തൃശൂര്‍ : ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഒറീസ സ്വദേശി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരാണ് ഇത് സംബന്ധിച്ച് ആദ്യം തന്നെ സൂചന നല്‍കിയിരുന്നുവെങ്കിലും, ഇന്നലെ ഗൈനക്കോളജി വിഭാഗം നടത്തിയ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമാണ് പാമ്പൂരില്‍ റെയില്‍വേ ട്രാക്കില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നത്. പുതുക്കാട് കുടുംബത്തോടൊപ്പം താമസിക്കുന്ന പതിനാല് വയസുള്ള നന്ദിനിയെന്ന പെണ്‍കുട്ടിയാണ് അനുജത്തി പ്രമോദിനിയെയും കൂട്ടി തിങ്കളാഴ്ച ഉച്ചയ്ക്ക് വീടുവിട്ടിറങ്ങി ട്രെയിന്‍ കയറി പോയത്. ഷൊര്‍ണൂരിലെത്തിയ ശേഷം വീണ്ടും കോര്‍ബ-തിരുവനന്തപുരം എക്സ്പ്രസില്‍ വരുന്നതിനിടെയാണ് ചെമ്പിശേരി മേല്‍പ്പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ നന്ദിനി വീണതെന്നാണ് സംശയം. പുതുക്കാട് പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയോടൊപ്പമുണ്ടായിരുന്ന അനുജത്തിയെ എറണാകുളത്ത് നിന്നും കണ്ടെത്തിയിരുന്നു. മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിയുടെ സ്ഥിതി ഗുരുതരമാണ്. തലയ്ക്ക് പരിക്കേറ്റിട്ടിട്ടുണ്ട്. ഗുഹ്യഭാഗങ്ങളില്‍ മുറിവും, രക്തവും കണ്ടെത്തുകയും, കന്യാചര്‍മ്മം പൊട്ടിയതായും വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു.
സംഭവത്തില്‍ ഒറീസ സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി പറയുന്നുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ വീട്ടില്‍ മിക്കപ്പോഴും എത്തുന്ന ഈ യുവാവിന് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നാണ് പറയുന്നതെന്ന് പുതുക്കാട് എസ്ഐ ശിവശങ്കരന് പറഞ്ഞു. ഒറിയ ഭാഷ അറിയുന്നവര്‍ കുറവായതിനാല്‍ വിശദമായി ചോദ്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരെ ചോദ്യം ചെയ്യുമ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതത്രേ. 14,000 രൂപയുമായാണ് സഹോദരിയെ കൂട്ടി പെണ്‍കുട്ടി നാടുവിടാനൊരുങ്ങിയതെന്ന് പറയുന്നു. ഈ പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ചികിത്സയില്‍ കഴിയുന്ന നന്ദിനിക്ക് ബോധം വീണ്ടുകിട്ടിയിട്ടുണ്ടെങ്കിലും സംസാര ശേഷി ലഭിച്ചിട്ടില്ല. ഇതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇതിനിടെ നന്ദിനിയെ ‘ബഡാഭായി’ തള്ളിയിട്ടതാണെന്നാണ് സഹോദരി പറയുന്നത്. ഇവരുടെ കൈയിലുണ്ടായിരുന്ന പണം തട്ടിയതിനുശേഷം പെണ്‍കുട്ടിയെ തട്ടിയിട്ടതാണോ, കാല്‍വഴുതി വീണതാണോയെന്നും അന്വേഷണം നടക്കുന്നുണ്ട്. ഇവരെ ആരോ ഷൊര്‍ണൂരില്‍ കൊണ്ടുപോയി മാനഭംഗപെടുത്തിയ ശേഷം തിരിച്ച് ട്രെയിനില്‍ വരുമ്പോള്‍ തള്ളിയിട്ടതാകാനും സാധ്യതയുണ്ടെന്ന് സംശയിക്കുന്നു.
പെണ്‍കുട്ടിയുമായി ആരോ സംസാരിച്ചു നില്ക്കുന്നതു കണ്ടുവെന്ന് ചിലര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. നന്ദിനിയുടെ സംസാര ശേഷി വീണ്ടുകിട്ടിയാലേ ഇതു സംബന്ധിച്ച് ദുരൂഹത മാറൂ. എറണാകുളത്തെത്തിയ സഹോദരി പ്രമോദിനിയെ ഇന്നലെ രാത്രി ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ഈ കുട്ടിയില്‍ നിന്ന് കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ കിട്ടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: