പത്തനംതിട്ട: മാറാട് കൂട്ടക്കൊല കേസില്‍ സി.ബി.ഐ അന്വേഷണം നടത്താത്തതെന്തെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. പുല്ലാട് ശിവപാര്‍വ്വതി ബാലികാസദനത്തിലെ പുതിയ മന്ദിര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കേരള നിയമസഭ ഒന്നടങ്കം സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുപോലെ മാറാട് കൂട്ടക്കൊലയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി തോമസ് പി.ജോസഫ് കമ്മീഷനും സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശചെയ്തിരുന്നു. ഇതൊക്കെയുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിന് മടിക്കുന്നതെന്നും, ആരാണ് അന്വേഷണത്തെ അട്ടിമറിക്കുന്നതെന്നും വ്യക്തമാക്കണം.
മാറാട് കൂട്ടക്കൊലയ്ക്കുവേണ്ടി നടത്തിയ ഗൂഢാലോചന, ഇതിനായുള്ള ആയുധ ശേഖരണം, ധന സ്രോതസ്സ്, തീവ്രവാദം, സംസ്ഥാനാന്തര ബന്ധം, ഇവയെക്കുറിച്ചെല്ലാം സി.ബി.ഐ അന്വേഷണം വേണമെന്ന് അക്രമത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ കോടതിയില്‍ ഹര്‍ജിനല്‍കുകയും കോടതി അനുകൂലമായ വിധി പ്രസ്താവിക്കുകയും ചെയ്തതാണ്. സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെയായി കേന്ദ്രസര്‍ക്കാര്‍~ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹിന്ദു സംഘടനകളിപ്പോഴും ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഒരട്ടിമറിയുടേയും കാര്യമില്ല. സി.ബി.ഐ അന്വേഷണം നടത്താത്തതെന്താണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കേന്ദ്ര മന്ത്രി ഇ.അഹമ്മദും വ്യക്തമാക്കണം. 150 പ്രതികളുള്ള കേസില്‍ വിരലിലെണ്ണാവുന്നവരെ മാത്രമാണ് ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ജുഡീഷ്യല്‍ കമ്മീഷനെപ്പോലും അത്ഭുതം കൊള്ളിച്ചു. ഗൂഢാലോചന നടത്തിയവര്‍ പ്രമുഖരാണ്. അവരാണ് സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.ജുഡീഷ്യല്‍ കമ്മീഷന് നിശിതമായ വിമര്ശനത്തിന്പാത്രമായ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി മഹേഷ് കുമാര്‍ സിംഗ്ലയ്ക്ക് വിശിഷ്ട സേവാമെഡല്‍ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശചെയ്തത് ഈ രാജ്യത്തെ ഹൈന്ദവ ജനതയോട് കാണിക്കുന്ന അവഹേളനമാണ്.
സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ഒരു നീക്കവും നടത്തിയിട്ടില്ല. മറിച്ചുള്ള പ്രചാരവേലകള്‍ ഹിന്ദുസമൂഹത്തില്‍ അസ്വസ്ഥതകള്‍ വളര്‍ത്താനുള്ള ആസൂത്രിത ശ്രമമാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: