായിരുന്നു.
‘ദൈവത്തിന്റെ മഹത്വം’ എന്നാണ് സുപ്രീംകോടതി വിധിയോട് പ്രതികരിച്ചുകൊണ്ട് മോഡി അഭിപ്രായപ്പെട്ടത്. ട്വിറ്ററിലാണ് അദ്ദേഹം ഈ മൂന്ന് വാക്കുകള്‍ എഴുതിയത്. 2002 ലെ കലാപത്തെക്കുറിച്ചുള്ള സുപ്രീംകോടതി ഉത്തരവ് ബിജെപിക്കും നരേന്ദ്രമോഡിയുടെ സല്ഭരണത്തില് വിശ്വാസമര്‍പ്പിച്ചവര്‍ക്കും വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവും എന്‍ഡിഎ ചെയര്‍മാനുമായ എല്‍.കെ. അദ്വാനി അഭിപ്രായപ്പെട്ടു.
മോഡിയെപ്പോലെ ഇത്രേറെ അധിക്ഷേപിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയനേതാവിനെയും താന്‍ കണ്ടിട്ടില്ലെന്ന് അദ്വാനി പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവിനെതിരെയും ഇത്രമേല്‍ കുപ്രചാരണം നടത്തിയിട്ടില്ലെന്നും അദ്വാനി ചൂണ്ടിക്കാട്ടി. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്ശേഷിയുള്ള ബിജെപിയുടെ ഉന്നത നേതാവാണ് നരേന്ദ്ര മോഡിയെന്ന് പറഞ്ഞ അദ്വാനി, മോഡിക്കെതിരായ കുപ്രചാരണത്തെ സുപ്രീംകോടതി സ്വീകരിക്കാതിരുന്നത് വളരെ നല്ലതാണെന്ന് അഭിപ്രായപ്പെട്ടു.
ഗുജറാത്തില്‍ മോഡി നടത്തുന്നതുപോലുള്ള സല്‍ഭരണം രാജ്യത്ത് അത്യപൂര്‍വമാണ്, അദ്വാനി കൂട്ടിച്ചേര്‍ത്തു. അഴിമതിക്കും കള്ളപ്പണം തടയുന്നതിലുള്ള കേന്ദ്രസര്‍ക്കാരിന്റെ പരാജയത്തിനും എതിരായാണ് താന്‍ യാത്ര നടത്തുന്നതെന്നും അദ്വാനി വ്യക്തമാക്കി.
നരേന്ദ്ര മോഡി അഗ്നിപരീക്ഷയെ അതീജീവിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ ഹൃദയംഗമമായി അഭിനന്ദിക്കുകയാണെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് സുഷമാസ്വരാജ് അഭിപ്രായപ്പെട്ടു. അതേസമയം സുപ്രീംകോടതി നരേന്ദ്ര മോഡിയെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.
ഇതിനിടെ, സത്യം കണ്ടെത്താന്‍ വിചാരണക്കോടതിയുമായി അങ്ങേയറ്റം സഹകരിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) തലവന്‍ ആര്.കെ. രാഘവന് പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിക്ക് നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുന്‍ സിബിഐ ഡയറക്ടര്‍കൂടിയായ അദ്ദേഹം.
നരേന്ദ്രമോഡിയോട് പ്രത്യേക അന്വേഷണസംഘം മൃദുസമീപനം സ്വീകരിക്കുകയാണെന്ന ആരോപണം രാഘവന് നിഷേധിച്ചു. തന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ കഠിനമായി പണിയെടുക്കുകയുണ്ടായി. ഇപ്പോഴത്തെ സുപ്രീംകോടതി ഉത്തരവ് പരിശോധിച്ചശേഷം പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കലാപക്കേസുകള്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ചാണ് അന്വേഷണസംഘം ഏറ്റെടുത്തത്. സംഘം സുപ്രീംകോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പ്രത്യേക അന്വേഷണസംഘം മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം അത് പരിശോധിക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനെ നിയോഗിക്കുകയായിരുന്നു. എസ്ഐടി റിപ്പോര്‍ട്ട് അപഗ്രഥിച്ചശേഷം രാമചന്ദ്രന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: