തൃപ്പൂണിത്തുറ: ജീവിതത്തില്‍ ധാര്‍മികനിലവാരം വളര്‍ത്തിയെടുത്ത് നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ദൗത്യമാണ് ബാലകാരുണ്യം പദ്ധതിയിലൂടെ ചെയ്യേണ്ടതെന്ന് ജസ്റ്റിസ് എം.ആര്. ഹരിഹരന്‍നായര്‍ പറഞ്ഞു. ധാര്‍മികബോധമുള്ള കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറ സീമ ഓഡിറ്റോറിയത്തില്‍ ബാലകാരുണ്യം 2011 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസ്വാര്‍ത്ഥ സേവയാണ് യഥാര്‍ത്ഥമെന്നും ഇക്കാര്യത്തില്‍ ത്യാഗത്തില്‍ ഊന്നിയ പരമമായ ധര്‍മമാണ് സേവ എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വിശ്വഹിന്ദുപരിഷത്ത് അഖിലഭാരതീയ സഹസേവാപ്രമുഖ് പ്രൊഫ. മധുകര്‍റാവു ദീക്ഷിത് പറഞ്ഞു. സര്‍വചരാചരങ്ങള്‍ക്കും സുഖമുണ്ടാകുന്ന വിധം ശക്തമായ സമാജത്തെ കെട്ടിപ്പടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന് വേണ്ടി ജീവിക്കുന്നവരെ ആരും മറക്കുകയില്ലെന്നും അവര്‍ക്ക് മരണമുണ്ടാകില്ലെന്നും സീമാ ജാഗരണ്‍ അഖിലഭാരതീയ സഹസംയോജകന് എ. ഗോപാലകൃഷ്ണന് പറഞ്ഞു. ചടങ്ങില്‍ തൃപ്പൂണിത്തുറ നഗരസഭാ ചെയര്മാന് ആര്. വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. തൃപ്പൂണിത്തുറ എരൂരില്‍ അന്‍പത് ലക്ഷം രൂപ മുടക്കി സാന്ത്വനം പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിഎച്ച്പി സംസ്ഥാന ട്രഷറര്‍ കെ.പി. നാരായണന്, ജനറല്‍ കണ്‍വീനര്‍ എന്‍.ആര്. സുധാകരന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, സംസ്ഥാന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡംഗം അഡ്വ. തുളസീഭായ്, ജയന്തന് നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പ്രൊഫ. സരള പണിക്കര്‍, ലക്ഷ്മി, എം. കൃഷ്ണകുമാര്‍, കെ.വി. മദനന്, പി.എസ്. കാശിവിശ്വനാഥന്, എം.സി. വല്സന് തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ കേരളത്തനിമയാര്‍ന്ന ഓണ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ഭാവസാന്ദ്രമായ പഴയ ഓണക്കാലത്തേക്ക് കൊണ്ടുപോകുന്ന കുമ്മാട്ടിപ്പാട്ട്, വഞ്ചിപ്പാട്ട്, നാടന്‍പാട്ട് എന്നിവയെ കോര്‍ത്തിണക്കി പൂവിളി എന്ന പരിപാടി തീയാടി രാമനും പ്രൊഫ. ടി.എന്‍. കൃഷ്ണനും സംഘവും ചേര്‍ന്ന് അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. കലാപരിപാടികളുടെ ഉദ്ഘാടനം സംഗീതമഹായുദ്ധ ജേതാവ് ജോര്‍ജ് പീറ്റര്‍ നിര്‍വഹിച്ചു. വിഎച്ച്പി അഖിലേന്ത്യാ ജോ. സെക്രട്ടറി കാശി വിശ്വനാഥന് അധ്യക്ഷത വഹിച്ചു. പി. സോമനാഥന്, സ്റ്റാര്‍ സിംഗര്‍ വിവേകാനന്ദന് തുടങ്ങിയവര്‍ സംസാരിച്ചു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ 15 ബാലാശ്രമങ്ങളില്നിന്നായി 600 ഓളം ബാലികാബാലന്മാര് പങ്കെടുക്കുന്നുണ്ട്. 7 ന് ബുധനാഴ്ച സമാപനസഭ രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ പി.ഐ. ഷേയ്ക്ക് പരീത് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: