Categories: Ernakulam

ദല്‍ഹിസ്ഫോടനം: കൊച്ചിയില്‍ സുരക്ഷ ശക്തമാക്കി

Published by

കൊച്ചി: ദല്‍ഹി സ്ഫോടനത്തോടനുബന്ധിച്ച്‌ കൊച്ചി സിറ്റി പോലീസ്‌ സുരക്ഷാക്രമികരണങ്ങള്‍ ശക്തിപ്പെടുത്തി. ദല്‍ഹി സ്ഫോടനം മുന്‍ നിര്‍ത്തി നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയായതായും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ വേണ്ട എല്ലാ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി സിറ്റി പോലീസ്‌ കമ്മീഷണര്‍ എം.ആര്‍.അജിത്‌ കുമാര്‍ അറിയിച്ചു.

നഗര സുരക്ഷക്കായി 1000ത്തിലധികം പോലീസ്‌ ഉദ്യോഗസ്ഥന്മാരെ അധികമായി വിന്യസിച്ചു. പാര്‍ക്കുകള്‍ മറൈന്‍ ഡ്രൈവ്‌ ടൂറിസ്റ്റുകേന്ദ്രങ്ങള്‍ ഷോപ്പിംഗ്‌ മാള്‍, സിനിമ തിയേറ്ററുകള്‍ തുടങ്ങിയ തിരക്ക്‌ ഉണ്ടാകാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ പ്രത്യേകം നിരീക്ഷണം നടത്തുന്നതിനും കുഴപ്പക്കാരെ പിടികൂടുന്നതിനുമായി വനിത പോലീസ്‌ അടങ്ങുന്ന ഷാഡോ പോലീസിനേയും വിവിധ പോലീസ്‌ സ്റ്റേഷനുകളില്‍ നിന്നും മഫ്തിയില്‍ പ്രത്യേകം പോലീസ്‌ ഉദ്യോഗസ്ഥന്മാരെയും വിന്യസിച്ചു.

രാത്രി കാലങ്ങളിലേയും പകല്‍ സമയങ്ങളിലേയും പോലീസ്‌ പെട്രോളിങ്ങ്‌ ശക്തിപ്പെടുത്തിയിട്ടുണ്ട്‌. അസമയത്തും അസ്വാഭാവികമായും നഗരത്തില്‍ കാണപ്പെടുന്നവരെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തി കുറ്റകൃത്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കും.

റെയില്‍വേസ്റ്റേഷനുകള്‍ ബസ്‌ സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി.

നഗരത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും പരിശോധനക്കായി പ്രത്യേകം പോലീസ്‌ ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചു. സംശയകരമായ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്ന ബാഗുകള്‍ മറ്റുവസ്തുക്കള്‍ എന്നിവ പരിശോധിക്കുന്നതിന്‌ ബോംബ്‌ സ്ക്വാഡിന്റേയും ഡോഗ്‌ സ്ക്വാഡിന്റേയും സേവനം 24 മണിക്കുറും ലഭ്യമാക്കിയിട്ടുണ്ട്‌. ഈ ടീമുകള്‍ റെയില്‍വേ സ്റ്റേഷന്‍, ബസ്‌ സ്റ്റാന്റ്‌ മറ്റു തിരക്കുള്ള സ്ഥലങ്ങളിലും നിരന്തരമായ പരിശോധനകള്‍ നടത്തും.

നഗത്തിലെ കായലുകള്‍ തീരപ്രദേശം എന്നിവിടങ്ങിലും ആള്‍ താമസമില്ലാത്ത ദ്വീപുകളിലും മറൈന്‍ പോലീസ്‌ നിരന്തരമായ പെട്രോളിങ്ങ്‌ നടത്തുകയും സംശയാസ്പദമായി കാണുന്ന ബോട്ടുകള്‍ ഷിപ്പുകള്‍ എന്നിവ പ്രത്യേകം പരിശോധനക്ക്‌ വിധേയമാക്കുന്നതായിരിക്കും.

നഗരത്തിലെ ഹോട്ടലുകല്‍, ലോഡ്ജുകള്‍, ഹോംസ്റ്റേകള്‍, ഗസ്റ്റ്‌ ഹൗസുകള്‍ എന്നിവ പ്രത്യേകം പരിശോധിച്ച്‌ പ്രത്യേകം നിരീക്ഷണം നടത്തുന്നതിനുമായി പോലീസ്‌ സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌.

പ്രധാനപ്പെട്ട സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും എച്ച്‌എച്ച്‌എംഡിയും ഡിഎഫ്‌എംഡിയും ഉപയോഗിച്ച്‌ പ്രത്യേക പരിശോധന നടത്തുന്നതിന്‌ വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്‌. പ്രധാനപ്പെട്ട ഷോപ്പിംഗ്‌ മാളുകള്‍ മറ്റുപ്രധാനപ്പെട്ട സ്ഥാപനങ്ങളിലും സസിടിവി സ്ഥാപിക്കുന്നതിനായി വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്‌.

നഗരത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും മറ്റു പ്രധാനപ്പെട്ട തിരക്കേറിയ സ്ഥലങ്ങളിലും നിരീക്ഷിക്കുന്നതിനായി പ്രത്യേകം ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്‌ കൂടാതെ കൂടുതല്‍ സ്ഥലങ്ങളിലേക്കും കൂടി 20 ക്യാമറകള്‍ കൂടി സ്ഥാപിക്കുന്നുണ്ട്‌.

അന്യസംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിന്‌ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഒഴിഞ്ഞ കെട്ടിടങ്ങളും സ്ഥലങ്ങളും പ്രത്യേക പരിശോധന നടത്തിവരുന്നു.

തീവ്രവാദ കേസ്സുമായി ബന്ധപ്പെട്ട പ്രതികളുടേയും ഗുണ്ടകളേയും പ്രത്യേകം നിരീക്ഷിക്കുന്നതിനും അവരുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവരേയും നിരീക്ഷിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ട്‌. പാര്‍ക്കിംഗ്‌ എരിയകളില്‍ ഉള്ള വാഹനങ്ങള്‍ പരിശോധിക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. പ്രത്യേക സുരക്ഷാ ആവശ്യമായ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും സുരക്ഷ സംവിധാനം വര്‍ദ്ധിപ്പിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌.

സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി പോലീസ്‌ നല്‍കുന്ന നിര്‍ദ്ദേശങ്ങളും, ക്രമീകരണങ്ങളുമായി സഹകരിക്കണമെന്നും, സാമൂഹ്യവിരുദ്ധമാര്‍ക്കെതിരേയും കുറ്റവാളികള്‍ക്കെതിരെയും ശക്തമായി നടപടി സ്വീകരിക്കുമെന്നും പോലീസിന്റെ പ്രവര്‍ത്തനങ്ങളോടു സഹകരിക്കണമെന്നും സംശയാസ്പദമായി കാണപ്പെടുന്ന വ്യക്തികളേയും വസ്തുകളേയും കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ പോലീസിനെ അറിയിക്കുന്നതിനായി പൊതുജനങ്ങള്‍ ജാഗരുകരായിരിക്കണമെന്നും സിറ്റി കമ്മീഷണര്‍ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by