Categories: Ernakulam

നാടന്‍ പട്ടങ്ങള്‍ക്ക്‌ പ്രിയം; കൊച്ചി പട്ടം പറപ്പിക്കല്‍ ലഹരിയില്‍

Published by

മട്ടാഞ്ചേരി: ഓണോത്സവകാലത്തെ പട്ടം പറപ്പിക്കല്‍ വിനോദലഹരിയിലാണ്‌ കൊച്ചി നിവാസികള്‍. കുട്ടികള്‍ മുതല്‍ വൃദ്ധജനങ്ങള്‍ വരെ ആനന്ദം കണ്ടെത്തി വീറും വാശിയുമായാണ്‌ പട്ടം പറത്തല്‍ വിനോദത്തില്‍ സജീവമാകുന്നത്‌. നാടന്‍ പട്ടങ്ങള്‍ക്ക്‌ വെല്ലുവിളിയായി ചൈനീസ്‌ പട്ടങ്ങളുണ്ടെങ്കിലും ആവശ്യക്കാര്‍ ഏറെയും മുംബൈ-നാടന്‍ പട്ടങ്ങള്‍ ആണെന്ന്‌ വ്യാപാരികള്‍ പറയുന്നു.

മാസങ്ങള്‍ക്ക്‌ മുമ്പേ തുടങ്ങുന്ന പട്ടം പറത്തല്‍ വിനോദം ഏറെ സജീവമാകുന്നത്‌ ഓണാവധിക്കാലത്താണ്‌. ആകാശത്തേക്കുയരുന്ന പട്ടങ്ങളെ നിയന്ത്രിക്കുന്ന നൂലുകള്‍ തമ്മില്‍ ഉടക്കി എതിരാളിയുടെ പട്ടത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തുന്നതാണ്‌ പട്ടം പറപ്പിക്കല്‍ മത്സരവിജയം. പണ്ടുകാലങ്ങളില്‍ വടക്കേയിന്ത്യന്‍ സമൂഹം സജീവമായിരുന്ന പട്ടം പറപ്പിക്കല്‍ വിനോദം തുടര്‍ന്ന്‌ ജനകീയ വിനോദമായി മാറുകയാണ്‌ ചെയ്തത്‌. ഓണാവധിയോടെ സജീവമാകുന്ന പട്ടം പറപ്പിക്കല്‍ മത്സരത്തിനായി 20 ഇനം പട്ടങ്ങളാണ്‌ വിപണിയില്‍ വില്‍പനക്ക്‌ ഒരുങ്ങിയിരിക്കുന്നത്‌. പട്ടം പറപ്പിക്കാനുള്ള നൂലിന്റെ വിഭാഗത്തിലും വിവിധ ഇനങ്ങളുണ്ട്‌. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ 30 ശതമാനം വരെയാണ്‌ പട്ടത്തിന്റെ വിലവര്‍ധനയെന്ന്‌ വില്‍പനക്കാര്‍ സമ്മതിക്കുന്നു.

ആദ്യകാലങ്ങളില്‍ വിപണിയില്‍ സജീവമായിരുന്ന മുംബൈ പട്ടങ്ങള്‍ക്കാണ്‌ ഇപ്പോഴും പ്രിയമേറെ. ഈറ്റ കൊണ്ടുള്ള നാടന്‍പട്ടങ്ങളും തുണികൊണ്ടുള്ള ചൈനീസ്‌ പട്ടങ്ങളും വിപണിയിലുണ്ട്‌. ഒരു രൂപ മുതല്‍ 60 രൂപ വരെയാണ്‌ മുംബൈ പട്ടങ്ങളുടെ വില. പേപ്പര്‍കൊണ്ട്‌ നിര്‍മിക്കുന്ന പട്ടങ്ങള്‍ ആകര്‍ഷകമാക്കുവാന്‍ ഇവയില്‍ സിനിമാതാരങ്ങള്‍ മുതല്‍ കുട്ടികളുടെ പ്രിയ കാര്‍ട്ടൂണ്‍-ആനിമേഷന്‍ താരങ്ങള്‍ വരെ ആലേഖനം ചെയ്തിട്ടുണ്ട്‌. അഹമ്മദാബാദ്‌, സൂറത്ത്‌, മുംബൈ, പൂനെ എന്നിവിടങ്ങളില്‍നിന്നാണ്‌ മുംബൈ പട്ടങ്ങള്‍ വില്‍പനക്കെത്തുന്നതെന്ന്‌ വ്യാപാരിയായ രമേശന്‍ പറഞ്ഞു. തീവണ്ടി മാര്‍ഗമാണ്‌ ഇവയിലേറെയും കൊണ്ടുവരുന്നത്‌.

ഈറ്റയും ഫാന്‍സി കടലാസുമാണ്‌ നാടന്‍ പട്ടങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്‌. ഈറ്റയുടെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയും കടലാസിന്റെ വിലവര്‍ധനവും മൂലം നാടന്‍ പട്ടം നിര്‍മാണത്തിന്‌ ചെലവ്‌ ഏറെയാണ്‌. കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്‌, കാസര്‍കോട്‌ എന്നിവിടങ്ങളില്‍നിന്നുപോലും നാടന്‍പട്ടങ്ങള്‍ വാങ്ങുന്നതിന്‌ വ്യാപാരികള്‍ കൊച്ചിയില്‍ വരാറുണ്ട്‌. പക്ഷേ ഇവരുടെ ഓര്‍ഡര്‍ അനുസരിച്ചുള്ള പട്ടങ്ങള്‍ നല്‍കുവാന്‍ കഴിയാറില്ലെന്ന്‌ ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനീസ്‌ പട്ടങ്ങളും വിപണിയിലുണ്ട്‌. കനം കുറഞ്ഞ തുണികള്‍കൊണ്ടുള്ളതാണ്‌ ചൈനീസ്‌ പട്ടങ്ങള്‍. മത്സരത്തേക്കാളേറെ പട്ടം പറപ്പിക്കല്‍ വിനോദത്തിലുള്ളവര്‍ മാത്രമാണ്‌ ചൈനീസ്‌ പട്ടങ്ങള്‍ വാങ്ങുന്നതെന്ന്‌ വില്‍പനക്കാരനായ അമരാവതി എം.എസ്‌എസിലെ ശ്രീകാന്ത്‌ പറഞ്ഞു. 50 രൂപ മുതല്‍ 250 രൂപവരെയാണ്‌ ചൈനീസ്‌ പട്ടങ്ങളുടെ വില. ചൈനയില്‍നിന്ന്‌ മൊത്തമായി കൊണ്ടുവന്ന്‌ വ്യാപാരികള്‍ പട്ടം വില്‍പ്പന നടത്തുന്നു. പട്ടം പറപ്പിക്കുന്നതിന്‌ മൂര്‍ച്ചയുള്ള റെഡിമെയ്ഡ്‌ നൂലാണ്‌ ഇപ്പോള്‍ വിപണിയിലുള്ളത്‌. 900 മീറ്റര്‍ വരുന്ന ഒരു വണ്ടി നൂലിന്‌ 200 രൂപയാണ്‌ വില. കുറഞ്ഞയിനത്തിന്‌ 60 രൂപയും. 10800 മീറ്റര്‍ നീളമുള്ള ഒരു സെറ്റിന്‌ 2500 രൂപയാണ്‌ വില. പണ്ടുകാലത്ത്‌ കുപ്പി പൊട്ടിച്ച്‌ മൈദമാവിന്‍ ചേര്‍ത്ത്‌ നൂലില്‍ തേച്ച്‌ മൂര്‍ച്ചയുള്ള നൂലാക്കുന്ന ശീലമൊന്നും ഇപ്പോഴില്ലെന്ന്‌ ശ്രീകാന്ത്‌ പറഞ്ഞു. 60 വര്‍ഷത്തിലേറെ പഴക്കമുള്ള പട്ടം വില്‍പ്പന കടകളിലൊന്നാണ്‌ ഫോര്‍ട്ടുകൊച്ചിയിലെ എംഎസ്‌എസ്‌ കട. പണ്ട്‌ കാലത്ത്‌ 20 പട്ടം വില്‍പന കടകളുണ്ടായിരുന്ന മട്ടാഞ്ചേരി-ഫോര്‍ട്ടുകൊച്ചി മേഖലയിലിന്ന്‌ നാല്‌ കടകള്‍ മാത്രമാണ്‌ പട്ടം വില്‍പ്പന രംഗത്തുള്ളത്‌. കൊച്ചിക്ക്‌ പുറമെ ആലപ്പുഴ, കോഴിക്കോട്‌, കാസര്‍കോട്‌ എന്നിവിടങ്ങളിലും പട്ടം പറത്തല്‍ വിനോദം സജീവമാണ്‌.

എസ്‌. കൃഷ്ണകുമാര്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by