കൊച്ചി: സി.പി.എം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെയുളള ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ തെളിവെടുപ്പ് കൊച്ചിയില്‍ തുടങ്ങി. എല്ലാ പ്രമുഖ നേതാക്കളില്‍ നിന്നും കമ്മിഷന് തെളിവെടുക്കും.
ഗോപി കോട്ടമുറിക്കലിനെതിരെയുള്ള സ്വഭാവദൂഷ്യം അന്വേഷിക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റാണ് വൈക്കം വിശ്വന്റെ നേതൃത്വത്തിലുളള അന്വേഷണ കമ്മിഷനെ നിയമിച്ചത്. എം.കെ. ബാലന്. എം.സി. ജോസഫൈന് എന്നിവരാണ് കമ്മിഷനിലെ മറ്റംഗങ്ങള്‍.
മൂന്നു ദിവസം നടക്കുന്ന തെളിവെടുപ്പില്‍ ആരോപണ വിധേയനായ ഗോപി കോട്ടമുറിക്കലില്‍ നിന്നും പരാതിക്കാരനായ ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തില്‍ നിന്നും പരാതിക്കാരില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ലെനിന് സെന്ററിലെ ജീവനക്കാരില്‍ നിന്നും തെളിവെടുപ്പു നടത്തും.
തെളിവെടുപ്പിനായി ലെനിന് സെന്ററിലെത്തിയ സി.പി.എം നേതാവ് സി.എം ദിനേശ് മണി മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചു. ആരോപണങ്ങളെ തുടര്‍ന്ന് ഗോപി കോട്ടമുറിക്കലിനെ ജില്ലാ സെക്രട്ടേറിയറ്റ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഗോപി കോട്ടമുറിക്കലിനെതിരെ നടപടി സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: