ന്യൂദല്‍ഹി: ആണവവികിരണ സുരക്ഷിതത്വത്തിനായുള്ള, നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാന്‍ ഒരു അതോറിറ്റി നിര്‍മ്മിക്കാനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി വി. നാരായണസ്വാമി അവതരിപ്പിച്ച ആണവസുരക്ഷാ റെഗുലേറ്ററി അതോറിറ്റി 2011 ബില്ലില്‍ ആണവ സുരക്ഷക്കുള്ള ഒരു കൗണ്‍സില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തുടങ്ങണമെന്നാവശ്യപ്പെടുന്നു.
ആണവ വികിരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും അതിന്റെ നിയന്ത്രണത്തിനും ഈ അതോറിറ്റിക്ക് അധികാരമുണ്ടാകും. ഈ അതോറിറ്റി ആണവഊര്ജവും, വികിരണവും തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ എന്നും പരിശോധിക്കും. ലോക്സഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ ഇത്തരമൊരു അതോറിറ്റി രൂപീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സൂചന നല്‍കിയിരുന്നു.
ജപ്പാനിലെ ഫുക്കുഷിമ ഡെയിച്ചി ആണവോര്ജനിലയങ്ങളില് സുനാമിമൂലമുണ്ടായ അപകടങ്ങളാണ് ഈ രംഗത്തേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ തിരിച്ചത്. 1986-ല്‍ റഷ്യയിലെ ചെര്‍ണോബിലുണ്ടായ ദുരന്തത്തിനുശേഷം ആണവദുരന്തം ജപ്പാനിലും ആവര്‍ത്തിക്കുകയായിരുന്നു. ഇത്തരം അത്യാഹിതങ്ങളെ നിയന്ത്രിക്കാനും ആണവഊര്‍ജം അപായരഹിതമായി കൈകാര്യം ചെയ്യാനുമാണ് അതോറിറ്റിയുടെ രൂപീകരണത്തിലൂടെ ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: