ന്യൂദല്‍ഹി: രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടാക്കിയ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയെക്കുറിച്ചുള്ള കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി (പിഎസി) ഇൗയാഴ്ച പരിഗണിക്കും. വെള്ളിയാഴ്ച ചേരുന്ന പിഎസി സമ്മേളനത്തിലാണ് സിഎജി റിപ്പോര്‍ട്ട് പരിഗണിക്കുന്നത്.
ഇതോടൊപ്പം ഇതേ റിപ്പോര്‍ട്ട് കമ്മറ്റി പിന്നീട് സൂക്ഷ്മ പരിശോധനയ്ക്ക് വിശദമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് സൂചന. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനുള്ള പങ്കിനെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ പിഎസി ഇടപെടുന്നത് കേന്ദ്രത്തിന് തിരിച്ചടിയായിരിക്കുകയാണ്. ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തിലും രാജിവെക്കാന്‍ തയ്യാറാകാത്ത ഷീലാ ദീക്ഷിത്തിനെതിരായ കൂടുതല്‍ തെളിവുകള്‍ മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ പിഎസി പുറത്തുകൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗെയിംസ് സംഘാടകസമിതി അധ്യക്ഷനായി സുരേഷ് കല്‍മാഡിയെ നിയമിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇതേ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് കല്‍മാഡി ഇപ്പോള്‍.
ഇതോടൊപ്പം 2ജി അഴിമതി സംബന്ധിച്ച പിഎസിയുടെ കരട് റിപ്പോര്‍ട്ട് വിതരണം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചെയര്‍മാനുമായി ചര്‍ച്ച നടത്തുമെന്ന് പിഎസിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിക്കും മറ്റ് സമുന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരായ രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കരട് റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ജാഗരൂകരാണ് കോണ്‍ഗ്രസ് നേതൃത്വം. ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടുംകൂടി കോണ്‍ഗ്രസ് അംഗങ്ങള്‍ നിരാകരിച്ച കരട് റിപ്പോര്‍ട്ടിന്റെ കോപ്പികളാണ്, മുരളി മനോഹര്‍ ജോഷി വിതരണം ചെയ്യാനൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: