കൊച്ചി: കദളിയും ചെങ്കദളിയും മുതല്‍ പിസാങ്ങും ഗ്രനാങ്ങും വരെ…ഹരിതോത്സവ നഗരിയിലെ വാഴപ്പഴവൈവിധ്യം കണ്ണും മനവും വയറും നിറക്കുന്നു. കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും മാത്രമല്ല വാഴപ്പഴത്തിലെ വൈവിധ്യമെന്ന് ബോധ്യപ്പെടുത്തുന്നതാണ് മേളനഗരിയിലെ വാഴക്കുലക്കൂട്ടം. അറുപതിലേറെ ഇനങ്ങളിലുള്ള വാഴപ്പഴങ്ങളാണ് ഇക്കുറി ഹരിതോത്സവത്തില്‍ അണിനിരത്തിയിരിക്കുന്നത്. കേരളത്തിന് തന്നെയാണ് ഇതില്‍ കേമത്തമെങ്കിലും വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയും വിദേശ ഇനങ്ങളുമാണ് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്.
വാഴപ്പഴത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഇത്തവണത്തെ ഹരിതോത്സവത്തില്‍ വൈവിധ്യമാര്‍ന്ന വാഴപ്പഴങ്ങള്‍ അവതരിപ്പിക്കുന്നതിന് നൂറടി നീളത്തിലുള്ള പ്രത്യേക പ്രദര്ശനവിഭാഗമാണ് മേള ഒരുക്കിയിരിക്കുന്നത്. വിദേശ വാഴപ്പഴങ്ങളാണ് പിസാങ്ങ്, ഗ്രനാങ്ങ് എന്നിവ. മഞ്ചേരി നേന്ത്രന്. ചുണ്ടില്ലാക്കണ്ണന്, പാലയംകോടന്, റൊബസ്റ്റ, കുന്നന്, അമൃതപാലി, മൊന്തന്‍, പൂവന്, ഞാലിപ്പൂവന്, ചാരപ്പൂവന്, കല്‍ക്കട്ട ഫോര്‍, കദളി, ചെങ്കദളി, ആറ്റുനേന്ത്രന്‍, നെടുനേന്ത്രന്‍, മിത്തോളി തുടങ്ങിയവയാണ് ഇതിലെ ഇന്ത്യന്‍ വൈവിധ്യം.
ഒരു നെല്ലിക്കയോളം പോരുന്ന തക്കാളിയും ആറിഞ്ച് വലുപ്പമുള്ള കയ്പക്കയും ഹരിതോത്സവത്തില്‍ പ്രദര്‍ശനത്തിനുണ്ട്. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ പ്രത്യേക പവലിയനില്‍ വെച്ചൂര്‍ പശുവും എച്ച്.എഫ് എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ഹോള്സ്െറ്റൈന് ഫ്രെഷ്യന് എന്ന സങ്കരയിനവുമുണ്ട്. ഗുജറാത്ത്, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള നാടന്‍ കാലി ഇനങ്ങളും പ്രദര്‍ശനത്തിന് അഴക് പകരുന്നു.
ഛത്തീസ്ഗഡ് ബാംബു മിഷന്റെ പവലിയനിലെ മുളകൊണ്ടുള്ള ചാരുകസേര ഏറെപ്പേരെ ആകര്‍ഷിക്കുന്നു. കാണാന്‍ ഭംഗിയുള്ള ഈ ചാരുകസേരയ്ക്ക് രണ്ടായിരം രൂപയാണ് വില. കേരള വനഗവേഷണ കേന്ദ്രത്തിന്റെ പവലിയനില്‍ 21 തരം മുളയിനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കാര്‍ഷിക ഉപകരണങ്ങളും അലങ്കാര മത്സ്യങ്ങളും പ്രദര്‍ശനത്തിനുണ്ട്.
കേരള അഗ്രികള്‍ച്ചറല്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ സ്റ്റാളില്‍ തേനും ചെറുതേനും പഴങ്ങളും ലഭിക്കും. കപ്പ ഉണക്കിയതും ശര്‍ക്കരയും മികച്ച ഗുണമേന്മയുള്ളതാണ്. മല്ലിപ്പൊടിയും മുളകുപൊടിയും മറ്റു മസാലക്കൂട്ടുകളും ഇവിടെയുണ്ട്. പച്ചക്കറികളും പലഹാരങ്ങളുമായി തീരമൈത്രിയുടെ സ്റ്റാളുമുണ്ട്. കൂട്ടുകൃഷിയില്‍ ഉല്പാദിപ്പിച്ച പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമാണ് കാണികളെ ആകര്‍ഷിക്കുന്ന മറ്റൊരു പവലിയന്.
പുഷ്പങ്ങളുടെ പ്രദര്‍ശനത്തിനായി എറണാകുളം അഗ്രി – ഹോര്‍ട്ടി സൊസൈറ്റി ഒരുക്കുന്നത് നൂറടി നീളത്തിലുള്ള പവിലിയനാണ്. നാലായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള തീം വില്ലേജാണ് മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. വാഴത്തോട്ടവും, കാളവണ്ടികളും ഫലവൃക്ഷങ്ങളും, ഇവിടെ ഒരുക്കിയിരിക്കുന്നു. നൂറ് സ്റ്റാളുകളും രണ്ട് പവലിയനുകളുമാണ് അമ്പതിനായിരം ചതുരശ്ര അടിയില്‍ സജ്ജീകരിച്ചിക്കുന്ന പ്രദര്‍ശന നഗരിയിലുള്ളത്. വൈകുന്നേരങ്ങളില്‍ വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറുന്നു. മീര നന്ദന്, സുരാജ് വെഞ്ഞാറമൂട്, റിമി ടോമി എന്നിവരുടെ പരിപാടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബാംബൂ ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍ മ്യൂസിക്, വയലി ഫോക് ഗ്രൂപ്പിന്റെ ആദിവാസി നൃത്തം എന്നിവയാണ് മറ്റു ചില പരിപാടികള്‍. പൂക്കളം, ഫോട്ടോഗ്രാഫി, പെയിന്റിങ് മത്സരങ്ങളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. ഉപഭോക്തൃ ബോധവല്‍ക്കരണവും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തിലുള്ള ശില്‍പ്പശാല സെപ്തംബര്‍ ഏഴിന് രാവിലെ പത്തരയ്ക്ക് കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. ഏഴിന് വൈകിട്ട് അഞ്ചു മണിക്കാണ് സമാപന സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: