കൊച്ചി: ജലഗതാഗതവകുപ്പിന്റെ ബോട്ടുകള്‍ പണിമുടക്ക് പതിവാക്കിയതോടെ പശ്ചിമകൊച്ചിക്കാര്‍ക്ക് യാത്രാദുരിതം വര്‍ധിക്കുന്നു. എറണാകുളം ജെട്ടിയില്‍നിന്നും വൈപ്പിന്‍, മട്ടാഞ്ചേരി, ഐലന്റ്, ഫോര്‍ട്ടുകൊച്ചി റൂട്ടിലാണ് ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ പ്രധാനമായും സര്‍വീസ് നടത്തുന്നത്. ചുരുങ്ങിയ സമയംകൊണ്ട് കുറഞ്ഞ യാത്രാക്കൂലിയില്‍ നഗരത്തിലേക്കും, തിരിച്ചും യാത്രചെയ്യാം എന്നതാണ് ദീപുനിവാസികള്‍ ബോട്ടുയാത്രയെ ഏറെ ആശ്രയിക്കുവാനുള്ള കാരണം.
എന്നാല്‍ അടുത്തിടെയായി സര്‍ക്കാര്‍ ബോട്ടുകള്‍ക്ക് കേടുപാടുകള്‍ പതിവായതോടെ ദീപുകാരുടെ യാത്രാദുരിതം വര്‍ധിച്ചിരിക്കുകയാണ് എന്നാണ് പരാതി.
എറണാകുളം- ഫോര്‍ട്ടുകൊച്ചി റൂട്ടിലാണ് ഏറ്റവും അധികം പേര്ബോട്ടില് യാത്രചെയ്യുന്നത്. രാവിലെ 5 മുതല്‍ ആരംഭിക്കുന്ന സര്‍വീസുകളില്‍ 10 മണിവരെയാണ് ഏറെ നിരക്കനുഭവപ്പെടുന്ന സമയം. എന്നാല്‍ ബോട്ടുകളുടെ എണ്ണം കുറവായതിനാല്‍ സര്‍വ്വീസുകള്‍ പലതും വെട്ടിക്കുറക്കുന്നതുമൂലം മിക്ക സമയങ്ങളിലും ബോട്ടുയാത്രക്ക് വന്‍ നിരക്കാണ് അനുഭവപ്പെടുന്നത്.
ആദ്യകാലത്ത് തടികൊണ്ടുനിര്‍മിച്ച ബോട്ടുകളാണ് സര്‍വീസിനായി ഉപയോഗിച്ചിരുന്നതെങ്കില്‍ പിന്നീട് സ്റ്റീല്‍ ബോട്ടുകളാണ് ജലഗതാഗതവകുപ്പ് സര്‍വീസിനായി ഏര്‍പ്പെടുത്തിയത്. ഇതിനിടെ ഫൈബര്‍ ബോട്ടുകളും വാങ്ങി പരീക്ഷണത്തിനു സര്‍വീസ് നടത്തി. ഇത്തരത്തില്‍ 50 ലക്ഷം രൂപ വീതം മുടക്കി വാങ്ങിയ ബോട്ടുകള്‍ കൊച്ചിക്കായലില്‍ സര്‍വീസ് നടത്തുന്നത് സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതോടെ ഇവ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജെട്ടിയില്‍ കെട്ടിയിട്ടിരിക്കുകയാണ്. ഉപയോഗശൂന്യമായ ഈ ബോട്ടുകള്‍ വാങ്ങാന്‍ കോടികള്‍ ചെലവാക്കിയ ജലഗതാഗതവകുപ്പിനാവട്ടെ, തിരക്കേറിയ റൂട്ടുകളില്‍ പുതിയ സ്റ്റീല്‍ ബോട്ടുകള്‍ വാങ്ങി സര്‍വീസ് നടത്തുവാന്‍ പണം ഇല്ല എന്ന ദുരവസ്ഥ കൂടി വന്നുപെട്ടതോടെ പശ്ചിമകൊച്ചിക്കാരുടെ യാത്രാ ദുരിതം വീണ്ടും ഇരട്ടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: