കുറ്റിപ്പുറം: ഇരുപത്തിയാറുപേരുടെ മരണത്തിനിടയാക്കിയ മലപ്പുറം വിഷക്കള്ള് ദുരന്തം നടന്ന് ഇന്ന് ഒരുവര്‍ഷം തികയുന്നു. 2010 സപ്തംബര്‍ ആറിന് കുറ്റിപ്പുറം, പേരശ്ശന്നൂര്‍, തിരുന്നാവായ, വാണിയമ്പലം എന്നിവിടങ്ങളിലെ കള്ളുഷാപ്പുകളില്‍ നിന്നും മദ്യപിച്ചവരാണ് ദുരന്തത്തിനിരയായത്. എട്ട് പേര്‍ക്ക് കാഴ്ച ശക്തിയും നഷ്ടമായി. കേസില്‍ ഉള്‍പ്പെട്ട പ്രതികളാരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ദുരന്തം സംബന്ധിച്ച കേസ് ഇപ്പോഴും വിചാരണ ഘട്ടത്തിലാണ് ഒന്നാം പ്രതി ദ്രവ്യന് ഉള്‍പ്പെടെ ഭൂരിഭാഗം പേരും ജാമ്യത്തില്‍ ഇറങ്ങികഴിഞ്ഞു. സസ്പെന്‍ഷനിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരും ജോലിക്ക് തിരികെ കയറി.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ 30 ഓളം പേര് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. റിട്ട. ജഡ്ജി എം. രാജേന്ദ്രന് നായരെ കമ്മീഷനാക്കി ദുരന്തത്തെകുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കമ്മീഷന് കാലാവധി ഈ മാസം 13 ന് അവസാനിക്കുകയാണ്. വിചാരണ നടപടികള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിരവധി പേര്‍ക്ക് ഇനിയും നഷ്ടപരിഹാര തുകയും ലഭിച്ചിട്ടില്ല. വിഷമദ്യദുരന്തത്തെ തുടര്‍ന്ന് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന 264 ഷാപ്പുകള്‍ അടച്ചിട്ടിരുന്നു. പിന്നീട് 50 തെങ്ങും അഞ്ച് ചെത്തുകാരും ഉള്ള ഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് 78 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു.
തുറന്നുപ്രവര്‍ത്തിക്കുന്ന ഷാപ്പുകളും ഇപ്പോഴുള്ള നിയമങ്ങളും നിര്‍ദേശങ്ങളുമെല്ലാം കാറ്റില്‍പറത്തുകയാണ്. വ്യാജമദ്യദുരന്തത്തിനുശേഷം സംസ്ഥാന സര്‍ക്കാര്‍ എക്സൈസ് വകുപ്പുമായി കൂടിയാലോചിച്ചാണ് ഷാപ്പ് നടത്തിപ്പിന് അമ്പത് തെങ്ങും അഞ്ച് തൊഴിലാളികളും വേണമെന്ന നിയമം കര്‍ശനമാക്കി നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, മലപ്പുറം ജില്ലയില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന പല ഷാപ്പുകളിലും ഈ നിയമം പാലിക്കപ്പെടുന്നില്ല.
ദുരന്തമുണ്ടാകുന്നതിനുമുമ്പ് ആറ് എക്സൈസ് സര്‍ക്കിളുകളിലും ഒമ്പത് റൈഞ്ചുകളിലുമായി 264 ഷാപ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്ന് എക്സൈസ് വകുപ്പില്‍ നിലവിലുണ്ടായിരുന്ന കണക്കനുസരിച്ച് 1296ചെത്ത് തൊഴിലാളികളാണുള്ളത്. എന്നാല്‍ ഈ കണക്ക് വിശ്വാസയോഗ്യമല്ലെന്നതുകൊണ്ടുതന്നെ കള്ളുവ്യവസായക്ഷേമനിധി ബോര്‍ഡില്‍നിന്ന് തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.എന്നാല്‍ ക്ഷേമനിധി ബോര്‍ഡിലും വ്യക്തമായ കണക്കില്ലാത്തതുകൊണ്ട് നിയമം ശരിയായ വിധത്തില്‍ നടപ്പാക്കാന്‍ കഴിയുമോ എന്ന ആശങ്ക അന്നുതന്നെ ഉയര്‍ന്നിരുന്നു. ഷാപ്പുനടത്തിപ്പുകാരും എക്സൈസ് ഉദ്യോഗസ്ഥരുംതമ്മിലുള്ള അവിശുദ്ധബന്ധമാണ് പുതിയ വ്യവസ്ഥയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. തൊഴിലാളികളുടേയും ചെത്ത് തെങ്ങിന്റേയും എണ്ണം രേഖകളില്‍ പെരുപ്പിച്ച് കാണിച്ച് അടച്ചുപൂട്ടല്‍ ഭീഷണിഒഴിവാക്കാനുള്ള തന്ത്രമാണ് ഷാപ്പുടമകള്‍ പയറ്റിയിരിക്കുന്നത്.
ജില്ലയിലെ ചുരുക്കം ചില ഷാപ്പുകളില്‍ മാത്രമാണ് അമ്പതില്‍ കൂടുതല്‍ ചെത്ത് തെങ്ങും അഞ്ചിലധികം തൊഴിലാളികളുമുള്ളത്.മിക്ക ഷാപ്പുകളിലും മൂന്നോ അതില്‍ താഴെയോ ചെത്തുകാര് മാത്രമാണുള്ളത്. ജില്ലയിലുണ്ടായ മദ്യദുരന്തത്തിനുശേഷം ഷാപ്പുകള്‍ മാസങ്ങളോളം അടച്ചിട്ടിരുന്നു. ഇതോടെ പലരും ചെത്ത് തൊഴില്‍ ഉപേക്ഷിച്ചു. വിദേശത്തേയ്ക്ക് ജോലിയ്ക്കായി പോയവര്‍പോലും എക്സൈസ് വകുപ്പിന്റെ കണക്കില്‍ ഇപ്പോള്‍ ചെത്തുകാരാണ്. അമ്പത് തെങ്ങിന് ഷാപ്പുടമകളില്‍ പലരും കരമടച്ചിട്ടുണ്ടെങ്കിലും അവയില്‍ ഭൂരിഭാഗം എണ്ണവും ചെത്തുന്നില്ല. അതുകൊണ്ടുതന്നെ ഷാപ്പുകളില്‍ ആവശ്യത്തിന്വേണ്ട കള്ളുലഭിക്കാന്‍ ഇപ്പോഴും മായം ചേര്‍ക്കേണ്ടിവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: