തൃശൂര്‍: വാഗ്ദാനങ്ങളുടെ പെരുമഴയുമായി കോര്‍പ്പറേഷന്റെ സമ്പൂര്‍ണ ബജറ്റ്. ഡെപ്യൂട്ടി മേയര്‍ അഡ്വ. സുബിബാബുവാണ് ഇന്നലെ നടപ്പാക്കാന്‍ കഴിയില്ലെന്ന് ഭരണസമിതിക്ക് തന്നെ ഉറപ്പുള്ള ഒട്ടനവധി പ്രഖ്യാപനങ്ങളുമായുള്ള ബജറ്റ് അവതരിപ്പിച്ചത്.
96 കോടി രൂപ വരവും 78 കോടി ചെലവും 10 കോടി നീക്കിയിരിപ്പുമുള്ള 2010-11ലെ പുതുക്കിയ ബജറ്റും 179 കോടി വരവും 169 കോടി ചെലവും 10 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2011-12ലെ ബജറ്റ് എസ്റ്റിമേറ്റുമാണ് അവതരിപ്പിച്ചത്.
വസ്തുനികുതി പുതുക്കുമെന്നും കോര്പ്പറേഷന് കെട്ടിടങ്ങളിലെ ലൈസന്‍സ് ഫീസ് കുറഞ്ഞത് 500 രൂപയാക്കുമെന്നും ശക്തന്തമ്പുരാന് നഗറില്‍ നിര്‍ദ്ദിഷ്ട പച്ചക്കറി മാര്‍ക്കറ്റ് ഉള്‍പ്പെടെ വാണിജ്യസമുച്ചയങ്ങള്‍ നിര്‍മ്മിച്ച് പ്രത്യുല്പാദനപരമായ വരുമാനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുമെന്നും ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
വികേന്ദ്രീകൃത മാലിന്യപദ്ധതി നടപ്പാക്കാന്‍ പ്രശ്നപരിഹാരത്തിന് 103 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ലാലൂര്‍ വൈദ്യുതി ശ്മശാനം ഗ്യാസ് സംവിധാനത്തിലാക്കി ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതാണ്. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജന പരിപാടി മൂലം 50 ശതമാനം മാലിന്യങ്ങള്‍ നഗരത്തില്‍ കുറയ്ക്കാനായെന്നും വീടുകളില്‍ ചെറുമാലിന്യസംസ്കരണ സംവിധാനം, 10 സെന്റില്‍ കൂടുതല്‍ സ്ഥലമുള്ളവര്‍ക്ക് ബയോഗ്യാസ് പദ്ധതി, പ്ലാസ്റ്റിക് പൊടിച്ച് ടാറില്‍ ചേര്‍ക്കല്‍, പ്ലാസ്റ്റിക്കിന് ബദലായി തുണിസഞ്ചി വിതരണം, റീസൈക്ലിങ്ങ് നടത്തി ഉപോല്പന്നനിര്മ്മാണം എന്നിങ്ങനെ നീളുന്നു വാഗ്ദാനങ്ങള്‍.
ഗതാഗതകുരുക്ക് പരിഹാരത്തിന് ആസൂത്രിതപദ്ധതികള്‍ നടപ്പാക്കും. ഇന്നര്റിങ്ങ്റോഡ് പദ്ധതി നടപ്പാക്കല്‍, കെ.എസ്.ആര്.ടി.സി. ജംഗ്ഷനിലേയും പട്ടാളം റോഡിലേയും കുപ്പിക്കഴുത്ത് പ്രശ്നപരിഹാരം, പൂത്തോള്‍, എം.ജി.റോഡ് മേല്പാലങ്ങള് വീതികൂട്ടല്‍, എം.ജി.റോഡ് വീതികൂട്ടല്‍, കണ്ണംകുളങ്ങര-ചിയ്യാരം നാലുവരിപാത യാഥാര്‍ത്ഥ്യമാക്കല്‍, സ്വരാജ് റൗണ്ടിന് സമാന്തരമായുള്ള ചെറുറോഡുകളുടെ വികസനം, വിവിധ പാലങ്ങള്‍ പുതുക്കിപണിയല്‍ എന്നിവ ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നു.
നഗരസഭയ്ക്ക് ഒരു നിയന്ത്രണവുമില്ലാത്ത ജലവിതരണം വന്നഷ്ടക്കച്ചവടമാണെന്നും ബജറ്റില്‍ പറയുമ്പോള്‍ ഇത്രയും നാള് അതിന് വേണ്ടി യതൊന്നും ചെയ്യാതെയാണ് ഇപ്പോള്‍ ഇരട്ടജലവിതരണസമ്പ്രദായം അവസാനിപ്പിക്കണമെന്നും ശുദ്ധജലവിതരണപദ്ധതി പൂര്‍ണമായും കോര്പ്പ റേഷന്റെ നിയന്ത്രണത്തിലാക്കുമെന്നും പറയുന്നത്. 42 കോടി ചെലവാക്കി പീച്ചിയില്‍നിന്നുള്ള പൈപ്പ് മാറ്റിയെങ്കിലും പൈപ്പിന്റെ വ്യാസം കൂട്ടാത്തതിനാല്‍ വെള്ളം കൂടുന്നില്ലയെന്ന കുറ്റസമ്മതവും സുബിനടത്തി.
മാര്‍ക്കറ്റുകള്‍ നവീകരിക്കുമെന്നും ജംഗ്ഷനുകള്‍ നാറ്റ്പാക് സഹകരണത്തോടെ നവീകരിക്കുമെന്നും ഫ്ലൈ ഓവറുകള്‍ക്ക് സാധ്യത പരിശോധിക്കാന്‍ നാറ്റ്പാക്കിനെ ഏല്പിക്കുമെന്നും വികസനപദ്ധതികള്‍ നടപ്പാക്കാന്‍ പൊതുമേഖലാ ഏജന്‍സിയെ ചുമതലപ്പെടുത്തുമെന്നും ബജറ്റില്‍ പറയുന്നു.
തേക്കിന്‍കാടിനും പദ്ധതി തയ്യാറാക്കും. വേനലില്‍ തേക്കിന്‍കാട് നനച്ച് പച്ചപ്പ് നിലനിര്‍ത്തും. പാര്‍ക്കുകള്‍ നവീകരിക്കുമെന്നും ഡിവിഷനിലൊരു പാര്‍ക്ക്, ഡിവിഷനിലൊരു കളിസ്ഥലം എന്നീ പദ്ധതികള്‍ നടപ്പാക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.
നഗരസഭയ്ക്ക് പുതിയ ആസ്ഥാനമന്ദിരവും നിര്‍മ്മിക്കും. അഞ്ചുവര്‍ഷത്തിനകം നഗരത്തെ ഭവനരഹിതരില്ലാത്ത നഗരമാക്കുമെന്നും ഐ.എച്ച്.എസ്.ഡി.പി. പദ്ധതിയില്‍ 240ഉം രാജീവ് ആവാസ് യോജനയില്‍ 500 വീടുകളും പണിതുനല്‍കുമെന്നും റെയില്വേചേരിയില്നിന്നും മാറ്റാമ്പുറത്ത് പുനരധിവസിപ്പിക്കപ്പെട്ടവരുടെ ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
പുലിക്കളിക്ക് സഹായം വര്‍ദ്ധിപ്പിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഇതിനിടയില്‍ ശക്തന് സ്ക്വയറിനായി ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്നത് അഞ്ച് ലക്ഷം രൂപ മാത്രമാണ്. ഇതിന് ഫണ്ട് കൂടുതല്‍ അനുവദിക്കണമെന്ന് തൃശൂരിന്റെ പൈതൃകം സംരക്ഷിക്കണമെന്നും ബിജെപി കൗണ്‍സിലര്‍മാരായ ഗിരിജ രാജനും, വിനോദ് പൊള്ളാഞ്ചേരിയും ബജറ്റ് ചര്‍ച്ചക്കിടെ ആവശ്യപ്പെട്ടു. മേയര്‍ ഐ.പി.പോള്‍ ആമുഖപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: