ഹൈദ്രാബാദ്: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും എം.പിയുമായ മുഹമ്മദ് അസറുദ്ദീന്റെ മകന് മുഹമ്മദ് അയാസുദ്ദീ(19)ന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയില്‍.
വെന്റിലേറ്ററില്‍ കഴിയുന്ന അയാസുദ്ദീന്റെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശ്വാസകോശത്തിനും വൃക്കകള്‍ക്കും ഗുരുതരമായ മുറിവുകളാണുള്ളതെന്ന് അപ്പോള ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍സ് വിഭാഗം മേധാവി മഹേഷ് ജോഷി പറഞ്ഞു.
ശ്വാസകോശത്തില്‍ നിന്നുള്ള രക്തപ്രവാഹം നിയന്ത്രിക്കാന്‍ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. ഭാവി ക്രിക്കറ്റ് വാഗ്ദാനമായിരുന്ന അയാസുദ്ദീനും കസിന് അജ്മല്‍ ഉര് റഹ്മാനും സ്പോര്‍ട്സ് ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു പൊപ്പാലഗുഡയ്ക്ക് സമീപം അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച അജ്മല്‍ ഉല് റഹ്മാന്റെ മൃതദേഹം ശാന്തിനഗറില്‍ സംസ്കരിച്ചു. കോണ്‍ഗ്രസ് നേതാവ് ഖലീഫ് ഉര് റഹ്മാന്റെ മകനും മുന്‍ എം.പി ഖലീല്‍ ഉര് റഹ്മാന്റെ കൊച്ചുമകനുമാണ് അജ്മല്‍.
അസറുദ്ദീന്റെ ആദ്യഭാര്യ നൗറീനിലുണ്ടായ രണ്ടാമത്തെ മകനാണ് അയാസുദ്ദീന്. അസറുദ്ദീന്റെ ഭാര്യ സംഗീത ബിജലാനിയും നൗറീനും ബന്ധുക്കളും ആശുപത്രിയിലുണ്ട്. മകന്റെ അവസ്ഥയറിഞ്ഞ മുഹമ്മദ് അസറുദ്ദീന് ലണ്ടനില്‍ നിന്നും ഹൈദരബാദിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: