ഭാരതത്തിനു വെളിയില്‍ ഉത്ഭവിച്ച മതങ്ങളുടെ പ്രചാരകര്‍, ഈ നാട്ടില്‍ കയറിയശേഷം ഇന്നാട്ടുകാരെ മൊത്തമായി തങ്ങളുടെ മതത്തില്‍ ചേര്‍ക്കുന്നതിനായി വ്യത്യസ്ത രീതികള്‍ പ്രയോഗിച്ചിട്ടുണ്ട്; പ്രയോഗിച്ചുവരികയുമാണ്. സാമം, ദാനം, ഭേദം, ദണ്ഡം എന്നീ ഭാരതീയ ചതുരുപായങ്ങളെ മാറ്റിയും മറിച്ചും ഉപയോഗിച്ച് തങ്ങളുടെ മതമാണ് ലോകത്തില്‍ വെച്ച് സര്‍വശ്രേഷ്ഠമെന്ന് സ്ഥാപിക്കുവാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം (2010) മെയ് 30 ന് പശ്ചിമകൊച്ചിയിലെ ബിഷപ്പിന്റെ വാസസ്ഥലത്തുവെച്ച്, മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന് എന്ന സംഘടന സംഘടിപ്പിച്ച, “പോര്‍ച്ചുഗീസ് ആഗമനവും ഭാരത നവോത്ഥാനവും” എന്നപേരില്‍ നടത്തിയ സെമിനാര്‍, ഇത്തരത്തിലുള്ള കുത്സിത ശ്രമമായിരുന്നു.
പോര്‍ച്ചുഗീസുകാരെ (അവര്‍ പ്രതിനിധീകരിച്ച മതാടിസ്ഥാനത്തില്‍) പുകഴ്ത്തിക്കൊണ്ടും കേരളീയരെ (ഹിന്ദുക്കളെ) ഇകഴ്ത്തിക്കൊണ്ടും നടത്തുവാനുദ്ദേശിച്ച നവോത്ഥാനകരുടെ ശ്രമത്തെ കൊച്ചി മഹാനഗരത്തില്‍ കഴിഞ്ഞ നാല് ശതകത്തില്‍പ്പരം വര്‍ഷങ്ങളായി വസിക്കുന്ന കോംഗ്കണി-കേരളീയര്‍, പത്രമാധ്യമങ്ങളിലൂടെ (ജന്മഭൂമി, മലയാള മനോരമ-മെയ് 28, 2010) എതിര്‍ത്തു. ഈ എതിര്‍പ്പ് അറിഞ്ഞ സംഘാടകര്‍, പാര്‍ലമെന്റ് അംഗം ഡോ.ചാള്‍സ് ഡയസിനെക്കൊണ്ട് ‘കോംഗ്കണി സമുദായത്തെ മതപരിവര്‍ത്തനം ചെയ്യിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ ശ്രമിച്ചിരുന്നില്ല” എന്നീ സമാശ്വാസ വാക്കുകളിലൂടെ (രാഷ്ട്രദീപിക-ജൂണ്‍ 01, 2010) അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗം ആ സെമിനാറില്‍ വായിക്കുകയുണ്ടായി.
ക്രിസ്ത്വബ്ദം 16-ാം ശതകം മുതല്‍ കഴിഞ്ഞ ശതകമദ്ധ്യംവരെ ഗോവ, ദമന്‍, ദേവ് പ്രദേശങ്ങള്‍ നിഷ്ഠുരമായി ഭരിച്ച പോര്‍ച്ചുഗീസ് ഭരണാധികാരികളും മതമിഷണറിമാരും അവരുടെ മതത്തിന്റെ പേരില്‍ നടത്തിയ നിഷ്ഠുര കൃത്യങ്ങളെക്കുറിച്ച് പ്രശസ്ത എഴുത്തുകാരന് എം.വി.കാമത്ത്, “മിഷണറി പ്രവര്‍ത്തനത്തെക്കുറിച്ച് ധവളപത്രമിറക്കണം” (കേസരി വാരിക-26.10.2008) എന്ന അദ്ദേഹത്തിന്റെ ലേഖനത്തിലൂടെ വായനക്കാര്‍ക്ക് അറിവ് നല്‍കിയിട്ടുണ്ട്.
1961 ഡിസംബറിലാണ് പോര്‍ച്ചുഗീസുകാരെ തോല്‍പ്പിച്ച് ഭാരതീയ സേന ഗോവയെ സ്വതന്ത്രമാക്കിയത്. അതിന് രണ്ടുവര്‍ഷം മുന്‍പ് (1959 ല്‍) ഗോവയിലെ സാസഷ്ടി (സാസഷ്ടി എന്നാല്‍ അറുപത്തിആറ്) എന്ന സ്ഥലത്തുണ്ടായിരുന്ന ദ്രവിച്ചു തുടങ്ങിയ കുരിശ് പള്ളിക്കാര് മാറ്റുകയും ആ സ്ഥാനത്ത് പുതിയൊരു കുരിശ് സ്ഥാപിക്കുകയും ചെയ്ത്, അതിനടുത്ത് ഒരു വിവരണവും വെച്ചു. “ഈ കുന്നില്‍ സാസഷ്ടിയില്‍ 1519 ല്‍ ആദ്യത്തെ മാസ് ചൊല്ലി” എന്നര്‍ത്ഥം വരുന്ന പോര്‍ച്ചുഗീസ് ഭാഷയിലാണ് ആ വിവരണം. എന്നാല്‍ ക്രിസ്ത്വബ്ദം 1543 ലായിരുന്നു സാസഷ്ടി പോര്‍ച്ചുഗീസുകാര്‍ക്ക് അധീനമായത്. അധീനമാകാത്ത ഒരു പ്രദേശത്ത്, 24 വര്‍ഷം മുന്‍പ് മാസ് (കുര്‍ബാന) നടത്തിയെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള കുത്സിത ബുദ്ധി ഈ നവോത്ഥാനകര്‍ക്ക് മാത്രമേ വശമുള്ളൂ എന്നതില്‍നിന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നുമാവശ്യമില്ലല്ലൊ.
പോര്‍ച്ചുഗീസുകാരെയും മിഷണറിമാരെയും അതുപോലെ നവോത്ഥാനകരെയും കുറിച്ച് ഈ ആഗസ്റ്റ് മാസത്തില്‍ വായനക്കാരുടെ മുന്പില് വിവരിക്കുവാനുള്ള മുഖ്യകാരണം, മുന്‍പ് വിവരിച്ച സെമിനാറിലെ ഉദ്ഘാടന പ്രസംഗത്തില്‍ ഡോ.ചാള്‍സ് ഡയസ് പറഞ്ഞ വാക്കുകള്‍, “പോര്‍ച്ചുഗീസുകാര്‍ വന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥ മനുസ്മൃതിയുടെ കാലഘട്ടത്തിലേക്ക് പോകുമായിരുന്നു” എന്നത് അച്ചടി മാധ്യമത്തില്‍ (മലയാള മനോരമ-31.05.2010) വന്നതിനാല്‍ മാത്രമല്ല, അതിന് പുറമെ ഈ ആഗസ്റ്റ് മാസം നാലിന് എറണാകുളത്ത് വെച്ച്, “മുസിരിസ് പൈതൃകവും പട്ടണം ഖാനനവും ഒരു അവലോകനം” എന്ന വിഷയത്തില്‍ നടന്ന സെമിനാറിലെ പ്രാസംഗികരുടെ വസ്തുനിഷ്ഠമായ പ്രഖ്യാപനവുമായിരുന്നു. ഈ പ്രാസംഗികര്‍ വെറും പ്രാസംഗികരല്ലായിരുന്നു. വര്‍ഷങ്ങളുടെ പുരാവസ്തു ഖാനന അനുഭവ സമ്പത്തിനു ഉടമകളായിരുന്നു പ്രാസംഗികരില്‍ ഭൂരിപക്ഷവും. 2007 മുതല്‍ 2011 വരെ നടന്ന പട്ടണം ഉത്ഖനനത്തെ കുറിച്ചുള്ള വിവരണം, ആ ഉത്ഖനന ഡയറക്ടര്‍ കുറേശ്ശെയായി പുറത്തുവിടുന്നത് സെന്റ് തോമസ് കേരളത്തില്‍ വന്നിരുന്നുവെന്ന ഐതിഹ്യം (മിത്ത്)ചരിത്രമാക്കി മാറ്റുവാനാണെന്നാണ്, സെമിനാറിലെ പ്രാസംഗികര്‍ വസ്തുതകള്‍ വിശകലനം ചെയ്ത് സമര്‍ത്ഥിച്ചത്.
സെമിനാറില്‍ പ്രഭാഷണം നടത്തിയ പ്രമുഖ ആര്‍ക്കിയോളജിസ്റ്റ് ആര്.നാഗസ്വാമിയുടെ വാക്കുകള്‍ ഉദ്ധരിക്കുകയാണ്, വായനക്കാരുടെ അറിവിലേക്കായി.
“സെന്റ് തോമസ് ഇന്ത്യയില്‍ വന്നതിനെ സംബന്ധിച്ച് വിശ്വസനീയമായ യാതൊരു ചരിത്ര രേഖകളുമില്ല. ഐതിഹ്യങ്ങള്‍ ചരിത്രമായി കണക്കാക്കാന്‍ കഴിയില്ല ഐതിഹ്യങ്ങള്‍ വിശ്വാസങ്ങളായും വിശ്വാസങ്ങള്‍ ചരിത്രമായി പരിണമിക്കുകയാണ്. ഇത് ശരിയല്ല. പാശ്ചാത്യ-പൗരസ്ത്യ ക്രൈസ്തവ സാഹിത്യങ്ങളിലോ, പുരാലിഖിതങ്ങളിലോ ഒന്നുംതന്നെ സെന്റ് തോമസിന്റെ ഭാരതസന്ദര്‍ശനത്തെക്കുറിച്ച് യാതൊരു സൂചനയുമില്ല. സെന്റ് തോമസ് ക്രൈസ്തവ ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വമാണ്. ഭാരതവും അറിയപ്പെട്ട ഒരു പ്രദേശമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സെന്റ് തോമസ് ഭാരത സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള രേഖകള്‍ അവശേഷിക്കേണ്ടതായിരുന്നു.”
ചരിത്രത്തെ തങ്ങള്‍ക്കനുകൂലമായി പുനര്‍നിര്‍മിക്കാന്‍ കഴിയുമെന്ന നവോത്ഥാനകരുടെ ധാര്‍ഷ്ട്യത്തെയാണ് ഡോ.നാഗസ്വാമി പിച്ചിച്ചീന്തിയിരിക്കുന്നത്.
വാ.ലക്ഷ്മണ പ്രഭു
പ്രതികരിക്കാൻ ഇവിടെ എഴുതുക: