Categories: Ernakulam

മയക്കുമരുന്നു കേസ്സിലെ പിടികിട്ടാപ്പുള്ളിയെ ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്തു

Published by

കൊച്ചി: മയക്കുമരുന്നു കേസില്‍ ജ്യാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ 16 വര്‍ഷത്തിനു ശേഷം എറണാകുളം ക്രൈംബ്രാഞ്ച്‌ സംഘടിത കുറ്റാന്വേഷണ വിഭാഗം അറസ്റ്റ്‌ ചെയ്തു.

മുംബൈ അന്ധേരി ഈസ്റ്റിലുള്ള സോണാര്‍ എന്നു വിളിക്കുന്ന മോഹന്‍സിംഗി(35)നെയാണ്‌ എറണാകുളം ക്രൈബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്തത്‌.

1993 നവം 18 നാണ്‌ കേസിനാസ്പദമായ സംഭവം. പാലാ പോലീസിനു ലഭിച്ച വിവരത്തെ തുടര്‍ന്ന്‌ മുംബൈ നിവാസികളായ അഞ്ചുപേരെ 365 ഗ്രാം ചരസും 192 ഗ്രാം ബ്രൗണ്‍ ഷുഗറുമായി പാലാ ടൗണിലുള്ള ” പടിഞ്ഞാറെക്കര ടൂറിസ്റ്റ്‌ ഹോമില്‍” വച്ച്‌ അറസ്റ്റ്‌ ചെയ്യുകയുണ്ടായി.

1994-ല്‍ ക്രൈബ്രാഞ്ച്‌ ഈ കേസിന്റെ അന്വേഷണം എറ്റെടുക്കുകയും മുഖ്യപ്രതി പാലക്കാട്‌ ജില്ലയിലുള്ള ബഷീറിനെ നേരത്തെ ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്യുകയുണ്ടായി. തുടര്‍ന്ന്‌ 2002ല്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരെ ബന്ധപ്പെട്ട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ പ്രതി മോഹന്‍സിംഗ്‌ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.

പ്രതി മോഹന്‍സിംഗ്‌ ഒളിവില്‍ ആയതിനാല്‍ കോടതി പ്രതികള്‍ക്കെതിരെ പ്രഖ്യാപിത കുറ്റവാളിയായി വാറണ്ടു പുറപ്പെടുവിച്ചിരുന്നു. മോഹന്‍സിംഗ്‌ എറണാകുളത്ത്‌ എത്തിയിട്ടുള്ളതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ സൗത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ കെ.പീതാംബരന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍ പി.എച്ച്‌.നാസര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതി മോഹന്‍സിംഗിനെ അറസ്റ്റു ചെയ്തത്‌.

തൊടുപുഴ അഡീഷണല്‍ സെഷന്‍സ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാന്റുചെയ്ത്‌ മുവാറ്റുപുഴ സബ്‌ ജയിലിലേയ്‌ക്ക്‌ അയച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by