ന്യൂദല്‍ഹി: ജന്‍ലോക്പാല്‍ ബില്ല് ഈ മാസം 30 നുള്ളില്‍ പാസാക്കണമെന്ന ആവശ്യം അണ്ണാ ഹസാരെ വീണ്ടും ഉന്നയിച്ചു. ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ മനസു കാണിച്ചില്ലെങ്കില്‍ എം.പിമാരുടെ വസതിക്ക് മുന്നില്‍ ഇതേ ആവശ്യമുന്നയിച്ച് പ്രക്ഷോഭം നടത്താനും അദ്ദേഹം അനുയായികളോട് ആവശ്യപ്പെട്ടു.
സര്‍ക്കാരിലെ ചിലരാണ് ജോയിന്റ് കമ്മിറ്റി യോഗത്തില്‍ തങ്ങളെ ചതിച്ചതെന്നും ഹസാരെ പറഞ്ഞു. സര്‍ക്കാരിലെ അഞ്ചോ ആറോ പേര് ചേര്‍ന്നാണ് രാജ്യത്തെ ഭരിക്കുന്നതെന്നും രാജ്യത്തിന് എന്തു സംഭവിച്ചാലും അവരെ ബാധിക്കുന്ന കാര്യമില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി. ഇത്തരം ആളുകള്‍ക്ക് രാജ്യത്തെ മുന്നോട്ടുകൊണ്ടു പോകേണ്ടതിനെ കുറിച്ചുള്ള സാമൂഹ്യ, ദേശീയ ബോധമില്ലെന്നും രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള അവരുടെ ധാരണയില്ലായ്മയാണ് തന്നെ ഏറെ ആശങ്കപ്പെടുത്തുന്നതെന്നും ഹസാരെ പറഞ്ഞു.
ലോക്പാല്‍ വന്നാലും ഈ രാജ്യദ്രോഹികള്‍ രാജ്യം ഭരിക്കുമെന്നും ഈ കാര്യമാണ് ഗൗരവത്തിലെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നാലുമാസമായി ഈ വിഷയം സൂക്ഷ്മമായി പഠിക്കുകയാണെന്നും സര്‍ക്കാരില്‍ തീര്‍ച്ചയായും രാജ്യദ്രോഹികളുണ്ടെന്നും അവര്‍ ചതിക്കാന്‍ ശ്രമിച്ചെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ 25,30 ഓളം ആളുകള്‍ എം.പിമാരുടെ വസതിക്ക് മുന്നില്‍ ധര്‍ണ നടത്തുന്നുണ്ടെന്നും എന്നാല്‍ ഓഗസ്റ്റ് 30 നുള്ളില്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ ആയിരക്കണക്കിന് ആളുകള്‍ കൂട്ടമായി എത്തിയ എം.പിമാരെ ഘെരാവോ ചെയ്യുമെന്നും ഹസാരെ മുന്നറിയിപ്പ് നല്കി.
ഹസാരെയുടെ നിരാഹാരം സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോഗ്യം തീരെ മോശമായതിനെ തുടര്‍ന്ന് വിശ്രമിക്കണമെന്നും എന്നാല്‍ സംസാരിക്കാന്‍ പാടില്ലെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമായും അല്ലെങ്കില്‍ രാഹുല്‍ ഗാന്ധിയുമായും മാത്രമേ സംസാരിക്കൂ എന്ന് ഹസാരെ പറഞ്ഞിട്ടില്ലെന്ന് അടുത്ത അനുയായി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: