തൃശൂര്‍ : നാനോ എക്സല്‍ തട്ടിപ്പുവീരന് മദനീനിയെ രക്ഷപ്പെടുത്താന്‍ ആന്ധ്രപോലീസിന്റെ ഗൂഡാലോചന കേസന്വേഷിച്ചിരുന്ന സിഐ മുരളീധരന്റേയും വടക്കാഞ്ചേരി എസ്ഐ പി.പി.ജോയിയുടേയും അവസരോചിതമായ നീക്കത്തിലൂടെ പൊളിഞ്ഞു. ഇയാളെ കോടിയില്‍ നിന്നും വിട്ടുകിട്ടുന്നതിന് കഴിഞ്ഞ 31നാണ് സിഐയും എസ്ഐയും അടങ്ങുന്ന നാലംഗസംഘം ഹൈദരാബാദിലേക്ക് തിരിച്ചത്. എന്നാല്‍ ഇയാളുടെ റിമാന്റ് കാലാവധി നീട്ടിയെന്ന വാര്‍ത്തയാണ് ഹൈദ്രാബാദ് പോലീസ് നല്‍കിയതെന്ന് പറയുന്നു.
ഇത് കളവാണെന്ന് ഏറെ വൈകിയാണ് കേസന്വേഷിക്കുന്ന സംഘത്തിന് മനസ്സിലായത്. എന്നാല്‍ ഗൂഢാലോചന മനസ്സിലായ പോലീസ് സംഘം ഹൈദരാബാദ് കോടതിയില്‍ അന്വേഷിച്ചപ്പോഴാണു പ്രതിക്കു ജാമ്യം നല്കി രക്ഷപ്പെടാനുള്ള നീക്കത്തെ കുറിച്ച് അറിയുന്നത്. വെള്ളിയാഴ്ച മദനീനിക്ക് കോടതി ജാമ്യം അനുവദിച്ചതു കോടതി അധികൃതര്‍ കേരള പോലീസിനോടു മറച്ചു വയ്ക്കുകയായിരുന്നു. കോടതിയിലെ വക്കീല്‍ ഗുമസ്തന് വഴിയാണു ജാമ്യം ലഭിച്ച വിവരം അന്വേഷണസംഘം മനസിലാക്കുന്നത്.
ഇതേതുടര്‍ന്ന് വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങളുമായി പോലീസ് ആന്ധ്രപോലീസിനെ സമീപിച്ചപ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇവരെ ഒഴിവാക്കാനാണ് ശ്രമിച്ചത്. അവസാനം പരിഹാസരൂപേണ കൈക്കൂലി വേണമോ എന്ന ചോദ്യംവരെ കേരളപോലീസിന് ഉയര്‍ത്തേണ്ടിവന്നതായും പറയുന്നു. ഏതാനും മണിക്കൂറുകള്‍ വൈകിയിരുന്നുവെങ്കില്‍ തട്ടിപ്പുവീരനായ മദനീനി ആന്ധ്രപോലീസിന്റെ സഹായത്തോടെ രക്ഷപ്പെടാന്‍ സാധ്യതയുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതിനിടയില്‍ ആന്ധ്രപോലീസില് ലക്ഷങ്ങളാണ് മദനീനി തനിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുന്നതായി ഒഴുക്കിയതെന്നും പറയുന്നു.
ഹൈദരാബാദ് സെന്‍ട്രല്‍ ജയിലില്‍ കോടതി ഉത്തരവുമായി എത്തിയ പോലീസ് സംഘത്തോടു നിഷേധാത്മക സമീപനമാണു ഹൈദരബാദ് പൊലീസും, ജയില്‍ അധികൃതരും സ്വീകരിച്ചത്. കോടതി ഉത്തരവു മാനിക്കാതെ നിസാര കാരണങ്ങള്‍ പറഞ്ഞു പ്രതിയെ കൈമാറാതിരിക്കാനുള്ള തന്ത്രമാണു ജയില്‍ അധികൃതര്‍ സ്വീകരിച്ചത്. ജയിലിന് പുറത്തു തടിച്ചു കൂടിയ മദനീനിയുടെ ഗുണ്ടകളെ നിയന്ത്രിക്കുന്നതിനോ, കേരള പോലീസ് സംഘത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനോ ഹൈദരാബാദ് പൊലീസ് തയാറായില്ലെന്നും ആക്ഷേപം.
തുടര്‍ന്നു കഴിഞ്ഞദിവസം രാത്രി അന്വേഷണസംഘം തൃശൂര്‍ റൂറല്‍ എസ്പിയുമായി ബന്ധപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെയാണു പോലീസ് സംഘത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഹൈദരാബാദ് പോലീസ് തയാറായത്. വിമാനത്തില്‍ കയറുന്നതുവരെ ആശങ്കയായിരുന്നു ഉണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. എഎസ്ഐ ഫ്രാന്‍സിസ്, സിവില്‍ പോലീസ് ഓഫിസര്‍ അബ്ദുള്‍ സലിം എന്നിവരും മദനീനിയെ കൊണ്ടുവരാന്‍ പോയ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: