കൊച്ചി: ജില്ലയിലെ തിരക്കേറിയ വൈറ്റില ജംഗ്ഷനില്‍ കാല്‍നടയാത്രക്കാര്‍ക്കായി സ്കൈവാക്ക് വരുന്നു. ആധുനിക രീതിയില്‍ നിര്‍മിക്കുന്ന സ്കൈവാക്കില്‍ ഷോപ്പിങ് മാളും ഹോട്ടലുമുണ്ടാകും. ഇതിനൊപ്പം നഗരത്തിന്റെ ആകാശഭംഗി നുകരുകയും ചെയ്യാം. ഏറെ വ്യത്യസ്തമായ ഈ പദ്ധതിക്ക് സംസ്ഥാന ചീഫ് സെക്രട്ടറി പി.പ്രഭാകരന് അധ്യക്ഷനായ റോഡ് സുരക്ഷ സമിതി തത്വത്തില്‍ അംഗീകാരം നല്‍കിയതായി ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് പറഞ്ഞു. സംസ്ഥാനതലത്തില്‍ റോഡ് സുരക്ഷയ്ക്കായി നീക്കിവെച്ച 19 കോടി രൂപയില്‍ ആറ് കോടിയോളം രൂപ ഇതുവഴി ജില്ലയ്ക്ക് ലഭ്യമാകുമെന്ന് കളക്ടര്‍ പറഞ്ഞു.
വൈറ്റിലയില്‍ മെട്രോ റയിലിനു പുറമെ ഫ്ലൈ ഓവര്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്താകും പദ്ധതി നടപ്പാക്കുക. അവയ്ക്ക് അനുരോധമായി സ്കൈവാക്ക് സ്ഥാപിക്കേണ്ടതിനാല്‍ ഇക്കാര്യം റോഡ് സുരക്ഷാ സമിതി തന്നെ അവരുമായി ചര്‍ച്ച ചെയ്യും. ഷോപ്പിംഗ് മാള്‍, എറ്റിഎം, സെക്യൂരിറ്റി ബോക്സ്, പബ്ലിക് ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ സ്കൈവാക്കിലുണ്ടാകും. തിരക്കുളള സമയങ്ങളില്‍ എസ്കലേറ്ററും പ്രവര്‍ത്തിക്കുംവിധമാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
തിരക്കേറിയ വൈറ്റിലയില്‍ കാല്‍നടയാത്രക്കാര്‍ക്ക് വഴി മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് എഞ്ചീനിയറായ ജില്ലാ കളക്ടര്‍ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തത്. 10 മീറ്റര്‍ വീതിയിലും 50 മീറ്റര്‍ നീളത്തിലും സ്റ്റീല്‍ ഫ്രെയിമിലാണ് സ്കൈവാക്ക് നിര്‍മിക്കുക. അലൂമിനിയം ഫ്ലോറിംഗില്‍ നിര്‍മിക്കുന്ന സ്കൈവാക്ക് മൂന്ന് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിയും. രാജ്യത്ത് ബോംബെയില്‍ മാത്രമാണ് നിലവില്‍ ഈ സൗകര്യമുളളത്. എന്നാല്‍ നിര്‍ദ്ദിഷ്ട വൈറ്റില സ്കൈവാക് സാങ്കേതിക വിദ്യയില്‍ വിദേശ രാജ്യങ്ങളിലെ സമാനപദ്ധതികളെക്കാള്‍ മുന്നിലായിരിക്കുമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. വൈറ്റിലയോടൊപ്പം നഗരത്തിലെ തിരക്കേറിയ കലൂര്‍, കച്ചേരിപ്പടി എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമുണ്ട്.
മെട്രോ നഗരങ്ങളില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കിയവരുമായി ചര്‍ച്ച ചെയ്ത് കേരളീയ മാതൃകയിലാണ് വൈറ്റില സ്കൈവാക്കിനു രൂപം നല്‍കുന്നത്. കളക്ടറുടെ നിര്‍ദേശമനുസരിച്ച് തിരുവനന്തപുരത്തെ അശോക് അസോസിയേറ്റ്സിലെ അശോക് കുമാറാണ് ഇതിന്റെ രൂപകല്പന നിര്‍വ്വഹിച്ചത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: