ന്യൂദല്‍ഹി: നിരാഹാരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ കീഴടങ്ങുകയാണെന്ന വ്യക്തമായ സൂചന നല്കി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഗാന്ധിയന്‍ അണ്ണാ ഹസാരെക്ക് കത്തെഴുതി. നിരാഹാരം അവസാനിപ്പിക്കണമെന്ന് കത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അണ്ണാ ഹസാരെയുടെ സംഘവുമായി ചര്‍ച്ച നടത്താന്‍ ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സര്‍ക്കാരിന്റെ ഈ തീരുമാനം പ്രഖ്യാപിച്ച ഹസാരെയുടെ സഹായി അരവിന്ദ് കേജ്രിവാള് മുഖര്‍ജിയുമായി ആര് ചര്‍ച്ച നടത്തുമെന്ന് ഹസാരെ തീരുമാനിക്കുമെന്ന് പറഞ്ഞു.
ഇതിനിടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അണ്ണാ ഹസാരെക്ക് സമരപന്തലില്തന്നെ ഡ്രിപ് നല്‍കുകയാണ്. ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഹസാരെ നിരസിച്ചതിനെത്തുടര്ന്നാണിത്. ആഗസ്റ്റ് മുപ്പതിനകം സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ പാസാക്കാത്തപക്ഷം പാര്‍ലമെന്റംഗങ്ങളുടെ വസതികള്‍ക്ക് മുമ്പില്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തേണ്ടിവരുമെന്ന് അണ്ണാ ഹസാരെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ദല്‍ഹി രാംലീലാ മൈതാനിയില്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ച് നാല്പത് മണിക്കൂര്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ അനുയായികള്‍ക്കായി നല്കിയ സന്ദേശത്തിലാണ് ഹസാരെ ഇക്കാര്യം വ്യക്തമാക്കിയത്. ശക്തമായ ലോക്പാല്‍ ബില്‍ നടപ്പില്‍വരുത്തുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളി തുടരുകയാണെന്നും വരുംദിവസങ്ങളില്‍ സത്യഗ്രഹം കൂടുതല്‍ രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. എംപിമാരുടെ വസതികള്‍ക്ക് മുമ്പില്‍ ഇപ്പോള്‍ കഷ്ടിച്ച് നാല്പതോളം പേര് മാത്രമേ ധര്‍ണ നടത്തുന്നുള്ളൂ. എന്നാല്‍ ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ വരുന്ന മുപ്പതിനകം സമവായം ഉണ്ടാകാത്തപക്ഷം ആയിരക്കണക്കിന് പ്രക്ഷോഭകള്‍ ഇവരോടൊപ്പം ചേരും, ഹസാരെ അനുയായികളെ അറിയിച്ചു. ഇതോടൊപ്പം പൊതുസമൂഹത്തോട് യാതൊരുവിധമായ പ്രതിബദ്ധതയുമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും ഭരണം ഇത്തരക്കാരുടെ കൈകളില്‍ എത്തിപ്പെട്ടത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമതിക്കെതിരായ ഹസാരെയുടെ സത്യഗ്രഹ സമരം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്നതിനാല്‍ ആയിരക്കണക്കിനാളുകളാണ് അദ്ദേഹത്തിന് പിന്തുണയുമായി രാംലീലാ മൈതാനിയിലെത്തിയത്. ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ കഴിഞ്ഞ നാലുമാസമായി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കുപോക്കുകള്‍ ഹസാരെ അനുസ്മരിച്ചു. ലോക്പാല്‍ ബില്ലിന്റെ കരടുരൂപം രൂപീകരിക്കാനായി സംയുക്ത കമ്മറ്റി രൂപീകരിച്ചത് മുതല്‍ സര്‍ക്കാര്‍ നിഷേധാത്മക നിലപാടുകള്‍ തുടരുകയാണെന്നും ജനദ്രോഹപരമായ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാക്കളാണ് കേന്ദ്രത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്പാല്‍ ബില്ലിനെക്കുറിച്ച് തങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും എന്നാല്‍ ഇക്കാര്യത്തിനായി കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഒരാളുമായി മാത്രമേ ചര്‍ച്ച നടത്താനാകൂ എന്നും ഹസാരെ സംഘത്തിലെ അരവിന്ദ് കേജ്രിവാള് അറിയിച്ചു.
ഇതോടൊപ്പം ഹസാരെ സംഘത്തെ അനുനയിപ്പിക്കാനായി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും നീക്കം ആരംഭിച്ചതായും സൂചനയുണ്ട്. അരവിന്ദ് കേജ്രിവാളും കേന്ദ്ര നിയമമന്ത്രി സല്മാന് ഖുര്‍ഷിദും കോണ്‍ഗ്രസ് എംപിയായ സന്ദീപ് ദീക്ഷിതിന്റെ വസതിയില്‍ ചര്‍ച്ച നടത്തി. എന്നാല്‍ ഇത് കേവലമൊരു കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നും സര്‍ക്കാര്‍ നിയമിക്കുന്ന മധ്യസ്ഥന്റെ സാന്നിധ്യത്തില്‍ മാത്രമേ ചര്‍ച്ച നടത്താനാകൂ എന്നുമാണ് ഹസാരെ സംഘത്തിന്റെ നിലപാട്. ഇതിനിടെ സത്യഗ്രഹം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് വൈകിട്ട് 3.30 നാണ് യോഗം ചേരുന്നത്.
ലോക്പാല്‍ ബില്ലിനെക്കുറിച്ച് സംവാദം വേണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് ദല്‍ഹിയില്‍ മടങ്ങിയെത്തിയ അദ്ദേഹം മുതിര്‍ന്ന മന്ത്രിമാരുമായി തിരക്കിട്ട് ചര്‍ച്ച നടത്തിയാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: