Categories: Ernakulam

സഹോദരിമാരുടെ വയലിന്‍കച്ചേരി അനുഭൂതിയായി

Published by

ആലുവ: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്‌ കടുങ്ങല്ലൂര്‍ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍ സഹോദരിമാരായ ആര്യദത്തയും പ്രിയദത്തയും ചേര്‍ന്നവതരിപ്പിച്ച വയലിന്‍കച്ചേരി സംഗീതാസ്വാദകര്‍ക്ക്‌ ഹൃദ്യമായി. കടുങ്ങല്ലൂര്‍ ബാലഗോകുലമാണ്‌ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌.

സാവേരി രാഗത്തിലുള്ള ആദിതാളവര്‍ണ്ണത്തോടെയാണ്‌ കച്ചേരി ആരംഭിച്ചത്‌. തുടര്‍ന്ന്‌ ജിഎന്‍ബിയുടെ ഗജവദതകരുണാവദന എന്ന കീര്‍ത്തനം വായിച്ചു. മാമവതുശ്രീ (ഹിന്ദോളം), രഘുവശ (കതനകുരുഹലം), കമലാപ്തകുല (വൃന്ദാവനസാരംഗ), മാധവമാമവ (നീലാംബരി), ഗോപാലക പാഹിമാം (രേവഹുപ്തി) തുടങ്ങിയ കീര്‍ത്തനങ്ങള്‍ കൂടാതെ അര്‍ധ ശാസ്ത്രിയ ഗാനങ്ങളും കച്ചേരിയില്‍ അവതരിപ്പിച്ചു. കടുങ്ങല്ലൂര്‍ രാജേഷ്‌ (മൃദംഗം), പറവൂര്‍ ഗോപകുമാര്‍ (മുഖര്‍ശംഖ്‌) എന്നിവര്‍ പക്കമേളം വായിച്ചു.

കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ സ്കോളര്‍ഷിപ്പോടെ വയലിന്‍ അഭ്യസിക്കുന്ന ആര്യദന്തയും പ്രിയദത്തയും കാക്കനാട്‌ ഭവന്‍സ്‌ ആദര്‍ശ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികളാണ്‌. തൃപ്പൂണിത്തുറ സംഗീത കോളേജിലെ പ്രൊഫ.ടി.എം.അബ്ദുല്‍ അസീസാണ്‌ ഗുരു. പത്മവിഭൂഷന്‍ ടി.എന്‍.കൃഷ്ണനില്‍നിന്നും വിദഗ്ധ പരിശീലനവും നേടുന്നു. വായ്പാട്ടില്‍ മാതംഗി സത്യമൂര്‍ത്തിയാണ്‌ ഈ കുട്ടികളുടെ ഗുരു. ആലുവ ചെമ്പകശ്ശേരി കൊരമ്പ്‌ ഇല്ലത്ത്‌ രാജീവിന്റെയും രാജിയുടെയും മക്കളാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by