Categories: World

പാക്കിസ്ഥാനിലേക്ക്‌ മടങ്ങുമെന്ന്‌ മുഷാറഫ്‌

Published by

വാഷിംഗ്ടണ്‍: തന്നെ അറസ്റ്റ്‌ ചെയ്താലും മാര്‍ച്ച്‌ 2012 ഓടെ പാക്കിസ്ഥാനിലേക്ക്‌ മടങ്ങുമെന്ന്‌ മുന്‍ പാക്‌ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫ്‌ വെളിപ്പെടുത്തി. 2007 ഡിസംബറില്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനാണ്‌ തീവ്രവാദവിരുദ്ധ കോടതി മുഷാറഫിനെതിരെ നടപടി കൈക്കൊണ്ടത്‌. കേസ്‌ അടിസ്ഥാനരഹിതമാണെന്നും രാഷ്‌ട്രീയപ്രേരിതമാണെന്നും മുന്‍ പാക്‌ പ്രസിഡന്റ്‌ കൂട്ടിച്ചേര്‍ത്തു.

ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കാത്തതിനാല്‍ മുഷാറഫിന്റെ സ്വത്ത്‌ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ബാങ്ക്‌ അക്കൗണ്ടുകളും കോടതി ഉത്തരവ്‌ പ്രകാരം മരവിപ്പിക്കപ്പെട്ടിരുന്നു. തനിക്ക്‌ കേസുമായി ബന്ധമില്ലെന്നും അതിനാല്‍ തന്നെ എതിര്‍വാദങ്ങളുന്നയിക്കാന്‍ കഴിയുമെന്നും മുന്‍ പ്രസിഡന്റ്‌ വാര്‍ത്താ ലേഖകരെ അറിയിച്ചു.

2008 വരെ ഒമ്പത്‌ വര്‍ഷക്കാലം പാക്കിസ്ഥാന്‍ ഭരിച്ച മുഷാറഫ്‌ അധികാരത്തിലിരിക്കെ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു.

പാക്കിസ്ഥാനും അമേരിക്കയുടെ ഭീകരവാദയുദ്ധത്തില്‍ പങ്കാളിയാകുന്ന നിര്‍ണായക തീരുമാനമെടുത്ത പ്രസിഡന്റ്‌ അമേരിക്കയുടെ ലോക വ്യാപാര കേന്ദ്രത്തിലുണ്ടായ ആക്രമണത്തിന്റെ പത്താം വാര്‍ഷികത്തിലാണ്‌ തന്റെ തീരുമാനം പുറത്തുവിട്ടത്‌. അല്‍ഖ്വയ്ദയും താലിബാനുമെതിരായ യുദ്ധത്തില്‍ പാക്കിസ്ഥാനെപ്പോലെ ഇത്രയേറെ ത്യാഗം സഹിച്ച മറ്റൊരു രാഷ്‌ട്രവുമില്ലെന്ന്‌ മുഷാറഫ്‌ വെളിപ്പെടുത്തി.

ആറു മാസത്തിനുള്ളില്‍ താന്‍ പാക്കിസ്ഥാനില്‍ നേതൃസ്ഥാനം വഹിക്കുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. പാക്‌ കോടതികള്‍ തന്നെ ജയിലിലടച്ചാല്‍ താന്‍ പോകാന്‍ തയ്യാറാണെന്ന്‌ അദ്ദേഹം അറിയിച്ചു. മുഷാറഫിന്റെ എതിരാളികള്‍ രാഷ്‌ട്രീയ പിന്തുണയില്ലാത്ത ഇന്നലത്തെ മനുഷ്യനായാണ്‌ അദ്ദേഹത്തെ ചിത്രീകരിക്കുന്നത്‌. ഈ വിഷയത്തില്‍ നിര്‍ണായകമാകുന്നത്‌ പാക്‌ സൈന്യത്തിന്റെ നിലപാടാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by