ന്യൂദല്‍ഹി: ദേശീയപാത വികസനത്തിനുള്ള കരാര്‍ നിശ്ചയിക്കുമ്പോള്‍ സുതാര്യത വേണമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു. കരാര്‍ നിശ്ചയിക്കുമ്പോള്‍ പൊതുതാല്‍പര്യമായിരിക്കണം മുഖ്യമാനദണ്ഡം. അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പൊതു, സ്വകാര്യ പങ്കാളിത്തോടെയുള്ള ദേശീയപാതാ വികസനത്തിന് ഫീസ് ഈടാക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദല്‍ഹിയില്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ദേശീയപാത വികസനം സാധ്യതകളും വെല്ലുവിളികളുമെന്ന വിഷയത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാത വികസനത്തിനുള്ള സംസ്ഥാനപാത വികസനത്തിനുള്ള പദ്ധതികള്‍ സംസ്ഥാനങ്ങള്‍ തയ്യാറാക്കണം. പാത വികസനത്തിന് സ്വകാര്യ പങ്കാളിത്തം ആവശ്യമാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യമേഖലയില്‍ ഒരു ട്രില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
മിതമായ നിരക്കില്‍ യൂസേഴ്സ് ഫീ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല. ആഭ്യന്തര ഉത്പാദന വളര്‍ച്ച 9 ശതമാനം കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇന്നത്തെ ലോക സമ്പദ് വ്യവസ്ഥയില്‍ ഇതു കൈവരിക്കുക ദുഷ്കരമായിരിക്കും. കേന്ദ്രവുമായി സഹകരിച്ചു വേണം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കാനെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: