കൊച്ചി: ഭരണത്തിലേറിയിട്ട് പത്ത് മാസം തികഞ്ഞിട്ടും ഒന്നും ചെയ്യാനാകാതെ ആകാശത്ത് കണ്ണും നട്ടിരിക്കുന്ന നഗരസഭ ഭരണാധികാരികള്‍ക്കെതിരെ മൗനം അവലംബിച്ചിരിക്കുന്ന പ്രധാനപ്രതിപക്ഷമായസിപിഎമ്മിന്റെ നടപടി നഗരത്തില്‍ ചര്‍ച്ചയാകുന്നു. മേയറോടുള്ള പ്രതിപക്ഷനേതാവ് എ.ജെ.ജേക്കബിന്റെ മൃദുസമീപനമാണ് ഇതിന്റെ പിന്നിലെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. 35 വര്‍ഷത്തെ സിപിഎം ഭരണത്തിന് അന്ത്യംകുറിച്ചാണ് മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതി അധികാരമേറ്റത്.
നഗരത്തിലെ പ്രധാന റോഡുകളുടെ ശോച്യാവസ്ഥപോലും പരിഹരിക്കാന്‍ കഴിഞ്ഞ പത്ത്മാസംകൊണ്ട് ഈ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. മുമ്പെങ്ങും ഇല്ലാത്ത വിധത്തിലാണ് നഗരത്തിലെ വെള്ളക്കെട്ട്. പ്രധാനറോഡുകളില്‍പ്പോലും ഓണക്കാലമായിട്ടും വഴിവിളക്കുകള്‍ തെളിയുന്നില്ല. ഭരണപക്ഷത്തെ അഴിമതിയും ഉദ്യോഗസ്ഥരുടെ അഴിമതിയും കൊടികുത്തിവാഴുകയാണ്. എന്നാല്‍ നഗരസഭാ ഭരണത്തിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടാന്‍ പ്രധാന പ്രതിപക്ഷമായ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.
എന്നാല്‍ ഭരണവീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഭരണപക്ഷ കൗണ്‍സിലറും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ എന്‍.വേണുഗോപാല്‍ രംഗത്ത് എത്തിയിട്ടുണ്ട്. നഗരസഭാ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് കത്തയച്ചിരിക്കുകയാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ് കൊച്ചി നഗരസഭക്കെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തുന്നു. റോഡുകളുടെ ശോച്യാവസ്ഥയും നഗരസഭയുടെ കടബാധ്യതയും ചര്‍ച്ചചെയ്യാന്‍ അടിയന്തര കൗണ്‍സില്‍യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മേയര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട് അതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് നഗരസഭ അടിയന്തിര കൗണ്‍സില്‍യോഗം ചേരും. നഗരസഭ വന്‍സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും പറയപ്പെടുന്നു. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഭരണ സമിതി അധികാരത്തില്‍ വന്നതിന് ശേഷം ഭരണപക്ഷ അംഗമായ എന്‍.വേണുഗോപാലാണ് പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വഹിച്ചുവന്നത്. വിളക്കുകാലില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചതിലെ അഴിമതിയടക്കം പല കാര്യങ്ങളും അദ്ദേഹം കൗണ്‍സിലില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. എന്നാല്‍ പ്രതിപക്ഷനേതാവ് എ.ജെ.ജേക്കബ് പല കാര്യങ്ങളിലും നിശബ്ദനാകുന്നതാണ് കാണാനായത്. വിളക്കുകാലിലെ പരസ്യബോര്‍ഡ് സംബന്ധിച്ച അഴിമതിയെപ്പറ്റി വിജലന്‍സ് കോടതിയില്‍ പോകുമെന്ന് പറഞ്ഞിട്ട് 4 മാസം പിന്നിട്ടു. ഇതുവരെയും അത് സംബന്ധിച്ച് ഒരു ചുവട് പോലും മുന്നോട്ട് പോകാന്‍ പ്രതിപക്ഷത്തിനായില്ല. ഇതിനിടെ പ്രതിപക്ഷത്തെ പരാജയത്തിന്റെ ജ്യാള്യത മറക്കാന്‍ പ്രതിപക്ഷനേതാവ് എന്‍.വേണുഗോപാലിനെതിരെ ഇന്നലെ രംഗത്ത് വരികയും ചെയ്തു. വേണുഗോപാലിന്റെ പ്രസ്താവന ജനങ്ങളെ പറ്റിക്കാനാണെന്ന് എ.ജെ.ജേക്കബ് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എന്നാല്‍ മേയര്‍ക്കെതിരെ സംസാരിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല. മേയറോടുള്ള പ്രതിപക്ഷനേതാവിന്റെ മൃദുസമീപനത്തിനെതിരെ പ്രതിപക്ഷകൗണ്‍സിലര്‍മാരുടെ ഇടയിലും മുറുമുറുപ്പ് ഉടലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: