ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധങ്ങളില്‍ നവീന അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുമെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ബംഗ്ലാദേശ് സന്ദര്‍ശനം ടീസ്റ്റ നദീജലം പങ്കുവെക്കുന്നതിനെക്കുറിച്ചുള്ള കരാര്‍ ഉണ്ടാക്കുന്നതില്‍പ്പോലും ഫലം കണ്ടില്ല. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ആദ്യമായി നടക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ബംഗ്ലാദേശിന് വലിയ പ്രതീക്ഷകളുണ്ട്. പ്രധാനമന്ത്രി ഷേക്ക് ഹസീന ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഷാ ജലാല്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, ത്രിപുരയിലെ മണിക് സര്‍ക്കാര്‍, മിസോറാമിലെ ലതാന്‍ ഹൗല, മേഘാലയയിലെ മുഗള്‍ സഗ്മ, വിദേശകാര്യമന്ത്രി എസ.എം.കൃഷ്ണ തുടങ്ങിയവര്‍ പ്രധാനമന്ത്രിയുടെ സംഘത്തിലുണ്ട്.
ടീസ്റ്റ നദീജലക്കരാര്‍ ഒപ്പിടാന്‍ കഴിയാത്തത് സന്ദര്‍ശനത്തില്‍ കരിനിഴല്‍ വീഴ്ത്തിയതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ വിലയിരുത്തി. സാമ്പത്തിക സഹകരണം, മൂലധന നിക്ഷേപം, വ്യാപാരവിനിമയം, അതിര്‍ത്തി തര്‍ക്കങ്ങള്‍, അതിര്‍ത്തിയിലെ അക്രമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഉഭയകക്ഷി ചര്‍ച്ചകളില്‍ തീവ്രവാദം, അനധികൃത കുടിയേറ്റം എന്നീ വിഷയങ്ങളും ഉണ്ടാകും.
ഇതിനിടെ, ബംഗ്ലാദേശ് വിദേശകാര്യസെക്രട്ടറി മിജാറുള്‍ ക്വയാസ്, ഇന്ത്യന്‍ പ്രതിനിധി രാജീവ് മിത്തറെ സന്ദര്‍ശിച്ച് ടീസ്റ്റ നദീജലക്കരാര്‍ ഒപ്പിടുന്നതില്നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായി അറിയുന്നു. അഭ്യന്തരമായി ഈ വിഷയത്തില്‍ ഇന്ത്യ നിലപാടെടുത്തിട്ടില്ലാത്തതിനാലാണ് കരാറിലേര്‍പ്പെടാന്‍ കഴിയാത്തതെന്ന് മിത്തര്‍ വിശദമാക്കി. ഈ വിഷയത്തില്‍ മിത്തര്‍ ഖേദം പ്രകടിപ്പിച്ചതായും അറിയുന്നു. ഇന്ത്യ അവസാനനിമിഷം ടീസ്റ്റ കരാറില്‍ ഒപ്പിടാത്തത് അസ്വീകാര്യമാണെന്നാണ് ബംഗ്ലാദേശ് പ്രതിനിധി അറിയിച്ചത്. ഇതിനെത്തുടര്‍ന്ന് അതിര്‍ത്തിപ്രദേശത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ബംഗ്ലാദേശ് താമസിപ്പിച്ചേക്കുമെന്ന് ഒരു സ്വകാര്യ ചാനല്‍ അഭിപ്രായപ്പെട്ടു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ടീസ്റ്റ നദീജലം പങ്കുവെക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ധരിപ്പിച്ചതനുസരിച്ച് ഇന്ത്യ കരാര്‍ ഒപ്പുവെക്കുകയില്ലെന്ന് സന്ദര്‍ശനത്തിന് മുമ്പുതന്നെ ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ബംഗാള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ ഇത്തരമൊരു കരാറില്‍ ഏര്‍പ്പെടാനാവൂ എന്നതാണ് ഇപ്പോള്‍ ഇന്ത്യയുടെ നിലപാട്.
ആദ്യകരാര്‍ പ്രകാരം 25000 ക്യുസെക് ജലമാണ് ബംഗ്ലാദേശിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ അവസാന കരാറില്‍ ഇത് 33000 ക്യുസെക് ആയി ഉയര്‍ത്തി. ഇതിനെ മമതാ ബാനര്‍ജി എതിര്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: