Categories: World

ഓക്സിജനില്ലെങ്കിലും ജീവിക്കാം!

Published by

ലണ്ടന്‍: പ്രാണവായുവായ ഓക്സിജനില്ലെങ്കില്‍ ഭൂമിയില്‍ ജീവന്‌ നിലനില്‍പ്പില്ലെന്ന വാദം തെറ്റെന്ന്‌ തെളിയുന്നു. കോടാനുകോടി വര്‍ഷം പഴക്കമുള്ള ബാക്ടീരിയകളുടെ ഫോസിലുകളില്‍ നടത്തിയ പഠനമാണ്‌ ഈ വസ്തുത വെളിച്ചത്തെത്തിച്ചത്‌. പശ്ചിമ ഓസ്ട്രേലിയയിലെ മില്‍ബറയില്‍നിന്നും 2002 ല്‍ കണ്ടെത്തിയ ബാക്ടീരിയകളുടെ മൈക്രോഫോസിലുകളില്‍ നടത്തിയ പഠനത്തിലാണ്‌ ജീവന്‌ നിലനില്‍ക്കാന്‍ ഓക്സിജന്‍ അനിവാര്യമല്ലെന്ന്‌ കണ്ടെത്തിയത്‌. ഇതു സംബന്ധിച്ച ലേഖനങ്ങള്‍ നേച്ചര്‍ ജിയോസയന്‍സ്‌ ജേര്‍ണലിലാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശിലാപാളികള്‍ ഉള്‍ക്കൊള്ളുന്ന വില്‍ബറയിലെ സ്ട്രെല്ലിപൂളില്‍നിന്നും കണ്ടെടുത്ത അതിസൂക്ഷ്മങ്ങളായ ഫോസിലുകള്‍ക്ക്‌ 340 കോടി വര്‍ഷത്തോളം പഴക്കം വരുമെന്നാണ്‌ ഒാ‍ക്സ്ഫോര്‍ഡ്‌, ഓസ്ട്രേലിയന്‍ സര്‍വകലാശാലകളില്‍ ഭൗമവിദഗ്ധരുടെ നിഗമനം. ഓക്സിജന്‌ പകരം സള്‍ഫറിനെ ആശ്രയിച്ച്‌ നിലനിന്നിരുന്ന ബാക്ടീരിയകളുടെ ഫോസിലുകള്‍ ഇത്തരത്തിലുള്ള ഫോസിലുകളില്‍ ഏറ്റവും പഴക്കം ചെന്നവയാണ്‌.

ഇത്തരം ബാക്ടീരിയകള്‍ നിലനിന്നിരുന്ന സമയത്ത്‌ ഭൂമിയില്‍ സ്ഥിരം അഗ്നിപര്‍വത സ്ഫോടനങ്ങള്‍ നടന്നിരുന്നതായും അന്തരീക്ഷ താപനില അമ്പത്‌ ഡിഗ്രി സെല്‍ഷ്യസിന്‌ മുകളിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്‌. ചെടികളും ആല്‍ഗകളും ഇല്ലാതിരുന്നതിനാല്‍ പ്രകാശസംശ്ലേഷണം നടക്കുകയോ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയോ ചെയ്തിരുന്നില്ല. ഒാ‍ക്സിജന്‍ ലഭ്യമല്ലാതിരുന്നതിനാല്‍ സള്‍ഫര്‍ മൂലകത്തെ ആശ്രയിച്ചാണ്‌ അക്കാലത്ത്‌ ക്രൈം ബാക്ടീരിയകള്‍ ജീവിച്ചിരുന്നത്‌, ജിയോ സയന്‍സ്‌ ജേര്‍ണല്‍ പറയുന്നു. ജീവന്റെ നിലനില്‍പ്പിന്‌ ഒാ‍ക്സിജന്‍ ആവശ്യമില്ലെന്ന യാഥാര്‍ത്ഥ്യം കണ്ടെത്തിയതോടുകൂടി ചൊവ്വ ഉള്‍പ്പെടെയുള്ള ഗ്രഹങ്ങളിലും ജീവന്‍ നിലനില്‍ക്കുന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ്‌ ശാസ്ത്രലോകം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by