പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ പടനീക്കം തുടങ്ങിയെന്ന് അറിഞ്ഞ നിമിഷം ദില്ലിയിലുണ്ടായിരുന്ന ഒരു വിരുതന് ഉറുദു ടൈപ്പറൈറ്റിംഗ് പഠിക്കാന്‍ തുടങ്ങിയെന്നൊരു കഥയുണ്ട്. ആ വിരുതന് മറ്റാരുമായിരുന്നിരിക്കില്ലെന്നത് ആ കഥയോടു ചേര്‍ത്തുവച്ച വാക്കുകളാണ്. തീര്‍ച്ചയായും അതൊരു മലയാളിയായിരിക്കും. വി.കെ.എന്നിന്റെ വളരെ രസകരമായ ഒരു കഥയിലെ ഭാഗമാണിത്. മലയാളിയുടെ ഭാഷാ ജീവിതത്തെക്കുറിച്ച് അതിലും വലിയൊരു ഉദാഹരണം വേറെ പറയാനുണ്ടാകില്ല.
ഓരോ ഭാഷയും മരിക്കുന്നത് പറയാനും പാടാനും ആളില്ലാതെ വരുമ്പോഴാണ്. അങ്ങനെ മരിച്ചുമണ്ണടിഞ്ഞ നിരവധി ഭാഷകളുണ്ട്. എഴുതുകയും പറയുകയും പാടുകയും ചെയ്താല്‍മതി, ഭാഷ മരിക്കില്ല. ഭാഷ വെറും ആശയവിനിമയ ഉപാധി മാത്രമല്ല. ഭാഷയ്ക്കൊപ്പം സജീവമായി നിലനില്‍ക്കുന്ന സംസ്കൃതിയുമുണ്ട്. മലയാള ഭാഷയ്ക്കൊപ്പം നിലനില്‍ക്കുന്ന സംസ്കൃതിയാണ് ഓരോ മലയാളിയുടെയും ജീവിതം. നമ്മുടെ മലയാളം അത്രപെട്ടന്നൊന്നും കാലയവനികയ്ക്കുള്ളില്‍ മറയില്ലെന്ന് ഉറപ്പിച്ചു സ്ഥാപിക്കാനാണ് ഇതെല്ലാം എഴുതുന്നത്. മലയാളത്തില്‍ പറയുക, മലയാളത്തില്‍ പാടുക, മലയാളത്തില്‍ കാണുക…ഇത്രയൊക്കെ ചെയ്താല്‍ മതി, ഭാഷ മരിക്കാതിരിക്കാന്‍.
പക്ഷെ, സംഭവിക്കുന്നത് മറിച്ചാണ്. മലയാളം എഴുതുകയും പാടുകയും കാണുകയും ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു. തെരുവുകളില്‍ മലയാളമില്ല. നഗരങ്ങളിലെല്ലാം ഇംഗ്ലീഷ്. വ്യാപാര സ്ഥാപനങ്ങളുടെ പേരെഴുതിയ ബോര്‍ഡുകളിലെങ്ങും മലയാളമേ കാണാനില്ല. തമിഴിനെയും കന്നടയെയും കുറിച്ച് നമ്മള് പലപ്പോഴും പറയാറുണ്ട്, അവര്‍ ഭാഷാ ഭ്രാന്തന്മാരാണെന്ന്. ഹിന്ദിയെ ഉത്തരേന്ത്യന്‍ ഭാഷയെന്ന് വിളിച്ചാക്ഷേപിക്കുകയും ഹിന്ദി സംസാരിക്കരുതെന്ന് വിലക്കുകയും ചെയ്തിരുന്നു പണ്ട് തമിഴ് നാട്ടില്‍. അവര്‍ക്ക് ഭ്രാന്തായിരുന്നതിനാലല്ല, അന്നങ്ങനെ ചെയ്തതെന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മനസ്സിലാകുന്നു. അവരന്നു കാട്ടിയ ഭ്രാന്തില്‍ നിന്നു കൂടിയാണ് തമിഴ് ഭാഷ ക്ലാസ്സിക്കല്‍ പദവിയിലേക്ക് ഉയര്‍ന്നത്.
തമിഴ്നാട്ടിലെ തെരുവുകളില്‍ എവിടെ തിരിഞ്ഞാലും തമിഴ് കാണാം. തമിഴ് സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ കവിത കേള്‍ക്കുന്നതുപോലെ. പെണ്‍കുട്ടികളുടെ തമിഴ് ഭാഷയ്ക്ക് കാല്പനിക സ്പര്‍ശം. ‘വീരപാണ്ഡ്യ കട്ടബൊമ്മനി’ല്‍ ശിവാജി ഗണേശന്റെ തമിഴിന് അന്തസ്സും ആഢ്യത്തവും കൂടും. ഭംഗിയായി തമിഴ് സംസാരിക്കാന്‍ തമിഴ്നാട്ടുകാരന് വിദ്യാഭ്യാസം വേണമെന്നില്ല. വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനും ഒരുപോലെ നല്ല തമിഴ് സംസാരിക്കും. ഭാഷയോട് തികഞ്ഞ ആത്മാര്‍ത്ഥത കാട്ടിയാണ് അവരത് നേടിയെടുത്തത്. അതിനു കുറുക്കു വഴികളേതുമില്ല. മലയാളിക്ക് കുറുക്കു വഴികളാണിഷ്ടം. അതിനാലാണ് നശിച്ചു കൊണ്ടിരിക്കുന്നുവെന്ന്, അല്ലെങ്കില്‍ ഉയിര്ത്തെഴുന്നേല്ക്കണമെന്ന് മലയാളത്തെ കുറിച്ച് ഇടയ്ക്കിടയ്ക്ക് പറയേണ്ടി വരുന്നത്.
ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ടു ഔദ്യോഗിക ഭാഷകളില്‍ ഒന്നാണു മലയാളം. കേരളത്തിനു പുറമേ ലക്ഷദ്വീപ്, ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിക്കുന്നുണ്ട്. മലയാളത്തെ ദേശീയ ഭാഷയായി ഉള്‍പ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതുപോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. ലോകത്താകമാനം 3.5 കോടി ജനങ്ങള്‍ മലയാള ഭാഷ സംസാരിക്കുന്നുണ്ട്. ദ്രാവിഡഭാഷാ കുടുംബത്തില്‍ ഉള്‍പ്പെടുന്ന മലയാളത്തിനു സംസ്കൃതം, തമിഴ് എന്നീ ക്ലാസിക്കല്‍ ഭാഷകളുമായി പ്രകടമായ ബന്ധമുണ്ട്.
ഇവിടെ തമിഴിനെയും മലയാളത്തെയും താരതമ്യപ്പെടുത്തിയത് ഭാഷയെ, അതാതു ഇടങ്ങളില്‍ അതുപയോഗിക്കുന്ന ജനങ്ങള്‍ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനാണ്. ഭാഷയുടെ നിലനില്‍പ്പിന് ഈ സ്നേഹം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഭാഷയെ സ്നേഹിക്കുന്ന കാര്യത്തില്‍ തമിഴനെക്കാള്‍ വളരെ താഴെയാണ് നമ്മള്. സാമ്പത്തികമായി അല്പമെങ്കിലും ഉയര്‍ന്നു നില്ക്കുന്ന മലയാളിയാണെങ്കില്‍ ഇംഗ്ലീഷ് സംസാരിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. മലയാളം സംസാരിക്കുന്നത് എന്തോ വലിയ കുറച്ചിലായി അവര്‍ കരുതുന്നു. എല്ലായിപ്പോഴും മലയാള ഭാഷ നമ്മുടെയൊക്കെ പൊതു സദസ്സുകളിലേക്ക് കടന്നു വരുമ്പോള്‍ ചര്‍ച്ചയാകാറുള്ള കാര്യമാണിത്. മലയാളം പഠിപ്പിക്കാത്ത സ്കൂളുകള്‍, മലയാളം സംസാരിച്ചാല്‍ പിഴയടയ്ക്കേണ്ടി വരുന്ന കുട്ടികള്‍, വീട്ടിലും ഇംഗ്ലീഷ് മാത്രം സംസാരിച്ചാല്‍ മതിയെന്ന് കുട്ടികളോട് ശഠിക്കുന്ന രക്ഷിതാക്കള്‍, സ്വന്തം മക്കള്‍ ഇംഗ്ലീഷില്‍ നാലക്ഷരം പറയുമ്പോള്‍ ലോകം കീഴടക്കിയ അഭിമാനത്താല്‍ തലയുയര്‍ത്തുന്ന മാതാപിതാക്കള്‍…..
ഈ സാഹചര്യത്തിലാണ് കേരളത്തില്‍ മലയാള സര്‍വ്വകലാശാല വരുന്നത്. കഴിഞ്ഞ കുറേദിവസങ്ങളില്‍ അനുഭവിച്ച അക്ഷരങ്ങളും പരിചയിച്ച വാക്കുകളുമെല്ലാം മലയാള സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടതായിരുന്നു. സമൂഹത്തിലെ പ്രശസ്തരായ പലരോടും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുന്നയിച്ചു. മലയാളത്തിനൊരു സര്‍വ്വകലാശാല എന്ന ആശയത്തെ മിക്കവരും സ്വാഗതം ചെയ്തെങ്കിലും പക്ഷേ, എന്നൊരു ആശങ്ക എല്ലാവരിലും നിറഞ്ഞു നിന്നു. ആ ‘പക്ഷേ’യില്‍ എല്ലാമുണ്ടായിരുന്നു.
തമിഴ് ഭാഷയെ ജീവനു തുല്യം സ്നേഹിക്കുന്ന ജനതയുണ്ടായിരുന്നിട്ടു കൂടി തഞ്ചാവൂരിലെ തമിഴ് സര്‍വ്വകലാശാല പരാജയപ്പെട്ടു. ഭാഷയെക്കുറിച്ചുള്ള ഗവേഷണവും പഠനവും അതിലുപരി ഭാഷയുടെ നിലനില്പ്പിനാവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനുമാണ് സര്‍വ്വകലാശാല സ്ഥാപിച്ചത്. എന്നാല്‍ അവിടെ ഭാഷ പഠിക്കാന്‍ കുട്ടികളെത്തിയില്ലെങ്കിലോ?. സര്‍വ്വകലാശാല വെറും നോക്കുകുത്തിയാകും. തഞ്ചാവൂരിലെ തമിഴ് സര്വ്വകലാശാലയ്ക്കുണ്ടായ ദുര്യോഗം അതാണ്.
അവര്‍ക്ക് തമിഴ് സംസാരിക്കാനും എഴുതാനും അതിലൂടെ ആശയ വിനിമയം നടത്താനും സിനിമയ്ക്കും മാത്രമുള്ളതായിരുന്നു ഭാഷ. അതിലപ്പുറം അതിനുള്ള സാധ്യതകളെ കുറിച്ചവര്‍ ചിന്തിച്ചതേയില്ല. സാധ്യതകള്‍ ഏറെയുണ്ടായിരുന്നിട്ടു കൂടി അതിനെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്തതിനാല്‍ തമിഴ് സര്‍വ്വകലാശാല പരാജയപ്പെട്ടു എന്നു പറയേണ്ടി വരും.
ഹമ്പിയിലെ കന്നട സര്‍വ്വകലാശാലയ്ക്കും ഹൈദ്രാബാദിലെ തെലുങ്ക് സര്‍വ്വകലാശാലയ്ക്കും ഉണ്ടായത് ഇതേ അനുഭവങ്ങളാണ്. അതിലൊക്കെ ഉപരിയാണ് നമ്മുടെ കാലടിയിലെ സംസ്കൃത സര്‍വ്വകലാശാല. സംസ്കൃത ഭാഷയെ ഇത്രത്തോളം അപമാനിച്ച മറ്റൊരു സര്‍വ്വകലാശാല വേറെയുണ്ടാകില്ല. സംസ്കൃതത്തിനു മാത്രം അവര്‍ ഊന്നല്‍ നല്‍കുന്നില്ല. സംസ്കൃതം കൊണ്ടു മാത്രം പിടിച്ചു നില്ക്കാന് കഴിയാതെ വന്നപ്പോള്‍ അവര്‍ മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ തുടങ്ങി.
ഇത്തരം മുന്നറിവുകളില്‍ നിന്നാണ് പ്രമുഖര്‍ ഉന്നയിച്ച ‘പക്ഷേ’എന്ന ആശങ്ക നിലനില്‍ക്കുന്നത്. പാരമ്പര്യവും സൗകര്യങ്ങളും ഏറെയുണ്ടായിരുന്നവയാണ് മുന്‍ പറഞ്ഞ ഭാഷകളും സര്‍വ്വകലാശാലകളുമെല്ലാം. അത്രയൊന്നും പാരമ്പര്യമോ പഴക്കമോ പറയാന്‍ കഴിയാത്ത മലയാളത്തിന്റെ ഗതി ആ നിലയ്ക്ക് എന്തായിത്തീരുമെന്ന് ഇപ്പോഴെ ഊഹിക്കാവുന്നതേയുള്ളു.
ഈ പംക്തിയില്‍ മലയാള സര്‍വ്വകലാശാലയെ കുറിച്ച് മുമ്പ് ഒരു കുറിപ്പെഴുതിയിരുന്നു. അതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് പലരും രംഗത്തെത്തുകയും ചെയ്തു. രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കെല്ലാം നന്ദി പറഞ്ഞുകൊണ്ട് വിനയത്തോടെ പറയട്ടെ. മലപ്പുറം ജില്ലയെ കുറിച്ച് ഈ ലേഖകന്‍ മുന്‍ധാരണകളൊന്നുമില്ല. പക്ഷെ, ഇപ്പോള്‍ മലപ്പുറം ജില്ലയിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നടത്തിപ്പിലും പ്രവര്‍ത്തനത്തിലും മതത്തിന്റെ പേരിലുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടി നടത്തുന്ന ഇടപെടലുകള്‍ നമുക്കെല്ലാം അറിയാവുന്നതാണ്. ആ ഇടപെടലുകള്‍ മലയാള സര്‍വ്വകലാശാലയിലേക്കും വ്യാപിക്കുമെന്ന് അടിവരയിട്ട് വീണ്ടും പറയുന്നു.
തുഞ്ചത്താചാര്യന്റെ മണ്ണില്‍ മലയാള സര്‍വ്വകലാശാല സ്ഥാപിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അവിടെയും ഒരു വിശദീകരണം ആവശ്യമാണ്. തുഞ്ചന്‍ പറമ്പിലല്ല മലയാള സര്‍വ്വകലാശാല സ്ഥാപിക്കുന്നത്. മലപ്പുറം ജില്ല മുഴുവന്‍ തുഞ്ചത്താചാര്യന്റെ മണ്ണാണോ?. എങ്കില്‍ എന്തിനു മലപ്പുറം? കേരളം മുഴുവന്‍ തുഞ്ചത്ത് ആചാര്യന്റെതല്ലെ? തുഞ്ചന്‍ പറമ്പ് ഒരു സര്‍വ്വകലാശാലയ്ക്കായി വിട്ടു നല്കാന് അവിടുത്തെ ഇപ്പോഴത്തെ ഭരണക്കാര്‍ സമ്മതിക്കില്ല. അവരത് കയ്യടക്കിവച്ചിരിക്കുകയാണെന്നതാണ് സത്യം. അവിടെ സര്വ്വകലാശാലയ്ക്കുവേണ്ട സ്ഥലവുമില്ല. തിരൂര്‍ വെട്ടം വാക്കോടുള്ള തുഞ്ചന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജ് സര്വ്വകലാശാലയാക്കാമെന്ന നിര്‍ദ്ദേശമുണ്ട്. മലപ്പുറം ജില്ലയിലെ മറ്റൊരു മുസ്ലീം ലീഗ് എംഎല്‍എ അദ്ദേഹത്തിന്റെ മണ്ഡലത്തിലേക്കായും സ്വാധീനം ചെലുത്തുന്നുണ്ടത്രേ.
മുമ്പ് ഈ പംക്തിയില്‍ എഴുതിയത് എത്രത്തോളം സത്യമായിരുന്നു എന്ന് ഇപ്പോള്‍ ചിന്തിക്കുക. മലയാള സര്‍വ്വകലാശാല വരുന്നു എന്നു കേട്ടപ്പോള്‍ മുസ്ലീം ലീഗ് സര്‍ക്കാരിനു മുന്നില്‍ അവകാശവാദം ഉന്നയിച്ചു. അതു തങ്ങള്‍ക്കു വേണമെന്ന്.
മനസ്സിലാക്കുക, അവരുടെ ലക്ഷ്യം ഭാഷയെ രക്ഷിക്കലോ, ഉന്നതിയിലെത്തിക്കുകയോ അല്ല. അവരുടെ അധീനതയിലേക്കൊരു വിദ്യാഭ്യാസ സ്ഥാപനം കൂടി കൊണ്ടു വരികയെന്നതു മാത്രം. മലയാളം രക്ഷപ്പെടില്ല എന്നത് ശാപവാക്കല്ല, ഉള്ളില്‍ നിന്നു വരുന്ന വേദനയാണ്.
വീണ്ടും പറയുന്നു, സര്‍വ്വകലാശാല എങ്ങനെയുമാകട്ടെ, മലയാളത്തില്‍ പറയുക, മലയാളത്തില്‍ പാടുക, മലയാളത്തില്‍ കാണുക…ഇത്രയൊക്കെ ചെയ്താല്‍ മതി, ഭാഷ മരിക്കാതിരിക്കാന്‍.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: