Categories: India

ശ്രീലങ്കയില്‍ ഹിന്ദുദേവ വിഗ്രഹങ്ങള്‍ക്ക്‌ ആവശ്യമേറുന്നു

Published by

ചെന്നൈ: ആഭ്യന്തര കലാപത്തില്‍ ധാരാളം ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ട ശ്രീലങ്കയില്‍ ഹിന്ദു ദേവവിഗ്രഹങ്ങള്‍ക്ക്‌ ആവശ്യം വര്‍ധിക്കുന്നു. അടുത്ത ബുധനാഴ്ചയോടെ ഇന്ത്യയില്‍നിന്നും 101 വിഗ്രഹങ്ങള്‍ ശ്രീലങ്കയിലെത്തുമെന്ന്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.

1972 ലെ പുരാവസ്തു നിയമപ്രകാരം ഇങ്ങനെ കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍ പുരാവസ്തുക്കളല്ലെന്ന്‌ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്‌. ശ്രീലങ്കയിലെ കലാപത്തിനുശേഷം നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങള്‍ ഓരോന്നായി പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുന്നതിനാലാണ്‌ വിഗ്രഹങ്ങള്‍ക്ക്‌ ഇത്രയേറെ ആവശ്യകത കൈവന്നതെന്ന്‌ കയറ്റുമതി കമ്പനിയിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

രണ്ടുമാസത്തിലൊരിക്കല്‍ ഈ സ്ഥാപനം ശ്രീലങ്കയിലേക്ക്‌ വിഗ്രഹങ്ങള്‍ കയറ്റുമതി ചെയ്യാറുണ്ട്‌. മുരുകന്‍, വിനായകന്‍, നവഗ്രഹങ്ങള്‍ എന്നീ വിഗ്രഹങ്ങളാണ്‌ ഇത്തവണത്തെ കയറ്റുമതിയില്‍ ഉള്‍പ്പെടുന്നത്‌. അതുപോലെ മലേഷ്യയിലെ അയ്യപ്പവിഗ്രഹത്തിന്‌ പുറകില്‍വയ്‌ക്കുന്ന തിരുവഞ്ചി തയ്യാറാക്കപ്പെടുന്നു. ഈ ക്ഷേത്രത്തിനായി പതിനെട്ടാംപടിയും രാജഗോപുരവും മധുരയിലെ പഡുമലയിലെ കരകൗശല തൊഴിലാളികള്‍ തയ്യാറാക്കിയിട്ടുണ്ട്‌. ഇവയെല്ലാം ഇനി വിദഗ്ധസമിതിക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിച്ച്‌ പുരാവസ്തുക്കളല്ലെന്ന പ്രമാണപത്രം വാങ്ങേണ്ടിയിരിക്കുന്നുവെന്ന്‌ ഒരു കമ്പനി ഉടമ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by