തിരുവനന്തപുരം: രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ പി.ജി അസോസിയേഷന് സംഘടനകളുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസിന്റേയും ഡോക്ടര്‍മാരുടെ സംഘടനകളുടെ നേതൃത്വത്തിലും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മര്‍ദ്ദനത്തിനെതിരെ നടപടി എടുത്തില്ലെങ്കില്‍ സംസ്ഥാനമൊട്ടാകെ സമരം വ്യാപിപ്പിക്കുമെന്ന് പി.ജി അസോസിയേഷന് അറിയിച്ചു.
മിന്നല്‍ പണിമുടക്കില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനം സ്തംഭിച്ചു. ചികിത്സ കിട്ടാതെ രോഗികള്‍ വലഞ്ഞു. ഒ.പി പ്രവര്‍ത്തനവും പൂര്‍ണമായി മുടങ്ങി. ദൂരെ സ്ഥലങ്ങളില്‍ നിന്ന് എത്തിയ രോഗികളടക്കം നിരവധിയാളുകള്‍ രാവിലെ മുതല്‍ ഒ.പിക്കു മുന്നില്‍ കാത്തുനിന്നു. രാവിലെ രോഗികള്‍ക്ക് മരുന്ന് കുറിച്ചുകൊടുക്കാന്‍ പോലും ഡോക്ടര്‍മാര്‍ എത്തിയില്ല. പി.ജി ഡോക്ടര്‍മാരടക്കം മിക്ക ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുത്തു. അത്യാഹിത വിഭാഗത്തില്‍ ഹൗസ് സര്ജന്മാര് മാത്രമാണുണ്ടായിരുന്നത്.
അര്‍ദ്ധരാത്രിയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രശ്നമുണ്ടായത്. ഹൃദയസംബന്ധമായ അസുഖത്താല്‍ അഴിക്കോട് സ്വദേശി മീരാസാഹിബ് മരിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഡോക്ടര്‍മാര്‍ക്കെതിരെ തിരിഞ്ഞത്. മെഡിക്കല്‍ ഐ.സി.യുവിലേക്കുള്ള ഇടനാഴിയിലെ ചില്ലുകളും അടിച്ചു തകര്‍ത്തു.
ചികിത്സയ്ക്ക് കാലതാമസം നേരിട്ടതാണ് മരണകാരണമെന്നാരോപിച്ചായിരുന്നു അതിക്രമം. ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി ഡോക്ടര്‍ ബെല്‍വാന്‍, മെഡിക്കല്‍ ഓഫിസര്‍ രഞ്ജിത്ത്, ഡോ.കൃപേഷ് എന്നിവര്‍ക്കാണ് ബന്ധുക്കളുടെ മര്‍ദ്ദനമേറ്റത്. ഐ.സി.യുവില്‍ കയറിയാണ് ബെല്വാനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ റൂമിലും ഇവര്‍ അതിക്രമിച്ച് കയറി. ക്രൂരമായ മര്‍ദ്ദനമേറ്റ ബെല്‍വാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച മീരാസാഹിബിന്റെ മകന് സുള്ഫിയെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: