അണ്ണാ ഹസാരെ ആരംഭിച്ച അഴിമതി വിരുദ്ധ പോരാട്ടത്തെ കുറിച്ച് പ്രധാനമന്ത്രിയും സഹമന്ത്രിമാരും ഒരുപാട് പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ അതിലേറെ. കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായ രാഹുല്‍ ഇത്രനാളും മൗനത്തിലായിരുന്നു. ഇന്നലെ പാര്‍ലമെന്റില്‍ രാഹുല്‍ എഴുന്നേറ്റപ്പോള്‍ കാര്യമായി എന്തെങ്കിലും പറയുമെന്ന് കരുതി. എഴുതി വായിച്ച പ്രസ്താവനയ്ക്ക് രാഹുലിന് അവസരം ലഭിച്ചതു തന്നെ പലരെയും അദ്ഭുതപ്പെടുത്തുകയും ചെയ്തു. സ്പീക്കറുടെ പ്രത്യേകാനുമതിയോടെ മന്ത്രിമാര്‍ നടത്തുന്ന പ്രസ്താവന പോലെ രാഹുല്‍ വായന ആരംഭിച്ചപ്പോള്‍ തന്നെ മുറുമുറുപ്പും തുടങ്ങി. അത് വലിയ ബഹളത്തിനും വഴി വച്ചു. ‘ശൂന്യവേളയാണ്. താന്‍ അനുവദിച്ചിട്ടാണ് സംസാരിക്കുന്നത്. ദയവു ചെയ്ത് തടസ്സപ്പെടുത്തരുതെന്ന്’ സ്പീക്കര്‍ മീരാകുമാര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥന നടത്തി. അതുകൊണ്ട് മാത്രം വായന പൂര്‍ത്തിയാക്കാനായി. പ്രസ്താവന കേട്ടപ്പോഴാകട്ടെ “ഇരുന്നിരുന്ന് പെറ്റത് ചാപിള്ളയെ” എന്ന പോലെയായി.
“അഴിമതി തടയാന്‍ ലോക്പാല്‍ കൊണ്ടു മാത്രം കഴിയില്ല. അഴിമതി നേരിടാന്‍ എളുപ്പവഴിയില്ല. അഴിമതി തുടച്ചുനീക്കാന്‍ ഓരോരുത്തരും മുന്നോട്ടു വരണം. അണ്ണാ ഹസാരെ അഴിമതി വിരുദ്ധ വികാരം ഉയര്‍ത്തി. അതിന് അദ്ദേഹത്തോടു നന്ദിയുണ്ട്.�
“ലോക്പാലിനെ ഭരണഘടനാ സ്ഥാപനം ആക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന് പോലൊരു സ്ഥാപനം ആക്കുകയാണു വേണ്ടത്. ജനാധിപത്യ പ്രക്രിയയെ തടസപ്പെടുത്താന്‍ ആരെയും അനുവദിക്കാനാവില്ല. ഒരു ലോക്പാല്കൊണ്ടുമാത്രം അഴിമതി തടയാനാവില്ല. പാര്‍ലമെന്റിന്റെ അവകാശങ്ങളെ അതിരുകടക്കുന്നത് മോശം കീഴ്വഴക്കങ്ങള് സൃഷ്ടിക്കും.”
രാഹുലിന്റെ പ്രസംഗത്തിന്റെ കാതല്‍ ഇത്രമാത്രം. പാര്‍ലമെന്റിന്റെ അധികാരങ്ങളും അവകാശങ്ങളും അന്തസ്സും രാഹുലിനേക്കാള്‍ നന്നായി മനസ്സിലാക്കിയ മാന്യന്മാര് ഉള്‍ക്കൊള്ളുന്നതാണ് പാര്‍ലമെന്റ്. രാഹുലിന്റെ പ്രായത്തിനെക്കാള്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ പരിചയസമ്പത്തുള്ളവരും നിരവധിയുണ്ട്. രാഹുലിന്റെ പാര്‍ലമെന്ററി പരിചയം ഹാജര്‍ ബുക്കില്‍ ഒപ്പിടുക എന്നതില്‍ കവിഞ്ഞെന്തെങ്കിലുമുണ്ടെന്ന് പറയാന്‍ കടുത്ത ആരാധകര്‍ പോലും തയ്യാറാകുകയില്ല. ഒരു സ്വകാര്യ ബില്‍, അല്ലെങ്കില്‍ കുറെ സബ്മിഷനുകള്‍, അല്പമെങ്കിലും ചോദ്യങ്ങള്‍, നിയമനിര്‍മാണത്തിനുള്ള കനപ്പെട്ട സംഭാവന ഇത്യാദികളിലേതെങ്കിലുമൊന്നില് ശ്രദ്ധിക്കാന്‍ രാഹുലിന് സമയം ലഭിച്ചിട്ടില്ല.
കുട്ടിത്തം മാറാത്ത, എട്ടുപൊട്ടും തിരിയാത്ത ഒരു ശരാശരി കെഎസ്യുക്കാരനില്‍ നിന്നും ഒരു പടി മുന്നിലെന്നു പറയാനുള്ള ഒരു സംഭാവനയെങ്കിലും രാഹുലിന്റേതായുണ്ടോ ? എന്നിട്ടും രാഹുലിനെയാണ് ചികിത്സയ്ക്കു പോകുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ മുഖ്യചുമതലക്കാരിലൊരാളായി നിശ്ചയിച്ചിരുന്നത്. ‘ഉപകാരമില്ലാത്ത ഉലക്കയ്ക്ക് രണ്ടു ഭാഗത്തും ചിറ്റിട്ടിട്ട് എന്തു കാര്യം’ എന്നു ചോദിക്കുന്നതു പോലെ കാര്യപ്രാപ്തിയില്ലെങ്കില്‍ ചുമതല ഏത് ലഭിച്ചിട്ടെന്തു പ്രയോജനം ? ഒരുചാണ്‍ തടിയില്‍ നിന്നും ഒരു മുഴം വെട്ടിയെടുക്കാനാകില്ലല്ലോ!
ലോക്പാല്‍ നിയമം കൊണ്ടും പാര്‍ലമെന്റിലെ നിയമം കൊണ്ടും അഴിമതി തടയാനാകില്ലെന്ന് പറയുന്ന ‘യുവരാജാവിന്’ അഴിമതി തടയാന്‍ മേറ്റ്ന്തു നിര്ദേശമാണാവോ മുന്നോട്ടു വയ്ക്കാനുള്ളത്. അതല്ല നിയമവും വേണ്ട നിയന്ത്രണവും വേണ്ട അഴിമതി നിര്‍ബാധം നടക്കട്ടെ എന്നാകുമോ ഭാവി പ്രധാനമന്ത്രി (?) യുടെ ചിന്ത. അണ്ണാ ഹസാരെയെ ഉദ്ധരിക്കാന്‍ രാഹുല്‍ പ്രസ്താവനയില്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നു. ഇവര്‍ തമ്മിലുള്ള സാമ്യം ഒരു കാര്യത്തിലാണ്. അവിവാഹിതരാണെന്നതാണത്. പക്ഷേ കരിമ്പൂച്ചകളെ കാവലിരുത്തി പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊളംബിയക്കാരി കാമുകിയുമായി സല്ലപിക്കുന്നതു പോലുള്ള ഏടാകൂടങ്ങളിലൊന്നും ഹസാരെ ഏര്പ്പെടാറില്ലെന്ന ഭേദഗതി കൂടിയുണ്ട്. അഴിമതിക്കാരായ കോണ്‍ഗ്രസ് മന്ത്രിമാര്‍ പലരും ഹസാരെയെ തട്ടാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതായി ഹസാരെ തന്നെ എഴുതിയിട്ടുണ്ട്. പണാപഹരണ ആരോപണവും പെണ്ണു കേസുമൊക്കെ ഹസാരെയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസുകാര്‍. അക്കഥകളൊക്കെ ‘മൈ വില്ലേജ്, പ്ലെയ്സ് ഓഫ് പില്‍ഗ്രിമേജ്’ എന്ന പുസ്തകത്തില്‍ ഹസാരെ സൂചിപ്പിക്കുന്നുണ്ട്.
മുപ്പത്തിയഞ്ചു വര്‍ഷം മുമ്പ് വീടു വിട്ടിറങ്ങിയ ഹസാരെ തിരിച്ച് വീട്ടില്‍ പോയിട്ടില്ലെങ്കിലും നാടു വിട്ടിട്ടില്ല. സ്വന്തം ഗ്രാമത്തിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും നിരന്തരം ഇടപെടുകയും അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കി കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലെ അദ്ദേഹത്തിന്റെ ഗ്രാമം കുടിവെള്ളവും കിടപ്പാടവുമില്ലാത്ത ജനങ്ങളാല്‍ സമൃദ്ധമായിരുന്നു. ഇന്ന് ആ പ്രദേശം മുഴുവന്‍ പുതിയൊരു ലോകമായി മാറിയിരിക്കുകയാണ്. റാലേഗാന്‍ സിദ്ധി എന്ന ഈ ഗ്രാമം മാത്രമല്ല തൊട്ടടുത്ത പ്രദേശങ്ങള്‍ പോലും സ്വയം പര്യാപ്തത നേടുന്നതിനും സമ്പത്സമൃദ്ധമാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. പൊതു പ്രവര്‍ത്തനത്തിനും സാമൂഹ്യപുരോഗതിക്കും അഴിമതി നിര്‍മാര്‍ജനത്തിനും ജീവിതം ഉഴിഞ്ഞുവച്ച ഹസാരെയെ അപകീര്‍ത്തിപ്പെടുത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയുണ്ടായി. രണ്ടു സ്ത്രീകളെ വാടകയ്ക്കെടുത്ത് അപവാദ പ്രചാരണം നടത്താന്‍ മുന്‍കയ്യെടുത്തത് അഴിമതി ആരോപണം നേരിട്ട ഒരു മന്ത്രി തന്നെയായിരുന്നെന്ന് അദ്ദേഹം കാര്യകാരണ സഹിതം വിവരിക്കുന്നുണ്ട്. പിന്നീട് സമസ്താപരാധങ്ങളും പൊറുക്കണമെന്നഭ്യര്ഥിച്ച് ആ സ്ത്രീകള്‍ തന്നെ ഗ്രാമീണരുടെ മുന്നില്‍ വന്നതും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പത്തു ലക്ഷം രൂപയും ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്നും 75 ലക്ഷം രൂപയും ഹസാരെ സംഘം തട്ടിയെടുത്തതായും അഴിമതിക്കെതിരായ സമരത്തിനു വേണ്ടി പത്തു കോടിയിലധികം വളഞ്ഞ വഴിയിലൂടെ സമാഹരിച്ചു എന്നും അടുത്തിടെ പ്രചരിപ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍.
അഴിമതി തടയാന്‍ ഓരോരുത്തരും ശ്രമിക്കണമെന്ന് ഉപദേശിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ നേതാക്കളും സഹപ്രവര്‍ത്തകരുമെല്ലാം നാലു പതിറ്റാണ്ടായി അഴിമതിക്കെതിരെ പൊരുതുന്ന ഹസാരെയെ കള്ളനാക്കാന്‍ നോക്കി. അമേരിക്കന്‍ ചാരനെന്നു വരെ മുദ്രകുത്തി. ഹസാരെയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനകള്‍ പൊതുപണം ദുര്‍വിനിയോഗം ചെയ്തതായി കള്ളപ്രചാരണം നടത്തി. അതിന്റെയൊന്നും മഷി ഉണങ്ങും മുമ്പ് ഹസാരെയുടെ വലുപ്പവും ത്യാഗവും അവര്‍ തിരിച്ചറിഞ്ഞെങ്കില്‍ കിട്ടേണ്ടത് കിട്ടിയപ്പോള്‍ തോന്നേണ്ടത് തോന്നുന്നു എന്നു കരുതിയാല്‍ മതി. കോണ്‍ഗ്രസുകാര്‍ക്ക് മൊഴിമാറ്റുവാന്‍ ഒരു പ്രയാസവുമില്ല. ‘എത്തിയാല്‍ കുടുമ എത്തിയില്ലെങ്കില്‍ കാല്’ കോണ്‍ഗ്രസിന്റെ മിടുക്ക് അമ്മാതിരിയായി തീര്‍ന്നിരിക്കുന്നു എന്നാശ്വസിക്കാം.
അഴിമതിക്കെതിരെ പൊതുബോധം ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയായി ഹസാരെയെ രാഹുല്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഏതാനും ദിവസം മുമ്പ് ദല്‍ഹി പോലീസ് അനുഷ്ഠിച്ച സേവനവും വിസ്മരിക്കരുത്. അഴിമതിക്കെതിരെ സമരം തുടങ്ങും മുമ്പാണ് ദല്‍ഹി മയൂര്‍വിഹാറിലെ വസതിയില്‍ കടന്നുകയറി ഹസാരെയെ കസ്റ്റഡിയിലെടുത്ത് തീഹാര്‍ ജയിലിലേക്കയച്ചത്. രാജ്യത്തെ രക്ഷിക്കാനും ജനാധിപത്യ ഭരണ സംവിധാനം തകരാതിരിക്കാനുമാണ് അറസ്റ്റ് എന്നാണ് കോണ്‍ഗ്രസിന്റെ വക്കാലത്തുകാര് അന്നൊക്കെ വീറോടെ വാദിച്ചത്. ജയിലില്‍ കള്ളന്മാരും കള്ളപ്പണക്കാരും പൊതുമുതല്‍ കട്ടുമുടിച്ചവരെയുമെല്ലാം പാര്‍പ്പിച്ച വാര്‍ഡിലേക്കാണ് ഹസാരെയെയും തളളിയത്. അദ്ദേഹത്തിന്റെ സമരം ജനമുന്നേറ്റമായി മാറിയപ്പോള്‍ അതിന്റെ പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് കോണ്‍ഗ്രസുകാരുടെ ആക്ഷേപം. ഹസാരെ ആര്എസ്എസുകാര്ക്കൊപ്പമില്ലെങ്കിലും ഹസാരെയ്ക്കൊപ്പം ആര്‍എസ്എസുകാരാണെന്നാണ് ചാനല്‍ ചര്‍ച്ചകളിലൊക്കെ രാഹുലിന്റെ ആരാധകര്‍ വച്ചുകാച്ചിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ അത് ആക്ഷേപമായല്ല അഭിമാനമാണെന്നാണ് ഇതു സംബന്ധിച്ചുള്ള പൊതു സമൂഹത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. വീണ്വാക്കുകളെക്കാള് എത്രയോ ഉയരത്തിലാണ് നല്ല പ്രവൃത്തി. അത്തരം പ്രവര്‍ത്തനങ്ങള്‍ കൊടുംവിഷത്തെ പോലും അമൃതാക്കി മാറ്റുമെന്ന് ഋഷീശ്വരന്മാരെ ഉദ്ധരിച്ച് ഹസാരെ പറഞ്ഞതു തന്നെയാണ് കുപ്രചരണക്കാര്ക്കുള്ള മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: